വാഗമണ്‍ ലഹരിപ്പാര്‍ട്ടി: തീവ്രക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത് അസത്യം
ബാസിത് ഹസന്
തൊടുപുഴ: വാഗമണ്ണിലെ വിവാദ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത് വാസ്തുതാവിരുദ്ധ കാര്യങ്ങള്‍. ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 21 ഓളം പേര് അറസ്റ്റിലായെന്നും ഇതില്‍ പുരുഷന്മാരെല്ലാം മുസ്ലിം സമുദായക്കാരാണെന്നും സ്ത്രീകള്‍ ക്രിസ്ത്യന്‍, ഹൈന്ദവ സമുദായക്കാരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ പ്രചാരണം നടക്കുന്നത്.
പി.സി ജോര്‍ജും സിറോ മലബാര്‍ സഭയുടെ വക്താക്കളും എ.കെ.സി.സി നേതാക്കളും ചാനല്‍ ചര്‍ച്ചകളില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി തുടങ്ങി ഇപ്പോള്‍ സഭയുടെ വക്താക്കള്‍ പോലും ഏറ്റെടുത്തിരിക്കുന്നത് അസത്യ പ്രചാരണമാണ്.
അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍
2020 ഡിസംബര്‍ 20 നാണ് വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് ഇടുക്കി അഡീ. എസ്.പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍കോട്ടിക് സെല്‍ റെയ്ഡ് നടത്തിയത്. സ്ത്രീകളടക്കം അറുപതോളം പേര് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. ഒരു സ്ത്രീയടക്കം ഒന്‍പത് പേരാണ് ആദ്യം അറസ്റ്റിലായത്.
ഇതില്‍ വിവിധ സമുദായക്കാരുണ്ട്. വാഗമണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈസ്തവ നാമധാരിയായ പ്രതിക്കാണ് നൈജീരിയന്‍ സ്വദേശികള്‍ ബംഗളൂരുവില്‍ വച്ച് ലഹരി വസ്തുക്കള്‍ കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളാണ് വാഗമണ്ണില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചത്. തുടര്‍ന്ന് മൂന്നു നൈജീരിയന്‍ സ്വദേശികള്‍ ഉള്‍പ്പടെ 13 പേരെ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഇതില്‍ ഒരു നൈജീരിയന്‍ പൗരന് ഒഴികെ 12 പേര് അറസ്റ്റിലായിരുന്നു.
ഒരാളെ ഇനിയും പിടികൂടാനായിട്ടില്ല. ഈ നൈജീരിയന്‍ സ്വദേശികളും ക്രൈസ്തവ നാമധാരികളാണെന്നാണ് അറിയുന്നത്. ആറു മാസത്തിന് ശേഷം പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. സി.പി.ഐ നേതാവും ക്രൈസ്തവ സമുദായാംഗവുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് ഈ പാര്‍ട്ടി നടന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."