സി.പി.എം കാലുവാരി; സി.പി.ഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുണ്ടായെങ്കിലും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനെതിരേ ശക്തമായ വിമര്‍ശനവുമായി സി.പി.ഐ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് വിമര്‍ശനമുള്ളത്. തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് പ്രാമുഖ്യം നല്‍കാതെ സര്‍വാധിപത്യം സ്ഥാപിക്കാനാണ് പലയിടങ്ങളിലും സി.പി.എം ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പലയിടങ്ങളിലും സി.പി.എം വോട്ടുമറിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ പാര്‍ട്ടിയുടെ സീറ്റ് കുറയുകയും ശക്തി ക്ഷയിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തിയെങ്കിലും അത് ഇടതുമുന്നണിക്ക് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല.
പലയിടങ്ങളിലും സി.പി.ഐയുടെ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയുണ്ടായത് സി.പി.എമ്മിന്റെ കാലുവാരലാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സി.പി.ഐ മത്സരിച്ച വിവിധ മണ്ഡലങ്ങളില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമായിരുന്നു. കരുനാഗപ്പള്ളിയിലെ തോല്‍വിയില്‍ സി.പി.എമ്മിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. ഹരിപ്പാട് മണ്ഡലത്തില്‍ സി.പി.എമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചായത്തുകളില്‍ വോട്ടുകള്‍ മറിഞ്ഞെന്ന സംശയം റിപ്പോര്‍ട്ടിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മത്സരിച്ച് വിജയിച്ച പറവൂരില്‍ സി.പി.എം നേതാക്കളുടെ പ്രവര്‍ത്തനങ്ങളും സംശയാസ്പദമാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ പല വോട്ടുകളും ബി.ജെ.പിയിലേക്ക് പോയെന്നും പരാമര്‍ശമുണ്ട്.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ പാര്‍ട്ടിയുടെ സീറ്റുകളില്‍ കുറവു വന്നു. മത്സരിക്കുന്നതും ജയിക്കുന്നതുമായ സീറ്റുകള്‍ കുറഞ്ഞത് സി.പി.ഐയെ ക്ഷയിപ്പിക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളാ കോണ്‍ഗ്രസ് എം പരാജയപ്പെട്ട മണ്ഡലങ്ങളിലും സി.പി.എമ്മിന്റെ വീഴ്ച പ്രകടനമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കൊല്ലത്ത് മുകേഷിനെതിരേ സി.പി.എമ്മിലെയും സി.പി.ഐയിലേയും ഒരു വിഭാഗം പ്രചാരണം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."