ഉദുമയില്‍ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഉദുമ(കാസര്‍കോട്): സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടേ മാങ്ങാട് ആര്യടുക്കത്തെ ശ്യാമിന് (26) ഉദുമ ടൗണില്‍ വച്ച് ഒരു സംഘം ആളുകള്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ആറു ബൈക്കുകളിലെത്തിയ സംഘമാണ് ശ്യാമിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. മാങ്ങാട്ടെ ബാലകൃഷ്ണന് വധക്കേസിലെ രണ്ടാം പ്രതിയാണ് ശ്യാം. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബലകൃഷ്ണന് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്യാമിനെ സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി അക്രമിക്കുകയായിരുന്നുവെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ശ്യാമിന്റെ മൊഴിയെടുക്കുന്നതിന് വേണ്ടി പൊലിസ് മംഗളൂരുവിലേക്കു പോയി.
അതേസമയം ശ്യാമിന് വെട്ടേറ്റതിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട്ടെ പ്രഭാകരനും(34) വെട്ടേറ്റു. ഇയാളെ കാസര്‍കോട് ചെങ്കളയിലെ ഇ.കെ നായാനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്യാമും ഏതാനും പേരും ചേര്‍ന്ന് തന്നെ വെട്ടിപ്പരുക്കേല്പ്പിക്കുകയായിരുന്നുവെന്നാണ് പ്രഭാകരന് പറയുന്നത്. സംഭവം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
അല്പ നാളുകളായി സമാധാനത്തിലായിരുന്ന ഉദുമ, മാങ്ങാട് പ്രദേശങ്ങളില്‍ ഈ സംഭവത്തോടെ വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ബേക്കല്‍ സി.ഐ വിശ്വംഭരന്, എസ്.ഐ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് ബന്തവസ് ഏര്‍പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."