കേരളത്തില്‍ ലൗ ധര്‍മയുദ്ധവും ലൗ കുരിശുയുദ്ധവുമുണ്ടെന്ന് സക്കറിയ
തിരുവനന്തപുരം: ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദുമുണ്ടെങ്കില്‍ കേരളത്തില്‍ ലൗ ധര്‍മയുദ്ധവും ലൗ കുരിശുയുദ്ധവുമുണ്ടെന്ന് എഴുത്തുകാരന്‍ സക്കറിയ. നാര്‍കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിനെതിരേ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സക്കറിയയുടെ വിമര്‍ശനം.
സംഘ്പരിവാര്‍ തലച്ചോറുകള്‍ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. ഒരുപക്ഷേ അത്തരം സംഭവങ്ങള്‍ നടന്നിരിക്കാം. കാരണം എല്ലാ മതങ്ങളിലും മതംമാറ്റം നല്ല വരുമാനമുള്ള ഇടപാടാണ്. ജിഹാദിന് പോയി എന്ന് പറയപ്പെടുന്ന പെണ്‍കുട്ടികള്‍ ഇതില്‍ പെട്ടവരായിരിക്കാം. പക്ഷെ ഇത്തരം സംഭവങ്ങളുടെ വളരെ അനായാസം ചെയ്യാവുന്ന ഒരു കണക്കെടുപ്പ് നടത്തി പ്രസിദ്ധപ്പെടുത്താന്‍ സംഘ്പരിവാരമോ ക്രൈസ്തവ മേലധ്യക്ഷന്മാരോ മാധ്യമങ്ങളോ ശ്രമിച്ചതായി കണ്ടിട്ടില്ല. അതുകൊണ്ടു ലൗ ജിഹാദ് മറ്റൊരു തുമ്പില്ലാത്ത കഥയായി അവശേഷിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ചോ അല്ലെങ്കില്‍ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു- ക്രിസ്ത്യന്‍ യുവാക്കളുടെ പ്രവര്‍ത്തിയെ നാം എന്ത് വിളിക്കും? ലൗ ധര്‍മയുദ്ധം? ലൗ കുരിശുയുദ്ധം? എന്റെ കുടുംബത്തില്‍ തന്നെ ഒരു യുവതലമുറക്കാരന്‍ മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. മുസ്‌ലിമിനെ വിവാഹം ചെയ്ത ജോര്‍ജ് ഫെര്‍ണാണ്ടസ് ബി.ജെ.പിയുടെ കണ്ണിലുണ്ണിയായിരുന്നു. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍. പാലാ ബിഷപ്പിന്റെയും സംഘ്പരിവാറിന്റെയും കണ്ണില്‍ മുസ്‌ലിം യുവാക്കള്‍ക്ക് മാത്രമാണ് മിശ്രവിവാഹം നിഷിദ്ധം. ഇവര്‍ മുസ്‌ലിം മതമൗലികവാദികളോട് ധാരണയിലെത്തിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."