പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ്; പാളിയ തുടക്കം
- വെബ്‌സൈറ്റ് പണിമുടക്കി
കോഴിക്കോട്: ഇന്നലെ ആരംഭിച്ച പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് തുടക്കത്തിലേ പാളി. രാവിലെ മുതല്‍ hscap.kerala.gov.in വൈബ്സൈറ്റില്‍ ട്രയല്‍ അലോട്ട് ഫലം ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ ശ്രമിച്ചിട്ടും വെബ്സൈറ്റ് പണിമുടക്കിയതിനാല്‍ ഫലം ലഭിച്ചില്ല. അതിനിടെ വൈകീട്ട് കുറച്ചു സമയം കിട്ടിയെങ്കിലും സൈറ്റ് വീണ്ടും ഹാങ്ങായി. വൈബ്സൈറ്റിന്റെ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.
ട്രയല്‍ അലോട്ട്മെന്റ് ഫലം നോക്കാനായി രാവിലെ മുതല്‍ ലാപ്ടോപ്പിനും മൊബൈല്‍ ഫോണുകള്‍ക്കും മുന്നില്‍ ഇരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരാശയായിരുന്നു ഫലം. വീട്ടില്‍ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കാത്ത കുട്ടികള്‍ ട്രയല്‍ അലോട്ട്മെന്റ് ഫലം ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളില്‍ പോയി മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ടിവന്നു.
ഇത്തരത്തില്‍ ട്രയല്‍ അലോട്ട് മെന്റ് ഫലം വെബ്സൈറ്റില്‍ ലഭിക്കാത്തത് വിദ്യാര്‍ഥികളെ വന്‍ പ്രതിസന്ധിയിലാക്കും. ഇത് ലഭിച്ചാലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാനും തിരുത്താനും ഒപ്ഷന്‍ മാറ്റാനും സാധിക്കുകയുള്ളു. വരുംദിവസങ്ങളിലും സൈറ്റ് പണിമുടക്കിയാല്‍ കുട്ടികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം നഷ്ടപ്പെടാനിടയാക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
16 വരെയാണ് ട്രയല്‍ അലോട്ട്മെന്റിന് സമയം അനുവദിച്ചിരിക്കുന്നത്. 22 മുതലാണ് അലോട്ട്മെന്റ് നടക്കുക. എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചതു മുതല്‍ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ബോണസ് മാര്‍ക്ക് അനുവദിക്കുന്നതകും നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ പരിശോധന ഏര്‍പ്പെടുത്തിയതും പിന്നീട് അത് നിര്‍ത്തിവച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അപേക്ഷിക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതും ഏറെ വിവാദമായിരുന്നു. അതിനിടെയാണ് ഏറെ സാങ്കോതിക മികവോടെ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് പണിമുടക്കുന്നത്. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ പരീക്ഷകള്‍ പാസായ നാലര ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."