മണ്ണെണ്ണ വിതരണത്തിന് പ്രത്യേക ലൈസന്‍സ്: എതിര്‍പ്പുമായി റേഷന്‍ വ്യാപാരികള്‍
കോഴിക്കോട്: റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രത്യേക ലൈസന്സെടുക്കണമെന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശത്തിനെതിരേ റേഷന്‍ വ്യാപാരികള്‍. വര്‍ഷത്തില്‍ 1,000 രൂപ ഓരോ റേഷന്‍ ഡീലറും അടയ്ക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍ ഓരോ കടയിലും മണ്ണെണ്ണ വില്പന വഴി ശരാശരി 1,320 രൂപ മാത്രമാണ് കമ്മിഷനായി പ്രതിവര്‍ഷം ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക ലൈസന്സെടുക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. നേരത്തെ ഓരോ മാസവും 3,000 മുതല്‍ 5,000 ലിറ്റര്‍ വരെ മണ്ണെണ്ണ വിറ്റുപോയിരുന്നു. അന്ന് കമ്മിഷനും കൂടുതലായി ലഭിച്ചു. ഇപ്പോള്‍ ഒരു കാര്‍ഡുടമയ്ക്ക് മൂന്നു മാസം കൂടുമ്പോള്‍ അര ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിക്കുന്നത്. ഓരോ ഷോപ്പിലും 100 ലിറ്ററില്‍ താഴെ മാത്രമാണ് വിറ്റുപോകുന്നത്.
മണ്ണെണ്ണ ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ വില്ക്കാന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളെ ലൈസന്‍സെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്ക് സര്‍ക്കുലറയച്ചിരുന്നു. അതിനു പിന്നാലെയാണ് റേഷനിങ് ഡെപ്യൂട്ടി കണ്ട്രോളര് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. മൊത്തവിതരണ കേന്ദ്രത്തില്‍നിന്ന് മണ്ണെണ്ണ റേഷന്കടയിലെത്തിക്കുന്നതും വ്യാപാരികളാണ്. ഇതിന്റെ ചെലവും വഹിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ പുതിയ നിര്‍ദേശം അംഗീകരിക്കില്ലെന്ന് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."