കശ്മീരില്‍ 'ഭീകരവാദികള്‍' കൊലപ്പെടുത്തിയ പൊലിസ് ഓഫിസറുടെ മരണത്തില്‍ ദുരൂഹത; വെടിവച്ചത് സൈന്യമെന്ന് കുടുംബം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 'ഭീകരവാദികള്‍' കൊലപ്പെടുത്തിയ പൊലിസ് ഓഫിസര്‍ ഗുലാം മുഹമ്മദ് ധറിന്റെ മരണത്തില്‍ ദുരൂഹത. ധറിനെ സൈനികര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞമാസം 31നാണ് തങ്മാര്‍ഗിലുള്ള വൈലോ ക്രാല്‍പോറ ഗ്രാമത്തില്‍ സ്വന്തം വീടിന് സമീപത്തുവെച്ച് ധര്‍ വെടിയേറ്റ് മരിച്ചത്. വടക്കന്‍ കശ്മീരിലെ ബാരമുള്ള ജില്ലയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു അദ്ദേഹം.
ഒന്നിലധികം വെടിയുണ്ടകള്‍ ധറിന്റെ ശരീരത്തില്‍ തുളച്ചുകയറിയതിനാല്‍ അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഭീകരവാദികളാണ് സംഭവത്തിന് പിന്നിലെന്നും അവരെ പിടികൂടാന്‍ സുരക്ഷാസേന തിരച്ചില്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നു ദിവസത്തിനിടെ ഭീകരവാദികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇതെന്നും പൊലിസ് പറഞ്ഞിരുന്നു.
എന്നാല്‍, സൈനികവാഹനം കടന്നുപോകുമ്പോഴാണ് പിതാവിന് വെടിയേറ്റതെന്നും ബുള്ളറ്റ് വന്നത് സൈനികവാഹനത്തില്‍നിന്നാണെന്ന് തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയുമെന്നും ധറിന്റെ മകള്‍ ഉസ്മ ഗുല്‍ (20) പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സൈനികര്‍ വെടിയൊച്ച കേട്ടാല്‍ വേഗത്തില്‍ ഓടിക്കാറില്ല. എന്നാല്‍, വെടിയൊച്ച ഉയര്‍ന്നിട്ടും നിര്‍ത്തി ഇടപെടുന്നതിന് പകരം വേഗത്തില്‍ ഓടിച്ചുപോവുകയാണ് അന്ന് ഉണ്ടായത്. ബൈക്കെടുത്ത് ഓടിച്ചുതുടങ്ങുമ്പോഴായിരുന്നു പിതാവിന് വെടിയേറ്റത്. ഇതോടെ നിയന്ത്രണം തെറ്റി സമീപത്തെ വയലിലേക്ക് ബൈക്ക് ചെരിഞ്ഞു. കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നെഞ്ചിന് നേരെ രണ്ട് വെടിയുണ്ടകള്‍ കൂടി വന്നുവെന്നും മകള്‍ ആരോപിച്ചു.
കഴിഞ്ഞ 25 വര്‍ഷമായി ധര്‍ ജമ്മുകശ്മിര്‍ പൊലിസില്‍ സേവനംചെയ്തുവരികയാണ്. അടുപ്പമുള്ളവരോടെല്ലാം നര്‍മത്തോടെയും ആദരവോടെയും പെരുമാറുന്ന ധറിനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഭാര്യയെയും ഏഴു പെണ്‍കുട്ടികളെയും തനിച്ചാക്കിയാണ് ധര്‍ പോയത്.
കൊലപാതകത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ജമ്മുകശ്മീര്‍ ഡി.ജി.പി ആര്‍.ആര്‍ സൈ്വന്‍ പറഞ്ഞു. ചെറിയ മകള്‍ക്ക് അഞ്ചും മൂത്ത മകള്‍ക്ക് 25 ഉം ആണ് പ്രായം. പഠനം പൂര്‍ത്തിയാക്കിയ മൂത്ത മകള്‍ ഉല്‍ഫതിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. അതിനായി വീട് അറ്റകുറ്റപ്പണിയുടെ തിരക്കിലിരിക്കെയാണ് ധര്‍ കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."