പുതുതലമുറ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം
യുവജനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വന്‍തോതില്‍ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. കേരള സര്‍ക്കാരിനു കീഴിലുള്ള സാമൂഹിക സംരംഭം ഐ.സി.ടി അക്കാദമി ഓഫ് കേരളയുമായി കൈകോര്‍ത്താണ് തൊഴിലുറപ്പുള്ള നൂതന കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ നോര്‍ക്ക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ഈ മാസം 20 വരെ സമര്‍പ്പിക്കാം.
25നാണ് പ്രവേശന പരീക്ഷ. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടി.സി.എസ് അയോണില്‍ 125 മണിക്കൂര്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭിക്കും. കൂടാത ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 1,400 കോഴ്‌സുകള്‍ പഠിക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ : www.ictkerala.org
എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫുള്‍സ്റ്റാക്
ഡെവലപ്‌മെന്റ്
ഒരു വെബ് അപ്ലിക്കേഷന്റെ ഫ്രണ്ട് എന്‍ഡും ബാക്ക് എന്‍ഡും സമര്‍ഥമായി വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ളവരെയാണ് ഫുള്‍ സ്റ്റാക്ക് ഡെവലപര്‍ എന്നു വിളിക്കുന്നത്. ഫ്രണ്ട് എന്‍ഡ് ഡെവലപറെയും ബാക്ക് എന്‍ഡ് ഡെവലപറെയും പോലെ നിശ്ചിതമായ ജോലികളില്‍ മാത്രം ഒതുങ്ങാതെ ഒരു വെബ് അപ്ലിക്കേഷന്‍ പൂര്‍ണമായും ഡിസൈന്‍ ചെയ്യാനും വികസിപ്പിച്ചെടുക്കാനും കഴിവുള്ളവരാണ് ഫുള്‍ സ്റ്റാക്ക് ഡെവലപേഴ്‌സ്. ഈ മേഖലയിലെ ബാലപാഠങ്ങള്‍ മനസിലാക്കി, സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ ഈ കോഴ്‌സ് വഴി സാധിക്കും.
ഡേറ്റ സയന്‍സ്
ആന്‍ഡ് അനലിറ്റിക്‌സ്
ലോകത്തെ ഏറ്റവും വിലപ്പെട്ട വസ്തുവായി ഡേറ്റ മാറുന്ന കാലത്ത് അതിന്റെ പിന്നിലെ ശാസ്ത്രം വീട്ടിലിരുന്നുതന്നെ പഠിക്കാനാണ് ഈ കോഴ്‌സ് അവസരമൊരുക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും പ്രൊഫഷണല്‍സിനും അനുയോജ്യമായ കോഴ്‌സാണിത്. ആറുമാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടി.സി.എസ് അയോണില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും. കൂടാതെ ലിങ്ക്ഡ് ഇന്‍ ലേണിങ് കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും. ഏതെങ്കിലും എന്‍ജിനീയറിങ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 140 സീറ്റുകളിലേക്കാണ് പ്രവേശനം.
റോബോട്ടിക് പ്രോസസ്
ഓട്ടമേഷന്‍
മാറിയ കാലഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്തും ഒട്ടനവധി തൊഴില്‍ സാധ്യത ഒരുക്കുന്ന നൂതന കോഴ്‌സാണ് റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍. ആവര്‍ത്തന സ്വഭാവമുള്ള ഓഫിസ് ജോലികള്‍ വളരെ കൃത്യമായി പഠിച്ച് അതിവേഗത്തിലും കൃത്യതയോടെയും സോഫ്റ്റ്‌വെയര്‍ ചെയ്യുന്നതിനെയാണ് റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍ എന്നു വിളിക്കുന്നത്. ബാങ്കിങ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഇന്ന് ആര്‍.പി.എ വിദഗ്ധരുടെ ആവശ്യകത വര്‍ധിച്ചുവരികയാണ്. ഈ മേഖലയില്‍ പ്രാവീണ്യം നേടുന്നതോടെ മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ആറുമാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ 70 പേര്‍ക്കാണ് പ്രവേശനം.
സൈബര്‍ സെക്യൂരിറ്റി
അനലിറ്റിക്‌സ്
സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റിന്റെ പ്രാധാന്യം ഏറെയാണ്. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് ഡേറ്റകള്‍ക്കും കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് ഇവരുടെ ജോലി. കൂടാത ഹാക്കിങ്, മാല്‍വേര്‍, ഫിഷിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സുകളിലുള്ള ആക്രമണങ്ങള്‍, ഡേറ്റ ബ്രീചെസ്, സ്‌പൈയിങ് എന്നിവ പ്രതിരോധിക്കുന്നതും ഇവരുടെ ജോലിയാണ്. ഐ.ടി കാലഘട്ടത്തില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മികച്ച കഴിവുനേടുന്നതിന് ഈ കോഴ്‌സ് പ്രയോജനപ്പെടും. ആറുമാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. പ്രവേശനം 140 പേര്‍ക്ക്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
കൊവിഡ് കാലത്ത് ഏറെ കേട്ടുപരിചയപ്പെട്ട വാക്കാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ലോക്ക്ഡൗണ്‍ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റിയ ഒട്ടനവധിപ്പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട ബിസിനസ് സംരംഭകര്‍ക്കുവരെ തങ്ങളുടെ ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റുന്നതിനും അതിലൂടെ ബിസിനസ് വളര്‍ത്തുന്നതിനും സഹായിക്കുന്നവരാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദഗ്ധര്‍. എല്ലാം ഓണ്‍ലൈനില്‍ ആയ ആധുനിക കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗം ഒരുക്കുന്നത് ഒട്ടനവധി തൊഴില്‍ അവസരങ്ങളാണ്. ഈ മേഖലയില്‍ കഴിവുള്ളവര്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ് വിപണിയില്‍. അതിനാല്‍ തന്നെ തൊഴില്‍ പ്രതിസന്ധി നേരിടുന്ന യുവാക്കള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിലൂടെ മികച്ച കരിയര്‍ സൃഷ്ട്ടിച്ചെടുക്കാന്‍ സാധിക്കും. പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നവര്‍ക്ക് 75 ശതമാനം സ്‌കോളര്‍ഷിപ്പും പഠനശേഷം ഇന്റേണ്‍ഷിപ്പും ലഭിക്കും. ആറു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സിലേക്ക് 70 പേര്‍ക്കാണ് പ്രവേശനം.
സോഫ്റ്റ്‌വെയര്‍
ടെസ്റ്റിങ്
ക്ലയന്റിന്റെ ആവശ്യപ്രകാരമുള്ള ഗുണനിലവാരം സോഫ്റ്റ്‌വെയറിന് ഉറപ്പുവരുത്തുന്നതിനെയാണ് സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് എന്നുവിളിക്കുന്നത്. കംപ്യൂട്ടര്‍ യുഗത്തില്‍ മികച്ച പരിശീലനം ലഭിച്ച സോഫ്റ്റ്‌വെയര്‍ ടെസ്റ്റര്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇന്‍ഡസ്ട്രിയില്‍. ഓരോ ദിനവും ഇവരുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യം കണക്കാക്കിയാല്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്‌സ് ഏറെ ഗുണം ചെയ്യും. തുടക്കത്തില്‍ ടെസ്റ്റ് എന്‍ജിനീയറായി കരിയര്‍ ആരംഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് സീനിയര്‍ ടെസ്റ്റ് എന്‍ജീനീയര്‍, ടെസ്റ്റ് മാനേജര്‍ തുടങ്ങിയ തലങ്ങളിലേക്ക് ഉയരാന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്ങിന്റെ ആവശ്യകത, വിവിധ ടെസ്റ്റിങ് രീതികള്‍, ടൂള്‍സ് തുടങ്ങിയവയാണ് ഈ കോഴ്‌സിലൂടെ പഠിപ്പിക്കുന്നത്. ആറു മാസമാണ് കോഴ്‌സ് കാലയളവ്. പഠനശേഷം ടി.സി.എസ് അയോണില്‍ 125 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പുണ്ടായിരിക്കും. 70 സീറ്റുകളിലേക്കാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."