ഗുജറാത്തില്‍ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാമത്തെയും അവസാനത്തെയും ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 14 മധ്യ, വടക്കന്‍ ജില്ലകളിലായി 93 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഡിസംബര്‍ ഒന്നിന് സൗരാഷ്ട്ര-കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.
182 സീറ്റുകളുള്ള നിയമസഭയിലേക്ക് ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. 61 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 833 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 285 പേര്‍ സ്വതന്ത്രരാണ്.
മുന്‍കാല റെക്കോഡുകളെല്ലാം തകര്‍ത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ പറഞ്ഞു. അതേസമയം, ഒന്നാംഘട്ട പോളിങിന്റെ പാറ്റേണ്‍ അനുസരിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് രഘു ശര്‍മ്മ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിയും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പിയും 93 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 90 സീറ്റുകളിലും സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) രണ്ട് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബി.ടി.പി) 12 സീറ്റുകളിലും ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) 44 സീറ്റുകളിലും മല്‍സരിക്കുന്നു.
അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങിയ ജില്ലകള്‍ ഇന്നത്തെ വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മല്‍സരിക്കുന്ന മണ്ഡലം അഹമ്മദാബാദിലെ ഗട്ട്‌ലോഡിയ ആണ്. കോണ്‍ഗ്രസ് രാജ്യസഭ എം.പി അമീ യാഗ്നിക് ആണ് എതിരാളി. ബി.ജെ.പിയിലെത്തിയ ഹാര്‍ദിക് പട്ടേലും ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."