ട്രെയിനില്‍ വനിതാ യാത്രക്കാരെ കൊള്ളയടിച്ചത് സ്ഥിരം കുറ്റവാളി അസ്ഗര്‍ ബാദ്ഷാ; തമിഴ്‌നാട്ടിലും കേരളത്തിലും വലവിരിച്ച് റെയില്‍വേ പൊലിസ്
തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം ട്രെയിനിലെ വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗര്‍ ബാദ്ഷായാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്നാണ് പൊലിസ് നിഗമനം. ഇയാള്‍ക്കായി തമിഴ്‌നാട്ടിലും കേരളത്തിലും ആര്‍.പി.എഫ് തെരച്ചില്‍ ശക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ വന്‍ കവര്‍ച്ച നടന്നത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയും മകള്‍ അഞ്ജലിയും കോയമ്പത്തൂര്‍ സ്വദേശിനിയായ കൗസല്യയുമാണ് കവര്‍ച്ചക്കിരയായത്. ഇവരെ മയക്കി കിടത്തിയായിരുന്നു കൊള്ള.
കവര്‍ച്ചയ്ക്ക് ഇരയായവരുടെ മൊഴി പൊലിസും റെയിവേ പൊലിസും രേഖപ്പെടുത്തി. തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പൊലിസ് ഇവരെ കാണിച്ചിരുന്നു. സ്ഥിരം കുറ്റവാളിയായ അസ്ഗര്‍ ബാദ്ഷായെ അങ്ങനെയാണ് വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്.
കവര്‍ച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും കോച്ചില്‍ അസ്ഗര്‍ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗര്‍കോവിലിലുമടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തില്‍ മോഷണങ്ങള്‍ നടത്തിയ ആളാണ് അസ്ഗര്‍ ബാദ്ഷാ എന്നാണ് റെയില്‍വേ പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."