എ.ഐ.വൈ.എഫ് ജില്ലാസമ്മേളനത്തിന് തുടക്കം
കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാസമ്മേളനത്തിന് തുടക്കമായി. പതാക-ബാനര്‍-കൊടിമര ജാഥകള്‍ ചിന്നക്കടയിലെ തെങ്ങമം ബാലകൃഷ്ണന്‍നഗറില്‍ സമാപിച്ചു. അഡ്വ. ജി ലാലു കൊടിമരവും അഡ്വ. സജിലാല്‍ പതാകയും ഹണി ബഞ്ചമിന്‍ ബാനറും ഏറ്റുവാങ്ങി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ ജാഥകളെ അനുഗമിച്ചാണ് സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സദസ് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അദ്ധ്യക്ഷയായിരുന്നു. ഡോ. ബി.എ രാജാകൃഷ്ണന്‍, ഇ.എ രാജേന്ദ്രന്‍, ഡി സുകേശന്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് നാലിന് ക്യുഎസി ഗ്രൗണ്ടില്‍ നിന്നും യുവജനറാലി ആരംഭിക്കും. ജില്ലയിലെ 17 മണ്ഡലം കമ്മിറ്റികള്‍ പ്രത്യേക ബാനറിന് കീഴില്‍ യുവതീയുവാക്കളെ അണിനിരത്തും. റാലി കോര്‍പ്പറേഷന്‍ ഓഫിസ്, റയില്‍വേസ്റ്റേഷന്‍, ചിന്നക്കട, പാര്‍വതിമില്‍ ജങ്ഷന്‍ ചുറ്റി ആശ്രാമം റോഡിലെ പൈ ഗോഡൗണ്‍ മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് ചേരുന്ന ഫാസിസ്റ്റ് വിരുദ്ധസംഗമം സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. അനില്‍ എസ് കല്ലേലിഭാഗം അദ്ധ്യക്ഷനാകും. സി.പി.ഐ സംസ്ഥാന എക്‌സി. അംഗങ്ങളായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ജെ ജയശങ്കര്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ആര്‍ വിജയകുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ അഡ്വ. എ രാജീവ് നന്ദിയും പറയും.യുവജനറാലിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരുമായെത്തുന്ന വാഹനങ്ങള്‍ ക്യുഎസി ഗ്രൗണ്ടിന് സമീപം പ്രവര്‍ത്തകരെ ഇറക്കിയശേഷം ചെമ്മാംമുക്ക് കടപ്പാക്കട വഴി ആശ്രാമം മൈതാനത്ത് പാര്‍ക്ക് ചെയ്യണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ വിജയകുമാറും കണ്‍വീനര്‍ സി പി പ്രദീപും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."