പ്രദര്‍ശന വസ്തുവാക്കാനുള്ളവരല്ല ഗോത്രവര്‍ഗക്കാര്‍; ആദിമം ലിവിങ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍
പ്രദര്‍ശന വസ്തുവാക്കാനുള്ളവരല്ല ഗോത്രവര്‍ഗക്കാര്‍; ആദിമം ലിവിങ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍
തൃശൂര്‍: ഗോത്രവര്‍ഗക്കാര്‍ പ്രദര്‍ശനത്തിന് വെക്കാനുള്ളവരല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തലാണ് മന്ത്രിയുടെ പ്രതികരണം. ഷോക്കേസില്‍ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്. മേളയില്‍ സംഭവിച്ചത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗോത്രവര്‍ഗക്കാരെ ഒരിക്കലും പ്രദര്‍ശനവസ്തുവാക്കരുത്. ഷോക്കേസില്‍ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക്‌ലോര്‍ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.
ലിവിങ് മ്യൂസിയം ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സാമൂഹികപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഗോത്രകലകള്‍ പരിചയപ്പെടുത്തല്‍ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും വിശദീകരണം.
കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവര്‍ത്തകരടക്കം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി. എന്നാല്‍, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."