കണ്ണീര് കുടിച്ച് പെന്‍ഷന്‍കാര്‍
സംസ്ഥാനത്തെ വയോജനങ്ങളുടെ ചുണ്ടിലെ പുഞ്ചിരിമാഞ്ഞിട്ട് നാലു മാസം പിന്നിട്ടത്, ആഘോഷത്തിരക്കിനിടയില്‍ സര്‍ക്കാര്‍ കാണാതെ പോയിരിക്കുന്നു. 50 ലക്ഷത്തോളം നിര്‍ധന വയോജനങ്ങള്‍ മാത്രമല്ല, ആശ്വാസപെന്‍ഷന്‍ കൈപ്പറ്റിയിരുന്ന നിത്യരോഗികളുടെ ജീവിതവും കൂരിരുട്ടിലാണിപ്പോള്‍. പെന്‍ഷനുവേണ്ടി മാസാമാസം കിട്ടാറുള്ള തുച്ഛവരുമാനം അടഞ്ഞതോടെ പല കുടുംബങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയ പെന്‍ഷന്‍ കുടിശ്ശികയുണ്ടാകുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. അരിവാള്‍ രോഗികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും നല്‍കിക്കൊണ്ടിരുന്ന പെന്‍ഷനും മുടങ്ങിയിട്ട് മാസങ്ങളായി. 'ജനക്ഷേമം' കവലപ്രസംഗത്തിലോ പരസ്യത്തിലോ മാത്രം മതിയെന്ന് കരുതി ഭരണം തുടരുകയാണോ പിണറായി സര്‍ക്കാര്‍ എന്ന് തോന്നിപ്പോകും ഇതൊക്കെ കാണുമ്പോള്‍. സാമൂഹിക ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുമ്പോള്‍ വൃദ്ധജനങ്ങളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കാട്ടി അധികാരത്തില്‍ വന്നതാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ആ മുഖത്ത് ഇപ്പോഴുള്ള വിഷാദവും ദൈന്യതയു കാണാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുന്നു!
മക്കളും ബന്ധുക്കളുമില്ലാത്ത ഒട്ടനവധി വയോജനങ്ങളുടെ ജീവിതോപാധി ഈ പെന്‍ഷന്‍ കാശ് തന്നെയായിരുന്നു. ജീവിത സായന്തനത്തില്‍ മരുന്നിനും നിത്യചെലവിനും ഈ പണമായിരുന്നു ആശ്വാസം. ഈ തുക നാല് മാസം മുടങ്ങിയിട്ടും അവര്‍ എങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കാത്ത സര്‍ക്കാര്‍ എത്ര പുരോഗമനം പറഞ്ഞാലും വായാടിത്തം മാത്രമാണ്.
കഴിഞ്ഞ മെയ്, ജൂണ്‍ മാസത്തെ പെന്‍ഷന്‍ ഓണക്കാലമായ ഓഗസ്റ്റ് അവസാനമാണ് വിതരണം ചെയ്തത്. പിന്നീട് പെന്‍ഷന്‍ വിതരണം നടന്നിട്ടില്ല. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള തുകയാണിനി നല്‍കാനുള്ളത്. മാസത്തില്‍ 1,600 രൂപ വീതം ഓരോരുത്തര്‍ക്കും 6,400 രൂപയാണ് കുടിശ്ശിക.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. സംസ്ഥാനത്ത് 52 ലക്ഷം പേരാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. ദേശീയ വാര്‍ധക്യകാല പെന്‍ഷനായി 80 വയസിനു താഴെയുള്ള വയോജനങ്ങള്‍ക്ക് കേന്ദ്രം 200 രൂപ നല്‍കുന്നുണ്ട്. സംസ്ഥാന വിഹിതമായി 1,400 രൂപയുമടക്കം 1,600 രൂപയാണ് പെന്‍ഷന്‍. 80ന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം 500 രൂപയും സംസ്ഥാനം 1100 രൂപയുമാണ് നല്‍കുന്നത്. ദേശീയ വിധവ പെന്‍ഷനായി 80 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം 500 രൂപ നല്‍കുന്നുണ്ട്. 40 മുതല്‍ 80 വരെയുള്ളവര്‍ക്ക് 300 രൂപയാണ് കേന്ദ്രവിഹിതം. ഭിന്നശേഷിക്കാരില്‍, അംഗ പരിമിതി 80 ശതമാനവും ഒപ്പം 18 മുതല്‍ 80 വയസ് വരെയുള്ളവരുമാണെങ്കില്‍ 300 രൂപയും നല്‍കുന്നുണ്ട്. അംഗപരിമിതി 80 ശതമാനവും 80 വയസിന് മുകളില്‍ പ്രായവുമുള്ളവര്‍ക്ക് 500 രൂപയാണ് കേന്ദ്രവിഹിതം. ഇവയോടൊപ്പമെല്ലാം ശേഷിക്കുന്ന തുക സംസ്ഥാന വിഹിതമായി ചേര്‍ത്ത് 1600 രൂപ ഒരുമിച്ചാണ് നല്‍കുന്നത്.
കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണ് പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത് അംഗീകരിക്കാനാവില്ല. വാഗ്ദാനം ചെയ്ത പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. കേന്ദ്രവിഹിതത്തിന്റെ നൂലാമാലകളെക്കുറിച്ചൊന്നും മുമ്പെ പറയാതിരുന്നിട്ട് സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ഈ മുടന്തന്‍ ന്യായം പറയുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ് രണ്ടു രൂപയുടെ ഇന്ധന സെസ് സംസ്ഥാനം ഏര്‍പ്പെടുത്തിയത്. ഇതിലൂടെ പ്രതിവര്‍ഷം 750 കോടി പിരിച്ചെടുക്കുന്നുണ്ട്. എന്നിട്ടും പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കാന്‍ കഴിയാത്തത് ഭരിക്കുന്നവരുടെ അനാസ്ഥ തന്നെയാണ്.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പെന്‍ഷനും എട്ട് മാസമായി മുടങ്ങിയിട്ടുണ്ട്. സൗജന്യ ചികിത്സകൂടി മുടങ്ങിയതോടെ പല രോഗികളും വീടുകളില്‍ അവശതയനുഭവിച്ചു കഴിയുന്നതിന്റെ സങ്കട വാര്‍ത്തകളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് 2200 രൂപയും മറ്റ് രോഗികള്‍ക്ക് 1600 രൂപയും ദുരിതബാധിതരെ സഹായിക്കുന്നവര്‍ക്ക് 700 രൂപയുമാണ് പെന്‍ഷന്‍. ഇതാണ് എട്ട് മാസമായി കിട്ടാതായിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം വഴിയുള്ള സൗജന്യ മരുന്ന് വിതരണം, കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ത്തിയിരുന്നു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം ചെയ്യുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല. പെന്‍ഷനും ചികിത്സയും മുടങ്ങിയതോടെ ഇനി പ്രിയപ്പെട്ടവരുടെ ദയനീയ മരണം കാണേണ്ടിവരുമോയെന്ന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ബന്ധുക്കള്‍ പറയുന്നത് വേദനാജനകമാണ്.
വേദന മാത്രം തിന്ന് ജീവിക്കുന്ന 1000ത്തോളം അരിവാള്‍ രോഗികളുണ്ട് സംസ്ഥാനത്ത്. ഇവരുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസം ഒമ്പതായി. പ്രതിമാസ പെന്‍ഷന്‍ 5000 രൂപയാക്കണമെന്ന റിപ്പോര്‍ട്ട് പൊടിപിടിച്ച് കിടക്കുമ്പോഴാണ് നാമമാത്ര പെന്‍ഷന്‍ പോലും മുടങ്ങിയിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെയും പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നുമാസമായി. ഒരു മാസത്തെ പെന്‍ഷന് കഴിഞ്ഞ ദിവസം 70 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും ഇതാന്നും ഒരായുസ് മുഴുവന്‍ ആനവണ്ടിയെ കാത്ത 45,000 പേരുടെ ദുരിതത്തിന് അറുതിയാവില്ല. ജല അതോറിറ്റിയിലെ 9,832 പേരുടെ പെന്‍ഷന്‍ പരിഷ്‌കരണം ഇതുവരെ നടപ്പായിട്ടില്ല. കെ.എസ്.ഇ.ബിയില്‍നിന്ന് വിരമിച്ച 450 പേരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ടില്ല. 3.86 ലക്ഷം കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷനും കഴിഞ്ഞ 11 മാസമായി നല്‍കിയിട്ടില്ല.
വാര്‍ധക്യവും രോഗവും തളര്‍ത്തിയ ഒരുപാട് പേര്‍ ഇങ്ങനെ തുച്ഛ വരുമാനവും അടഞ്ഞ് ഇവിടെ ജീവിക്കുന്നുണ്ട്. അവര്‍ കേരളീയത്തിന്റെ ആഘോഷ ആള്‍ക്കൂട്ടത്തിലില്ല, വേദന കടിച്ചമര്‍ത്തി നാലു ചുവരുകള്‍ക്കുള്ളിലാണ് ആ ജീവിതമൊക്കെ. സമരത്തിന് ത്രാണിയില്ലാത്തവരാണെങ്കിലും, അരപ്പട്ടിണിയില്‍ കഴിയുന്ന ഇവരുടെ ദൈന്യത സര്‍ക്കാര്‍ കാണാതിരിക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് നേരെ ഇനിയും കണ്ണടയ്ക്കരുത്. എത്രയൊക്കെ വികസനവും കേരളീയവും കൊട്ടിഘോഷിച്ചാലും ഈ വൃദ്ധസമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്നുപോകാവുന്നതേയുള്ളൂ ഇതൊക്കെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."