സിക്ക വൈറസ്: ജാഗ്രത പാലിക്കണം, രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി
സിക്ക വൈറസ്: ജാഗ്രത പാലിക്കണം
സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗമുള്ള പ്രദേശത്തെ ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗര്‍ഭിണികള്‍ക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങള്‍ വന്നിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യണം. പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കും.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്കയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഫോഗിംഗും ശക്തമാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കണ്ണൂര്‍ ജില്ലയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന് അകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
നിലവില്‍ 8 സിക്ക കേസുകളാണ് തലശേരിയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും ഉള്‍പ്പെടെ നിരന്തരം സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബോധവത്ക്കരണം ശക്തമാക്കുന്നതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."