വലംകാല്‍ നിശ്ചലം; മുത്തുവിനു മുന്നില്‍ മുട്ടുമടക്കി ഖര്‍ദുംഗ് ലാ
ടി.ഡി ഫ്രാന്‍സിസ്
വടക്കാഞ്ചേരി (തൃശൂര്‍): ചലനശേഷിയില്ലാത്ത വലതുകാലുമായി സൈക്കിളില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശങ്ങളിലൊന്നായ ഖര്‍ദുംഗ് ലാ കീഴടക്കി വടക്കാഞ്ചേരി പാര്‍ളിക്കാട് സ്വദേശി തൈവളപ്പില്‍ മുഹമ്മദ് അഷറഫ് (മുത്തു 35). ജീവിതവഴിയിലെ പ്രതിസന്ധികളെ ചിരിച്ചുതള്ളിയാണ് അഷറഫ് മാതൃകയാകുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 18,000 അടിക്ക് മുകളിലുള്ള സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ജമ്മുവിലെ ലഡാക്കിനു സമീപത്തെ ഖര്‍ദുംഗ് ലാ. വാഹനാപകടത്തിലാണ് അഷറഫിന്റെ വലതുകാല്‍പാദം അറ്റുപോയത്. വൈകാതെ കാലിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു.
വേദനയുടെ ലോകത്ത് ദുരിതജീവിതം നയിക്കുമ്പോഴാണ് കൊവിഡ് മഹാമാരിയെത്തിയത്. ഇതോടെ സൈക്ലിങ് ആരംഭിച്ചു. ഖര്‍ദുംഗ് ലാ കീഴടക്കണമെന്ന് വെറുതെ ഒരു മോഹം മനസില്‍ കുറിച്ചിട്ടു.
അതിതീവ്ര പരിശീലനം ആരംഭിച്ചു. ഇടതുകാലില്‍ ഊന്നി നാടാകെ ചുറ്റിക്കറങ്ങി. മൂന്നാര്‍, ഇടുക്കി, വയനാട്, ഊട്ടി തുടങ്ങി ഉയരമേറിയ ഇടങ്ങളെല്ലാം കീഴടക്കി. ഒടുവില്‍ ഖര്‍ദുംഗ് ലാ എന്ന സ്വപ്നനേട്ടം വെട്ടിപ്പിടിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപമായ മുഹമ്മദ് അഷറഫ് പുതിയ ദൗത്യം മനസില്‍ കുറിച്ചുകഴിഞ്ഞു.
അത് പക്ഷെ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് അഷറഫ് സുപ്രഭാതത്തോട് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയാല്‍ കഠിനവേദനയുടെ ലോകത്ത് തന്നെ തളച്ചിടുന്ന വലതുകാല്‍ മുറിച്ചുമാറ്റുമെന്ന് മുഹമ്മദ് അഷറഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."