30 വര്‍ഷമായി കപ്പലണ്ടി കച്ചവടം, സ്വന്തം വീടും സ്ഥലവും പരാജയത്തില്‍ ദുഃഖിക്കുന്നവര്‍ക്ക് പാഠമാണ് മുരുകന്‍
തമീം സലാം കാക്കാഴം
ആലപ്പുഴ: കൊവിഡ് മഹാമാരിയൊന്നും തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ കപ്പലണ്ടി കച്ചവടത്തെ വലിയതായി ബാധിച്ചിട്ടില്ല. ഉന്തുവണ്ടിയില്‍ ചൂടുകപ്പലണ്ടിയുമായി മൂന്നു പതിറ്റാണ്ടായി ആലപ്പുഴ ചുറ്റുന്ന മുരുകന്‍ എന്ന മുനിയാണ്ടി അധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പേരാണ്.
തമിഴ്‌നാട് മധുരയ്ക്ക് അടുത്ത് വിരുതനഗര്‍ ജില്ലയിലെ സെങ്കുട്രാപുരം പഞ്ചായത്താണ് മുരുകന്റെ സ്വദേശം. കപ്പലണ്ടി കച്ചവടം ചെയ്തു മാത്രം ജീവിതം പച്ചപിടിച്ച കഥയാണ് മുരുകന് പറയാനുള്ളത്.
സഹോദരനാണ് മുരുകനെ 30 വര്‍ഷം മുന്‍പ് ചെറുപ്രായത്തില്‍ ആലപ്പുഴയില്‍ കൊണ്ടുവന്നത്. ദിവസവും 12 കിലോമീറ്റര്‍ സഞ്ചരിച്ച് കച്ചവടം ചെയ്യുന്നു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി വരെ കച്ചവടം നീളും. ആലപ്പുഴയിലെ മുക്കുംമൂലയും നൂറുകണക്കിന് മുഖങ്ങളും മുരുകന് സുപരിചിതം. 20 വര്‍ഷത്തോളമായി ആലപ്പുഴ സ്വദേശി പ്രവീണ്‍ പൈ മുരുകന്റെ കൈയില്‍നിന്നു കപ്പലണ്ടി വാങ്ങുന്നു.
ദിവസവും 500 രൂപ മുതല്‍ 800 രൂപ വരെ ശരാശരി വരുമാനം ലഭിക്കുമെന്ന് മുരുകന്‍ പറയുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് 50 പൈസയ്ക്ക് ഒരു പൊതി കപ്പലണ്ടി വിറ്റു തുടങ്ങിയതാണ്. ഒരു പൊതിയുടെ വില ഇപ്പോള്‍ 20 മടങ്ങായി, 10 രൂപ.
ആദ്യമാദ്യം ആലപ്പുഴയില്‍ പലയിടങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ചു. അപ്പോഴും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീടായിരുന്നു സ്വപ്നം. മുരുകന്റെ ഉന്തുവണ്ടി ഉരുളുംതോറും അതിന് ബലം കൂടിവന്നു. ഇപ്പോള്‍ ആലപ്പുഴ തിരുവമ്പാടി എ.എന്‍ പുരത്തിനടുത്ത് സ്വന്തമായി ഒരു ചെറിയ വീടും വസ്തുവും വാങ്ങി സന്തോഷത്തോടെ കഴിയുന്നു. ആലപ്പുഴ ടി.ഡി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന മാധേഷും ഗുരുസ്വാമിയും സമയം കിട്ടുമ്പോഴൊക്കെ അച്ഛനെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."