പ്രകാശം നിറഞ്ഞ അക്ഷരങ്ങള്‍
നജീബ് കാഞ്ഞിരോട്
പ്രകാശ് മാഷ് ഇടക്ക് വിളിക്കും. കൂടുതല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്നറിയുന്നത് കൊണ്ടായിരിക്കാം അധികം സംസാരിക്കാതെ ഫോണ്‍ വയ്ക്കും. എങ്കിലും ആദ്യം കണ്ടതിനേക്കാള്‍ എത്രയോ ഭേദമായ രീതിയില്‍ സംസാരിക്കുന്നുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സന്തോഷം.
എഴുത്തിന്റെ ലോകത്ത് വ്യതിരിക്തമായ വഴിയിലൂടെ സഞ്ചരിച്ച്, സാഹിത്യ ലോകത്തിനു തന്റേതായ രീതിയില്‍ വെളിച്ചം നല്കിയ ടി.എന്‍ പ്രകാശ് എന്ന എഴുത്തുകാരന് കണ്ണൂര്‍ ജില്ലയിലുള്ള വലിയന്നൂരിലെ ‘തീര്‍ത്ഥ’ത്തില്‍ ആരോഗ്യപരമായ കാരണത്താല്‍ നീണ്ട വിശ്രമത്തിലാണ്.
ടി.എന്‍ പ്രകാശ് മാഷിന്റെ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ നേരില്‍ കാണാന്‍ മോഹം. അങ്ങനെയാണ് കാഞ്ഞിരോട് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വലിയന്നൂരിലെ തീര്‍ത്ഥം എന്ന വീട്ടിലേക്ക് മഴ പെയ്തൊഴിഞ്ഞ സായാഹ്നത്തില്‍, നാട്ടുകാര്‍ സ്നേഹത്തോടെ 'മാഷേ' ന്ന് വിളിക്കുന്ന ടി.എന്‍ പ്രകാശ് എന്ന എഴുത്തുകാരനെ അന്വേഷിച്ചുപോകുന്നത്. പക്ഷാഘാതം പിടിപെട്ടു ചികിത്സയിലായിരിക്കുമ്പോഴും അൽപം ബുദ്ധിമുട്ടിയാണെങ്കിലും വിശേഷങ്ങള്‍ ചോദിച്ചു. ആദ്യപുസ്തകം സമ്മാനിച്ചു താല്‍ക്കാലികമായി വിടപറയുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍. പിന്നീടങ്ങോട്ട് പ്രകാശ് മാഷുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയും പുതിയ പുസ്തകം ഇറങ്ങുമ്പോഴെല്ലാം ഒരു കോപ്പി നേരിട്ടു പോയി കൊടുക്കുകയും ഇത്തിരി നേരം സാഹിത്യ വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്യും. പുസ്തകം കിട്ടിയാല്‍ അന്ന് രാത്രി തന്നെ മുഴുവനും വായിച്ചു പിറ്റേന്ന് രാവിലെ വിളിക്കും. അവസാനം കണ്ടപ്പോള്‍ മാഷ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും എഴുത്തിന്റെ ലോകത്തിലേക്ക് അധികം താമസിയാതെ തിരിച്ചുവരുമെന്നും കേട്ടപ്പോള്‍ അനിര്‍വ്വചനീയമായ ആനന്ദം.
1980 മുതല്‍ മുപ്പതു വര്‍ഷത്തോളം മലയാള സാഹിത്യലോകത്ത് തന്റെ തൂലിക കൊണ്ട് ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച എഴുത്തുകാരനാണ് ടി.എന്‍ പ്രകാശ്. കഥാസമാഹാരങ്ങളും നോവലുകളുമടക്കം നാല്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് അദ്ദേഹം. എഴുത്തിന്റെ വഴിയില്‍ ഇത്രയും നീണ്ട ഇടവേള രോഗത്തിന്റെ രൂപത്തില്‍ അപ്രതീക്ഷിതമായി വന്നു കയറിയപ്പോള്‍ മലയാള സാഹിത്യ ലോകത്തിനു താല്‍ക്കാലികമായെങ്കിലും നഷ്ടമായത് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറക്കേണ്ടിയിരുന്ന കാലം ആവശ്യപ്പെടുന്ന സൃഷ്ടികളായിരുന്നു. ശേഷം മലയാള സാഹിത്യ ലോകം അദ്ദേഹത്തെ വിസ്മൃതിയില്‍ തള്ളിയോ എന്ന വേദനക്കിടയിലും അങ്ങനെയൊന്നും മറവിയുടെ തീരത്തേക്ക് മാറ്റി നിര്ത്തേണ്ടയാളല്ല ടി.എന്‍ പ്രകാശ് എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചവര്‍ക്ക് മനസ്സിലാവുമെന്നുള്ള കാര്യം നിസ്തര്‍ക്കമാണ്.
ചേലോറ ഗവണ്മെന്റ് ഹൈസ്കൂള്‍, കണ്ണൂര്‍ എസ്.എന്‍ കോളജ്, ടൈറ്റസ് ഐ.ഐ കോളജ് തിരുവല്ല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1984 മുതല്‍ 2007 വരെ പള്ളിക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളില്‍ ഗണിതാധ്യാപകനായി ജോലി ചെയ്തു. ശേഷം 2010 വരെ എ.ഇ.ഒ ആയിരുന്നു. 2011 ല്‍ തലശ്ശേരി ഡി.ഇ.ഒ ആയി വിരമിച്ചു. അപ്പോഴെല്ലാം സാഹിത്യ സാംസ്കാരിക മേഖലയില്‍ സജീവമായിരുന്ന ടി.എന്‍ പ്രകാശ് മാസ്റ്റര്‍ക്ക് 2015 ഓഗസ്റ്റ് 28 നാണ് പക്ഷാഘാതം പിടിപെടുന്നതും അദ്ദേഹത്തിന്റെ തൂലിക നിശ്ചലമാകുന്നതും. അതുവരെ സാഹിത്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രകാശ് മാഷ് ആരോഗ്യം മോശമായതോടെ എല്ലാത്തില്‍ നിന്നും അകന്ന് ചികിത്സയും വായനയും മാത്രമായി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് ചെയ്തത്. പക്ഷേ, അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ടി.എന്‍ പ്രകാശ് എന്ന പേര് എന്നും സജീവമായി നിലകൊണ്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഗ്രാമീണ ജീവിതത്തിന്റെ മനോഹര ആഖ്യാനങ്ങളായിരുന്നു പ്രകാശ് മാഷിന്റെ മിക്കവാറും കഥകളെല്ലാം. അതോടൊപ്പം മതത്തിനും ജാതിക്കുമപ്പുറം മാനവികതയുടെ, മനുഷ്യത്വത്തിന്റെ പക്ഷത്തു നിലയുറപ്പിച്ച എഴുത്തുകാരന്. മത സൗഹാർദം അദ്ദേഹത്തിന്റെ രചനകളിലെ മുഖ്യ സവിശേഷതയായിരുന്നു.
സ്ത്രീ-പുരുഷ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നോവലാണ് ‘കൈകേയി.’ സ്വന്തം നാടിന്റെ ഗ്രാമ പാശ്ചാത്തലങ്ങളും നാട്ടിലെ രാഷ്ട്രീയ വിഷയങ്ങള്‍ പോലും അദ്ദേഹത്തിന്റെ രചനകളില്‍ ഇടം പിടിച്ചു. പച്ചമഷിക്കാലം, സ്വര്‍ണ്ണ മാല തുടങ്ങിയ പുസ്തകങ്ങളിലൂടെ അദ്ദേഹം തന്റെ ബാല്യകാല കാഴ്ചകളും സ്കൂള്‍ ജീവിതവും മനോഹരമായി അക്ഷരങ്ങളാല്‍ വരച്ചിട്ടു. തണല്‍ എന്ന നോവല്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ മലയാള സാഹിത്യത്തെ അടയാളപ്പെടുത്തി. രചനാ മേഖലയില്‍ ടി.എന്‍ പ്രകാശ് എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും നീതിയുടെ രാഷ്ട്രീയത്തോടൊപ്പവുമായിരുന്നു.
സ്വന്തം അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘നക്ഷത്ര വിളക്കുകള്‍’ എന്ന പുസ്തകത്തിലൂടെ അധ്യാപക ജീവിതത്തിലെ നനവാര്‍ന്ന ഓര്‍മകളും നാട്ടുവര്‍ത്തമാനങ്ങളും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഉപയോഗപ്രദമായ അറിവുകളും പ്രസരിച്ചു.
വളപട്ടണം പാലം, ദശാവതാരം, വിധവകളുടെ വീട്, ഉറുമാന്‍ പഴവും കഥകളും, ബ്ലാക്ക് ബോക്സ്, തിരനാടകം, തണല്‍, ചന്ദന, തെരഞ്ഞെടുത്ത കഥകള്‍, നട്ടാല്‍ മുളക്കുന്ന നുണകള്‍, താപം, താജ് മഹല്‍ തുടങ്ങി കഥകള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍, ബാല സാഹിത്യം, നോവല്‍, യാത്രാ വിവരണം, നാടകം എന്നിങ്ങനെ എഴുത്തിന്റെ വ്യത്യസ്ത മേഖലകളിലായി നാല്പതിലധികം പുസ്തകങ്ങള്‍ ടി. എന്‍ പ്രകാശ് മലയാള സാഹിത്യത്തിന് സംഭാവന ചെയ്തു.
താപം എന്ന കഥാസമാഹാരത്തിനു 2005 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, മയില്‍ പീലി പുരസ്കാരം, ചെറുകഥ ശതാബ്ദി അവാര്‍ഡ്, അറ്റ്ലസ് കൈരളി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ എഴുത്തിന്റെ വഴിയില്‍ ടി. എന്‍. പ്രകാശിനെ തേടിയെത്തി.
കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി, കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.
1955 ഒക്ടോബര്‍ 7 ന് കണ്ണൂര്‍ ജില്ലയിലെ വലിയന്നൂരില്‍ എം കൃഷ്ണന്റെയും ടി.എന്‍. കൗസല്യയുടെയും മകനായി ജനിച്ചു. കടമ്പൂര് ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന വി. ഗീതയാണ് ഭാര്യ. മക്കള്‍: പ്രഗീത്, തീര്‍ത്ഥ.
രോഗത്തിന്റെ വിഷമതകള്‍ക്കിടയിലും ചികിത്സയുടെയും ഫിസിയോ തെറാപ്പിയുടെയുമൊക്കെ ഇടവേളകളിലും നിരന്തരമായ വായനയിലൂടെ അക്ഷരങ്ങളിലെ കനലുകള്‍ കെടാതെ സൂക്ഷിക്കുന്ന ടി.എന്‍. പ്രകാശ് എല്ലാ അസുഖങ്ങളില്‍ നിന്ന് മുക്തനായി എത്രയും പെട്ടെന്ന് എഴുത്തിന്റെ ലോകത്ത് പുതിയ പ്രകാശവുമായി തിരിച്ചു വരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."