ക്രൂരത കടം തീര്‍ക്കാന്‍ രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്
പെരിന്തല്‍മണ്ണ: രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (70) യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് കളംകുന്ന് സ്വദേശി പന്താര്‍ വീട്ടില്‍ നിഷാദ് അലിയെ (34) പൊലിസ് അറസ്റ്റ് ചെയ്തത്. ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ ഇയാള്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ജൂലൈ 16നാണ് ആയിഷയെ വീട്ടിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കുതാമസിക്കുന്ന ഇവര്‍ പകല്‍ സ്വന്തംവീട്ടിലും രാത്രി സമീപത്തെ മകന്റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം പേരക്കുട്ടികള്‍ വിളിക്കാനെത്തിയപ്പോഴാണ് രക്തംവാര്‍ന്ന് ശുചിമുറിയില്‍ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ പൊലിസിനെതിരേ പ്രതിഷേധവും ഉയര്‍ന്നു. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്. ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞദിവസം കോഴിക്കോട്ടുനിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിഷാദ് അലി സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി അധ്യാപകനായി ജോലിചെയ്തുവരികയായിരുന്നു. ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാനാണ് ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആയിഷയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ലക്ഷ്യമിട്ടതും കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലിസ് പറഞ്ഞു.
ആയിഷ കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ കഴിഞ്ഞയാഴ്ച കര്‍മസമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ യോഗം ഇന്നലെ നടക്കാനിരിക്കെയാണ് പ്രതി വലയിലായെന്ന വിവരം പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."