ലോക്ക്ഡൗണ്‍ മാനസിക സമ്മര്‍ദത്തില്‍ ജീവനൊടുക്കിയത് 377 കുരുന്നുകള്‍
സ്വന്തം ലേഖകന്‍
കൊച്ചി: കൊവിഡ് ലോക്ക്ഡൗണില്‍ ജനം വീട്ടിലൊതുങ്ങിയപ്പോള്‍ മാനസികസമ്മര്‍ദം താങ്ങാനാകാതെ ജീവനൊടുക്കിയത് 377 കുരുന്നുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കുപ്രകാരം 18 വയസിന് താഴെയുള്ള 324 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷവും 53 കുട്ടികള്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലും ജീവനൊടുക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്.
കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടിയതോടെ, സംസ്ഥാന വനിതാശിശുവികസന വകുപ്പ് സമഗ്ര ശിശുസംരക്ഷണ പദ്ധതിയുടെ കീഴില്‍ 'നിനവ്' എന്ന പേരില്‍ ആത്മഹത്യ പ്രതിരോധ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ പരിഹരിക്കാനും ആത്മഹത്യ തടയുന്നതിനുള്ള ഇടപെടല്‍ നടത്താനുമായി ആത്മഹത്യ പ്രതിരോധ സെല്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് 'നിനവ്. കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള പദ്ധതികളും 'നിനവ് ലക്ഷ്യമിടുന്നു.
സ്വയം മരണംവരിച്ചവര്‍ പഠനത്തില്‍ മിടുക്കര്‍
മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പഠനത്തില്‍ 2020 ജനുവരി ഒന്നിനും ജൂലൈ 31നും ഇടയില്‍ 158 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇതില്‍ പെണ്‍കുട്ടികള്‍ ആയിരുന്നു കൂടുതല്‍. 57 ശതമാനം. 15-18 പ്രായത്തിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരിലേറെയും. ഭൂരിഭാഗം കുട്ടികളും സര്‍ക്കാര്‍ സ്‌കൂളുകളിലും(48 ശതമാനം) സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും(30 ശതമാനം) പഠിക്കുന്നവരായിരുന്നു. 74 ശതമാനം കുട്ടികളും മാതാപിതാക്കളോടൊപ്പം കഴിഞ്ഞവരായിരുന്നു. 158 ആത്മഹത്യാ കേസുകളില്‍ 41ല്‍ കാരണം അജ്ഞാതം.
ആത്മഹത്യ ചെയ്ത 50 കുട്ടികളും പഠനത്തില്‍ മിടുക്കരായിരുന്നു. അവരില്‍ ഒരാള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് പോലും ലഭിച്ചിരുന്നു.
മറ്റൊരാള്‍ ക്ലാസ് ലീഡറും മറ്റൊരാള്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റായിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വീഴ്ച സംഭവിച്ചതായും സമിതിയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."