HOME
DETAILS
MAL
കരിപ്പൂരിന് ആശ്വസിക്കാം
backup
September 12 2021 | 18:09 PM
കരിപ്പൂര്‍ വിമാനാപകടം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് അപകടകാരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2020 ഓഗസ്റ്റ് 7 നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി രണ്ടായി മുറിഞ്ഞത്. അപകടത്തില്‍ 21 പേര്‍ മരണപ്പെടുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരണം 21 പേരില്‍ ഒതുങ്ങിയത് പരിസരവാസികളുടെ സ്വജീവന്‍ മറന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളാലായിരുന്നു. അപകടത്തില്‍പെടുന്ന വിമാനങ്ങള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ, കൊവിഡ് ഭീതിയെപ്പോലുംവകവയ്ക്കാതെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകമെമ്പാടുമുള്ള മലയാളികളാല്‍ പ്രശംസിക്കപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രിയും അന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.
എന്നാല്‍ അപകടം നടന്നതുസംബന്ധിച്ച് നിരവധി കാരണങ്ങളാണ് അന്നുപറഞ്ഞത്. ടേബിള്‍ ടോപ്പ് വിമാനത്താവളമാണെന്നും കേരളത്തിലെ ഏറ്റവും ചെറിയ വിമാനത്താവളമാണെന്നും അതിനാല്‍ അപകട സാധ്യത ഏറെയാണെന്നുമായിരുന്നു ഒരു പ്രചാരണം. മറ്റൊന്ന് വിമാനത്താവള വികസനത്തിന് വേണ്ടത്ര ഭൂമി കിട്ടാത്തതിനാലാണ് അപകടം ഉണ്ടായതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് പൈലറ്റിന്റെ വീഴ്ചയായിരിക്കാം അപകടകാരണമെന്നാണ്.
സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി നിര്‍ണയിച്ചിരുന്ന റണ്‍വേയിലെ 'ടച്ച് ഡൗണ്‍ സോണ്‍ ' കടന്നാണ് വിമാനം അന്ന് ലാന്‍ഡ് ചെയ്തത്. ഇതു മാത്രമല്ല മറ്റു സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.സഹപൈലറ്റിന്റെ നിര്‍ദേശം വകവയ്ക്കാതെ റണ്‍വേയും മറികടന്ന് പൈലറ്റ് ഡി.വി സാത്തെ വിമാനം ഇറക്കുകയായിരുന്നു. സഹ പൈലറ്റിന്റെ നിര്‍ദേശം പൈലറ്റ് സാത്തെ പരിഗണിക്കാതിരുന്നത് വ്യോമസേനയില്‍ വലിയ വിമാനങ്ങള്‍ പറപ്പിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനു നല്‍കിയ അമിത ആത്മവിശ്വാസമായിരിക്കാം. വ്യോമസേനയില്‍ വിങ് കമാന്‍ഡറായി വിരമിച്ച പരിചയസമ്പന്നനായ പൈലറ്റ് ആയിരുന്നു ഡി.വി സാത്തെ. വിമാനത്തിന്റെ വൈപ്പര്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന കാരണവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ തന്നെ പൈലറ്റിന്റെ വീഴ്ച്ചയായിരിക്കാം അപകടകാരണമെന്ന നിഗമനം പൊതുവെ ഉണ്ടായിരുന്നു. കരിപ്പൂര്‍ പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസിലും സമാനമായ രീതിയിലായിരുന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്.
ഈ പ്രാഥമിക വിവരം കേന്ദ്ര വ്യോമയാന വകുപ്പിനും കിട്ടിക്കാണും. ഇതു മറച്ചുപിടിച്ച് വിമാനത്താവളത്തിന്റെ പരാധീനതകളാണ് അപകടത്തിന് കാരണമെന്നു വരുത്തി തീര്‍ത്ത്, അതിന്റെ മറവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ കുത്തകകള്‍ക്ക് വില്‍ക്കാനുള്ള ശ്രമമായിരുന്നോ ഇതുവരെ നടന്നിരുന്നതെന്ന് തോന്നിപ്പോകുന്നു. വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പും സ്ഥലപരിമിതിയും പറഞ്ഞ് വിമാനത്താവളം കുത്തകകള്‍ക്ക് വില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് ഇപ്പോഴെങ്കിലും പുറത്തുവന്ന റിപ്പോര്‍ട്ട്.
വിമാനത്താവളത്തിന്റെ കുഴപ്പമല്ല അപകട കാരണമെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ആശ്വാസത്തിനൊപ്പം ആശങ്കയും ഉണ്ട്. കരിപ്പൂരില്‍ ഇതുവരെ വിലക്കപ്പെട്ട വലിയ വിമാനങ്ങള്‍ക്ക് മേലില്‍ പറന്നു ഉയരാമെന്ന ആശ്വാസത്തോടൊപ്പം തന്നെ വിമാനത്താവളം സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയാതിരിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങുന്നതിനു യാതൊരു പ്രയാസവുമില്ലെന്നും സുരക്ഷിതമാണെന്നും രാജ്യത്തെ ഏറ്റവും വലിയ വിമാനശൃംഖലയായ ഇ കാറ്റഗറിയില്‍പെട്ട വിവിധ വിമാന കമ്പനികള്‍ സേഫ്റ്റി റിസ്‌ക്ക് അസൈമന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതാണ്. കരിപ്പൂര്‍ അപകടത്തിനു ശേഷവും ഇതുതന്നെയായിരുന്നു വലിയ വിമാന കമ്പനികളുടെ നിലപാട്.
റണ്‍വെ 28ല്‍ ഇറങ്ങാനായിരുന്നു പൈലറ്റിന്റെ ആദ്യ തീരുമാനമെങ്കിലും കോരിച്ചൊരിയുന്ന മഴയും കാറ്റും വെല്ലുവിളിയായി. റണ്‍വേ പത്തില്‍ ഇറങ്ങാനായി പൈലറ്റ് അനുമതി ചോദിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയെങ്കിലും റണ്‍വേയിലെ ടച്ച് പോയന്റില്‍നിന്നു മാറി ഒരു കിലോമീറ്റര്‍ അകലെയാണ് ലാന്‍ഡ് ചെയ്തത്. അങ്ങനെയാണ് വിമാനം അപകടത്തിലേക്കു കൂപ്പുകുത്തിയത്. മധ്യഭാഗം പിളര്‍ന്ന് യാത്രക്കാര്‍ തെറിച്ചുവീണു. പലര്‍ക്കും ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. അപകടകാരണ റിപ്പോര്‍ട്ട് വരട്ടെ എന്നിട്ടു തരാമെന്നായിരുന്നു ഇതുവരെ വ്യോമയാന വകുപ്പിന്റെ നിലപാട്. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. അപകടത്താല്‍ ജീവിതം തന്നെ വഴിമുട്ടിപ്പോയ നിരവധി പേരാണ് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്.
കരിപ്പൂരിന്റെ ഭാവി എന്താകുമെന്നത് അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരുന്നു ഇതുവരെ നില നിന്നിരുന്നത്. കരിപ്പൂരിന്റെ പിഴവല്ല അപകടകാരണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് കരിപ്പൂരിന് വീണ്ടും ചിറകു മുളക്കേണ്ടതാണ്. നിര്‍ത്തിവച്ച വലിയ വിമാനങ്ങള്‍ വീണ്ടും ഇവിടെനിന്നു പറന്നു ഉയരേണ്ടിയിരിക്കുന്നു. അതുവഴി പ്രദേശത്തിന് വീണ്ടും പുതുജീവന്‍ ലഭിക്കേണ്ടിയിരിക്കുന്നു. നിര്‍ത്തിവച്ച ഹജ്ജ് വിമാനം ഇവിടെനിന്ന് പുനരാരംഭിക്കണം. കയറ്റുമതിയും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴിലും പുനഃസ്ഥാപിക്കണം. വ്യാപാര മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സാധിക്കാനുണ്ട്.
കരിപ്പൂരിനെ സുരക്ഷിതമാക്കാന്‍ കിട്ടിയ നിര്‍ദേശങ്ങളെല്ലാം ഇതിനകം തന്നെ വിമാനത്താവളാധികൃതര്‍ പൂര്‍ത്തിയാക്കിയതിനാല്‍ ആ കാരണം പറഞ്ഞ് വലിയ വിമാനങ്ങള്‍ക്ക് തുടരുന്ന വിലക്ക് നീട്ടിക്കൊണ്ടുപോകാനാവില്ല. എന്നാല്‍ വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പിന്മാറിയിട്ടില്ല എന്നതും ആശങ്കയുളവാക്കുന്നതാണ്. കൊവിഡ് കാല പ്രതിസന്ധിയില്‍ പോലും ലാഭകരമായി പ്രവര്‍ത്തിച്ച വിമാനത്താവളമാണ് കരിപ്പൂരിലേത്. മറ്റു സംസ്ഥാനങ്ങളിലേയും സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ചെലവില്‍ പണിതപ്പോള്‍, കരിപ്പൂരിലേതു മാത്രം സാധരണക്കാരായ പ്രവാസികളുടെ ചോരനീരാക്കിയ പണമാണ് ഉപയോഗിച്ചത്. പ്രവാസികളുടെ ത്യാഗത്തിന്റെ ഫലമാണ് കരിപ്പൂര്‍ വിമാനത്താവളമെന്നത് വിസ്മരിക്കരുത്. രാജ്യത്തെ പല വിമാനത്താവളങ്ങളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കരിപ്പൂരിലേതു ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വില്‍ക്കുന്നതോടെ സാധാരണക്കാരന് ഈ വിമാനത്താവളം അപ്രാപ്യമാകും. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമാനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അതോടൊപ്പം തന്നെ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."