HOME
DETAILS

ജലീലറിയുമോ രാഷ്ട്രീയവാണിഭം

  
backup
September 11 2021 | 19:09 PM

546354631-2


വി. അബ്ദുല്‍ മജീദ്


ഏതെങ്കിലും രാഷ്ട്രീയകക്ഷി വിട്ട് മറുചേരിയില്‍ ചേരുന്ന നേതാക്കള്‍ക്കെല്ലാം ഒരു രാഷ്ട്രീയദൗത്യമുണ്ടാകും. വിട്ടുപോരുന്ന പാര്‍ട്ടിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് മറുപക്ഷം ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്നത്. അതവര്‍ ചെയ്തുകൊണ്ടിരിക്കണം. കെ.ടി ജലീലിനെ സി.പി.എം കൂടെ കൂട്ടിയത് ഈ ലക്ഷ്യത്തോടെയാണ്. ജലീല്‍ ഊര്‍ജസ്വലതയോടെ തന്നെയാണ് മുസ്‌ലിം ലീഗിനെ നേരിടുക എന്ന തന്റെ 'ഇടതുപക്ഷ' ദൗത്യം നിര്‍വഹിച്ചുപോരുന്നത്. ഒരു ചുമതല നിര്‍വഹിക്കുമ്പോള്‍ അതു പരമാവധി നന്നായി തന്നെ ചെയ്യണമെന്ന നിര്‍ബന്ധമുള്ള ജലീല്‍ പലപ്പോഴും സി.പി.എം ഉദ്ദേശിക്കുന്ന പരിധിക്കപ്പുറവും കടക്കാറുണ്ട്. അതിന്റെ വരുംവരായ്കകളെപ്പറ്റി അധികമൊന്നും ചിന്തിക്കാതെ.
എന്നാല്‍ ജലീലിന് സ്വന്തമായി പാര്‍ട്ടിയില്ല. അദ്ദേഹം സി.പി.എമ്മില്‍ അംഗത്വമെടുത്തതായി കേട്ടിട്ടുമില്ല. സി.പി.എം നേതാക്കളേക്കാള്‍ ശക്തമായി ലീഗിനെ കന്നാക്രമിച്ചുകൊണ്ടിരിക്കുന്ന ജലീലിന് പാര്‍ട്ടി സഹയാത്രികന്‍ എന്നൊരു വിശേഷണം മാത്രമാണ് അവിടെയുള്ളത്.


അദ്ദേഹം യൂത്ത് ലീഗ് പ്രായത്തില്‍ തന്നെ ലീഗ് വിട്ടുപോന്നിട്ടുണ്ട്. മൂത്ത ലീഗിന്റെ ഉയര്‍ന്ന കമ്മിറ്റികളിലൊന്നും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനു കാണില്ല. പിന്നെ വിദ്യാര്‍ഥി പ്രായത്തില്‍ അദ്ദേഹം സിമിയിലായിരുന്നല്ലോ. തെരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്നും പങ്കെടുത്ത് പരിചയമില്ലാത്ത ആ സംഘടന അന്ന് ഇന്ത്യയെ ഇസ്‌ലാമിലൂടെ മോചിപ്പിക്കാന്‍ നടക്കുകയായിരുന്നു. ഇങ്ങനെയെല്ലാം നോക്കുമ്പോള്‍ ഒരു ഭരണവര്‍ഗ രാഷ്ട്രീയകക്ഷി എങ്ങനെയാണ് നടത്തിക്കൊണ്ടുപോകുന്നതെന്നു വ്യക്തമായി മനസിലാക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിക്കാണില്ല. അതൊന്നുമറിയാതെ ലീഗിനും അതിന്റെ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരേ പോരാടുകയെന്ന തന്റെ രാഷ്ട്രീയ അജന്‍ഡയുമായി മുന്നോട്ടുപോകുകയായിരുന്നു അദ്ദേഹം.


ജലീല്‍ മന്ത്രിയായിരിക്കെ ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തത് ലീഗുകാര്‍ നന്നായി ആഘോഷിച്ചിരുന്നു. അതോടെ ലീഗിനോടുള്ള ജലീലിന്റെ കലിപ്പ് കൂടിയത് സ്വാഭാവികം. അവരെ അതേ ഇ.ഡിയെ ഉപയോഗിച്ച് തിരിച്ചാക്രമിക്കാന്‍ അദ്ദേഹം ശ്രമിച്ചതും സ്വാഭാവികം. അങ്ങനെയാണ് മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണമുന്നയിച്ച് അദ്ദേഹം ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത്.
അതോടെ ജലീലിന്റെ പണി പാളി. ജലീലിനെതിരേ ആദ്യം ചാടിവീണത് ലീഗോ കുഞ്ഞാലിക്കുട്ടിയോ ഒന്നുമല്ല. അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മും ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ പിണറായി വിജയനുമൊക്കെയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി തള്ളിപ്പറഞ്ഞു. പിണറായി ജലീലിനെ പരസ്യമായി പരിഹസിച്ചു. പിന്നീട് വിളിച്ചുവരുത്തി താക്കീതു നല്‍കി. അതോടെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഇ.ഡിക്കു മുന്നില്‍ ഹാജരാക്കാന്‍ കരുതിവച്ച ഏഴു തെളിവുകള്‍ ജലീല്‍ മടക്കി പോക്കറ്റിലിട്ടു.
വെറുതെയൊന്നുമല്ല സി.പി.എം ജലീലിനെ ഒതുക്കാന്‍ വടിയെടുത്തത്. കുഞ്ഞാലിക്കുട്ടി വിരോധത്തില്‍ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലേക്ക് ഇ.ഡിയെ വിളിച്ചുകൊണ്ടുവന്നാല്‍ അവരുടെ പരിശോധന അവിടെ നിന്നുകൊള്ളണമെന്നില്ല. സഹകരണ മേഖലയിലേക്കു മൊത്തം അവരുടെ പരിശോധന വ്യാപിച്ചേക്കും. അതോടെ കുടുങ്ങുന്നത് കേരളത്തിലെ സകലമാന ഭരണവര്‍ഗ രാഷ്ട്രീയകക്ഷികളുമായിരിക്കും.


കേരളത്തിലെ രാഷ്ട്രീയകക്ഷികളുടെ ആണിക്കല്ലുകളില്‍ പ്രധാനമാണ് ബാങ്കുകളടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍. ഭരണമുള്ള സ്ഥാപനങ്ങളില്‍ കുറെ പാര്‍ട്ടിക്കാര്‍ക്ക് ജോലികൊടുത്ത് അവരെ കൂടെ നിര്‍ത്തിയും അവിടങ്ങളില്‍ ചില തിരിമറികള്‍ നടത്തി പാര്‍ട്ടിക്കാരെ തീറ്റിപ്പോറ്റാനുള്ള വഴി കണ്ടെത്തിയുമൊക്കെയാണ് പാര്‍ട്ടികള്‍ മുന്നോട്ടുപോകുന്നത്. ഒരു പാര്‍ട്ടി നടത്തിക്കൊണ്ടുപോകല്‍ ഏറെ പണച്ചെലവുള്ള കാര്യമാണ്. അതിന് ഇങ്ങനെ പല വഴികള്‍ വേണ്ടിവരും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ ഏതാണ്ട് 65 ശതമാനം സി.പി.എം നിയന്ത്രണത്തിലാണ്. കോണ്‍ഗ്രസ് മുതല്‍ സി.എം.പി വരെയുള്ള ചെറുതും വലുതുമായ മറ്റെല്ലാ പാര്‍ട്ടികളുടെയും നിയന്ത്രണത്തിലും സഹകരണ സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ നോട്ടമിട്ടിരിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇവിടെ കൊണ്ടുവന്ന് അവര്‍ അവിടങ്ങളില്‍ കയറിനിരങ്ങാന്‍ തുടങ്ങിയാല്‍ ആദ്യം കുടുങ്ങുന്നത് സി.പി.എമ്മായിരിക്കും. പിറകെ മറ്റുള്ള രാഷ്ട്രീയകക്ഷികളും.
അതുമാത്രമല്ല കാര്യം. ജലീല്‍ രാഷ്ട്രീയം പഠിച്ചുതുടങ്ങിയ കളരിയെപ്പോലെ ആരോടെങ്കിലും സ്ഥിരശത്രുത കൊണ്ടുനടക്കുന്നവരല്ല നാട്ടിലെ രാഷ്ട്രീയകക്ഷികള്‍. അധികാരരാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ ശത്രുക്കളായി പ്രത്യക്ഷപ്പെടുന്ന അവയുടെ നേതാക്കളെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ നല്ല സുഹൃത്തുക്കളാണ്. അതുപിന്നെ ഒരേ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ അങ്ങനെയായിരിക്കും. സമാന ഉത്പന്നങ്ങളുമായി കമ്പോളത്തില്‍ മത്സരിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ പരസ്പരം സുഹൃത്തുക്കളായിരിക്കുന്നതുപോലെ. നേതാക്കള്‍ അധികാരത്തിനു വേണ്ടി മത്സരിക്കുമെങ്കിലും വരുമാനമാര്‍ഗങ്ങള്‍ മുടക്കുന്ന ഒന്നും അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചെയ്യില്ല. മാത്രമല്ല അടിയന്തര ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുകയും ചെയ്യും. കുറേക്കാലം എം.എല്‍.എയും മന്ത്രിയുമൊക്കെയായിട്ടും ജലീല്‍ കേരളത്തിലെ അധികാരരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിച്ചുതീര്‍ന്നിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കണം ഇവിടുത്തെ രാഷ്ട്രീയവാണിഭങ്ങള്‍ അദ്ദേഹത്തിനു തിരിയാതെപോകുന്നത്.

കേരള പ്രദേശ് കേഡര്‍ കോണ്‍ഗ്രസ്


കുറച്ചുദിവസമായി കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ക്ക് പതിവില്‍നിന്ന് വ്യത്യസ്തമായ ചില കൗതുകങ്ങളുണ്ട്. ഭാരവാഹി അഴിച്ചുപണി വേളകളില്‍ ഉണ്ടാകുന്ന കോലാഹലങ്ങള്‍ പതിവുപോലെയുണ്ടായി. അതുപിന്നെ കോണ്‍ഗ്രസല്ലേ എന്ന ചിന്തയില്‍ നാട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. സാധാരണഗതിയില്‍ അതു കുറേക്കാലം നീണ്ടുനില്‍ക്കാറുണ്ടെങ്കിലും ഇത്തവണ അതിവേഗം കെട്ടടങ്ങി. അതിനിടയില്‍ കോണ്‍ഗ്രസിന്റെ ശനിദശയ്ക്ക് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍ദേശിച്ച ചില പരിഹാരക്രിയകളുടെ മാര്‍ഗരേഖാ പ്രഖ്യാപനവും വലിയ പൊട്ടലും ചീറ്റലുമില്ലാതെ നടന്നു.


ഇനി ആ പരിഹാരക്രിയകള്‍ എങ്ങനെ ഫലിക്കുന്നു എന്നാണ് അറിയാനുള്ളത്. കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കുമെന്നൊക്കെ സുധാകരന്‍ വലിയ ആത്മവിശ്വാസത്തോടെ പറയുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്നാണ് ചരിത്രം പറയുന്നത്.
ഇങ്ങോട്ടു വിളിച്ചാല്‍ അങ്ങോട്ടു പോകുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളിലധികവും. അവരൊക്കെ അച്ചടക്കമുള്ള കേഡര്‍മാരായി മാറിയാല്‍ അതൊരു മഹാത്ഭുതമായിരിക്കും. ഗ്രൂപ്പ് യോഗം ചേരുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന പ്രഖ്യാപനം നടന്നുകിട്ടിയാല്‍ അതു മറ്റൊരു മഹാത്ഭുതമാകുമെന്ന കാര്യത്തിലും രണ്ടില്ല പക്ഷം.


അതുപോലെ പാര്‍ട്ടി പരിപാടികളുണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ നേതാക്കളെ വളഞ്ഞുവച്ച് ഫോട്ടോയെടുക്കാന്‍ ബഹളംകൂട്ടുന്നതും ഛോട്ടാ നേതാക്കളടക്കം സ്‌റ്റേജില്‍ ഇടിച്ചുകയറി സ്റ്റേജ് പൊളിഞ്ഞുവീഴുന്നതും ഒഴിവാക്കുമെന്നും പറയുന്നുണ്ട്. എന്തൊക്കെയായാലും നാട്ടുകാര്‍ക്ക് കണ്ടുചിരിക്കാന്‍ വകനല്‍കുന്ന കാഴ്ചകളായിരുന്നു അതൊക്കെ. അതില്ലാതാകുന്നത് നാടിന് വലിയൊരു നഷ്ടമായിരിക്കും. ഇതൊക്കെ നടക്കുമായിരിക്കും. ലോകത്ത് വല്ലപ്പോഴുമൊക്കെ മഹാത്ഭുതങ്ങളും സംഭവിക്കാറുണ്ടല്ലോ.
നടന്നുകിട്ടിയാല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന് ഉറപ്പുള്ളൊരു കാര്യവും ഇക്കൂട്ടത്തിലുണ്ട്. 2,500 കേഡര്‍മാരെ മുഴുവന്‍സമയ പ്രവര്‍ത്തകരായി നിയമിക്കാനുള്ള തീരുമാനം. കോണ്‍ഗ്രസിന് ഏറെ വൈകിവന്നൊരു ബുദ്ധിയാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നേരത്തെ തന്നെ ഈ രീതിയുണ്ട്.


ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനത്തില്‍ നിരവധി മുഴുവന്‍സമയ പ്രവര്‍ത്തകര്‍ ധാരാളമുള്ള സി.പി.എമ്മിന്റെ സംഘടനാബലത്തിന്റെ രഹസ്യവും അതുതന്നെയാണ്. കോണ്‍ഗ്രസില്‍ വലിയ നേതാക്കള്‍ക്ക് പാര്‍ട്ടി പ്രതിഫലം നല്‍കുന്നു എന്നല്ലാതെ രണ്ടാംനിര നേതാക്കള്‍ മുതല്‍ താഴേക്കുള്ളവര്‍ക്ക് ഒന്നും കൊടുക്കുന്നില്ല. അവരത് ഏതെങ്കിലുമൊക്കെ വഴികളിലൂടെ സംഘടിപ്പിക്കുകയാണ് പതിവ്.
ഗാന്ധിജിക്കു പിന്നില്‍ നിസ്വരും നിസ്വാര്‍ത്ഥരുമായ ആളുകള്‍ അണിനിരന്ന സ്വാതന്ത്ര്യസമര കാലമൊന്നുമല്ല ഇത്. രാഷ്ട്രീയം ഒരു തൊഴിലായി മാറിയ ഇക്കാലത്ത് പ്രതിഫലമില്ലാതെ ആ പണി ചെയ്യാന്‍ അധികമാളുകളെ കിട്ടുകയില്ല. അതിനു കൂലി കൊടുക്കുക തന്നെ വേണം. മുഴുവന്‍സമയം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരുള്ള പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ ആളുകളുണ്ടാകുമെന്നുറപ്പാണ്. അല്ലാതെ ഇപ്പോള്‍ നയവും പരിപാടിയുമൊന്നും നോക്കിയല്ലല്ലോ ആളുകള്‍ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  21 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago