ആണവനിലയങ്ങളിലെ കാമറാ ദൃശ്യങ്ങള്‍ കൈമാറല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വഴങ്ങി ഇറാന്‍
തെഹ്‌റാന്‍: ഇറാനിലെ ആണവനിലയങ്ങളിലെ കാമറാ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കൈമാറാമെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്റെ ആണവപദ്ധതികള്‍ നിരീക്ഷിക്കാനാണ് കാമറകള്‍ സ്ഥാപിച്ചിരുന്നത്.
എന്നാല്‍ യു.എസ് ഉപരോധം പിന്‍വലിക്കുമെന്ന് കരാറുണ്ടായ ശേഷമേ പ്രധാന ആണവനിലയങ്ങളിലെ കാമറാദൃശ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (ഐ.എ.ഇ.എ) കൈമാറൂവെന്നായിരുന്നു ഇതുവരെ ഇറാന്റെ നിലപാട്. ഐ.എ.ഇ.എ ഡയരക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ഇറാന്‍ ആണവോര്‍ജ ഏജന്‍സി മേധാവി മുഹമ്മദ് അസ്‌ലമിയുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാന്‍ കാമറദൃശ്യങ്ങള്‍ കൈമാറാന്‍ സമ്മതിച്ചത്.
കാമറകള്‍ സര്‍വിസ് ചെയ്യാനും മെമ്മറി കാര്‍ഡുകള്‍ മാറ്റാനും ഇറാന്‍ ഐ.എ.ഇ.എക്ക് അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇറാന്‍ സഹകരിക്കുന്നില്ലെന്നും ജോലി തടസപ്പെടുത്തുന്നതായും ഐ.എ.ഇ.എ പരാതിപ്പെട്ടിരുന്നു. ഇറാന്‍ ആണവായുധമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ ആണവപദ്ധതികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന്‍ പറയുന്നു.
അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനു പകരമായി യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാന്‍ ഇറാന്‍ 2005ല്‍ വന്‍ശക്തി രാജ്യങ്ങളുമായുണ്ടാക്കിയ കരാറില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ 2018ല്‍ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപ് ഭരണകൂടം ഇറാനെതിരേ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."