തരൂരിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച് ആലഞ്ചേരി; തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ബന്ധം പാടില്ലെന്ന് തരൂര്‍
കൊച്ചി: സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ശശി തരൂര്‍ എം.പി. കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ പൊന്നാടയണിയിച്ചാണ് കര്‍ദിനാള്‍ സ്വീകരിച്ചത്.
തന്റേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നുംകൂടിക്കാഴ്ച്ചയില്‍ വിഴിഞ്ഞം ചര്‍ച്ചയായില്ലെന്നും തരൂര്‍ പറഞ്ഞു. അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദപരിപാടിയിലും തരൂര്‍ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് കര്‍ദിനാളിനെ കണ്ടശേഷം തരൂര്‍ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ട്. സമാധാനമാണ് ല്ലൊവരും ആഗ്രഹിക്കുന്നതെന്നും രണ്ടു ഭാഗത്തും വിട്ടുവീഴ്ച്ചകള്‍ വേണം. വികസനം വേണം. ജനങ്ങള്‍ക്ക് ന്യായമായി കിട്ടേണ്ടതും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'സമരക്കാരെ വികസനവിരുദ്ധരെന്നും ദേശവിരുദ്ധരെന്നും പറയുന്നത് തെറ്റാണ്. 2018ലെ പ്രളയത്തില്‍ സ്വന്തം ജീവിതം പണയംവെച്ചാണ് അവര്‍ ജനങ്ങളെ രക്ഷിച്ചത്. 65,000 പേരെ അന്ന് രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടി നമ്മള്‍ എന്ത് ചെയ്തു എന്ന് ചോദിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്.'- തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."