കുര
കഥ
രമേശ് ആതവനാട്
ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ടാണ് ഹലീമ എത്തിയത്. ഒരെണ്ണം നിലത്തുകിടന്ന് കൈകാലുകൾ തല്ലി അലമുറയിടുന്നു. മറ്റൊന്നിന് ജീവൻ നഷ്ടമായിരിക്കുന്നു.
പാവം! വലിയ ആക്രമണമാണ് നടന്നത്.
അടിച്ചോടിക്കാൻ ആരെങ്കിലും വരികയാണെങ്കിൽ കുരച്ചുചാടി കൂട്ടമായി അക്രമിക്കാൻ സജ്ജരാണ്. മനുഷ്യകുലത്തെ തുരത്താൻ നായസൈന്യം സർവശക്തിയുമായി ഒരുങ്ങിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ...
പ്രതികരണശേഷിയുള്ളവരായി അവർ വളർന്നു കഴിഞ്ഞിരിക്കുന്നു. കുരയുടെ ശക്തി കൂടിവരികയാണ്. വിസർജ്യവും എച്ചിലിലയും നക്കിത്തിന്നുന്ന നായ്ക്കൾ ഇന്നില്ല. മാംസഭോജികളായാണിപ്പോൾ ജീവിതം. റോഡരികിൽ തള്ളുന്ന ചിക്കൻ ബിരിയാണിയിലെ എല്ലിൻകഷണങ്ങൾ പ്രിയമായിരിക്കുന്നു.
ചിക്കൻകടകളിലെ അവശിഷ്ടങ്ങൾ സ്വന്തം ഭക്ഷണമായി. നല്ല ആരോഗ്യവും വർഗബോധവും ഉള്ളവരായി വളരുകയാണ്. മാംസഭോജികളായതിൽപ്പിന്നെയാണ് സംഘടിതശക്തി കൂടിയത്. മനുഷ്യനെതിരേ അവർ തിരിഞ്ഞതും അതിനു ശേഷമാണ്.
നായ്ക്കളുടെ കടിയേറ്റ ആടുകളെ എങ്ങനെ അവിടെനിന്ന് നീക്കം ചെയ്യുമെന്നായി കൂടിനിന്നവരുടെ ചിന്ത. ആടുകളെ അവിടെനിന്ന് നീക്കം ചെയ്താൽ നായ്ക്കൾ മനുഷ്യരെയും അക്രമിക്കും.
ജീവനുവേണ്ടി പിടയുന്ന കുഞ്ഞാടിനെ നോക്കി ഹലീമയുടെ കണ്ണുനിറഞ്ഞു. മനസു നീറിത്തുടങ്ങി. സ്വന്തം കുട്ടികളെപ്പോലെയാണ് ആടുകളെ വളർത്തുന്നത്. ആടുകളുടെ സംരക്ഷണത്തിനായി ഒരു നായയെ വീട്ടിൽ വളർത്തിയിരുന്നു. ആടുകളും നായയും നല്ല ചങ്ങാത്തത്തിലാണ് വളർന്നത്. ആട്ടിൻകൂടിനു സമീപമായിരുന്നു നായയുടെ താമസം. തെരുവുനായ്ക്കൾ രാത്രിയിൽ വളർത്തുനായയോട് സല്ലപിച്ചു. അവർ എന്തോ ചെവിയിൽ പിറുപിറുത്തു.
‘ഇനി മനുഷ്യരുടെ കാവൽക്കാരാകേണ്ട. നമ്മൾ സ്വതന്ത്രരായി നിന്നാൽ ശക്തികൂടും. വംശവർധനയുണ്ടാകും...’
അങ്ങനെയാണ് ഹലീമയുടെ വളർത്തുനായ തെരുവുനായ്ക്കളുടെ സംഘത്തിൽ അംഗമായത്. പറമ്പിലെ പാറപ്പുറം തെരുവുനായ്ക്കളുടെ സമ്മേളന വേദിയുമായി. ഹലീമയുടെ നിഴൽകണ്ടാൽ എവിടെയാണെങ്കിലും ഓടിയെത്തി നായ കാൽക്കൽ വീണിരുന്നു. വാലിളക്കി സ്നേഹം പ്രകടിപ്പിച്ചിരുന്നു. മനുഷ്യരോട് സ്നേഹം കാണിച്ചിരുന്ന വളർത്തുനായ്ക്കൾ പോലും വർഗബോധത്തിന്റെ പേരിൽ തെരുവുനായ്ക്കളായി. ആ വളർത്തുനായ തന്നെയാണ് ആടുകളെ കടിച്ചത്. എത്ര ദിവസം ചോറും മീനും നൽകിയാണ് അവനെ വളർത്തിയത്. സ്വന്തം വർഗത്തെ കണ്ടപ്പോൾ ദുഷ്ടൻ സ്നേഹം മറന്നു.
ദൂരെനിന്ന് ഒരു മുദ്രാവാക്യംവിളി കേൾക്കുന്നുണ്ട്. ഒരുകൂട്ടം ആളുകൾ കൊടിപിടിച്ച് വരികയാണ്. അവർ മൃഗസ്നേഹികളുടെ സംഘടനയിൽപ്പെട്ടവരാണ്. ജാഥ അടുത്തെത്തിയപ്പോൾ നായ്ക്കളുടെ പട മുന്നോട്ടു നീങ്ങി. വഴിവക്കിലെ മതിലിൽ അവർ വരിയായിനിന്നു. പിന്നീട്, മുദ്രാവാക്യത്തിന്റെ അർഥമറിയാൻ അവ കാതുകൂർപ്പിച്ചുകൊണ്ടിരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."