കരിപ്പൂര്‍ വിമാനാപകട റിപ്പോര്‍ട്ട് ; പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് നിര്‍ദേശം
സ്വന്തം ലേഖകന്‍
മലപ്പുറം: കരിപ്പൂര്‍ വിമാനാപകട അന്വേഷണ റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റുമാര്‍ക്ക് പരിശീലനവും ഷെഡ്യൂള്‍ പരിഷ്‌കരണവും നല്‍കണമെന്ന് നിര്‍ദേശം. വിമാനാപകടം അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എ.എ.ഐ.ബി)യാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
കരിപ്പൂര്‍ വിമാനാപകടം നടന്ന് 13 മാസത്തിനു ശേഷം എ.എ.ഐ.ബി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ, എയര്‍പോര്‍ട്ട് അതോറിറ്റി, കാലാവസ്ഥാ നിരീക്ഷകര്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ തുടങ്ങിയ മേഖലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കണം. ഇവരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നത് പരിഷ്‌കരിക്കണം. പ്രതികൂല കാലാവസ്ഥകളില്‍ വിമാനങ്ങളുടെ നിയന്ത്രണങ്ങളില്‍ കാര്യക്ഷമത ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങളുള്ളത്.
കരിപ്പൂര്‍ വിമാനാപകടത്തിനു കാരണം വൈമാനികന്റെ പിഴവാണ്. റണ്‍വേ 28 ല്‍ ഇറങ്ങേണ്ട വിമാനം റണ്‍വേ 10 ലേക്ക് മാറ്റിയ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെളിവോടെയാണ് അന്വേഷണ റിപ്പോര്‍ട്ട്. ലാന്റിങിനിടെ വിമാനത്തിന്റെ ' ഓട്ടോ പൈലറ്റ് ' ഓഫ് ചെയ്ത പൈലറ്റ് വിമാനത്തിന്റെ എന്‍ജിന്‍ ശക്തി ക്രമീകരിച്ചിരുന്നില്ല. റണ്‍വേയില്‍ 1300 മീറ്ററില്‍ നിലം തൊടേണ്ട വിമാനം 1432 മീറ്ററില്‍ എത്തി നിലം തൊട്ടപ്പോഴും എന്‍ജിന്‍ ശക്തി ക്രമീകരിക്കാനായില്ല. ഇതോടെ വിമാനം അതിവേഗത്തില്‍ മുന്നോട്ടുപോയി 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാത്ത വിമാനം ഉടനെ ആകാശത്തേക്ക് ഉയര്‍ത്താന്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ചെങ്കിലും ഇത് പൈലറ്റ് അനുസരിച്ചില്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വിമാന പൈലറ്റായിരുന്ന ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേയായിരുന്നു കരിപ്പൂര്‍ വിമാന അപകട സമയത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ്.
കരിപ്പൂര്‍ റണ്‍വേയുടെ മധ്യത്തില്‍ ലൈറ്റ് സ്ഥാപിക്കുക, വശങ്ങളിലെ പെരിമീറ്റര്‍ റോഡ് വീതി കൂട്ടുക തുടങ്ങിയവയാണ് എയര്‍പോര്‍ട്ട് അതോറിറ്റിയോട് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുള്ളത്. എയര്‍ട്രാഫിക് നിയന്ത്രിക്കുന്നവര്‍ക്കും പ്രതികൂല കാലാവസ്ഥയില്‍ വിമാന ലാന്റിങ് നിര്‍ദേശങ്ങളില്‍ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."