സര്‍വകലാശാലകളില്‍ പിടിമുറുക്കാന്‍ ശമ്പള കമ്മിഷന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ഭരണം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ ശമ്പളകമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പുതുക്കിയ ശമ്പളസ്‌കെയിലും നിര്‍ദേശങ്ങളും അടങ്ങിയ പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് മുകളിലുള്ള തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റങ്ങള്‍ സീനിയോറിറ്റിക്ക് പകരം വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നും കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ്, ടൈപ്പിസ്റ്റ് തുടങ്ങി അനാവശ്യതസ്തികകള്‍ നിര്‍ത്തലാക്കണമെന്നും സര്‍വകാലാശാല ഭരണസംവിധാനം പൂര്‍ണമായും നവീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
സര്‍വകലാശാല ഭരണതലത്തില്‍ ഇ-ഗവേണന്‍സും ഡിജിറ്റലൈസേഷനും കൊണ്ടുവരണം, സര്‍വകലാശാല ലൈബ്രറികളുടെ പ്രവര്‍ത്തനം ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം പുനഃക്രമീകരിക്കണം, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല ലൈബ്രറികളെയും സോഫ്റ്റ്‌വെയര്‍ മുഖേന ബന്ധിപ്പിക്കണം, വിലപിടിപ്പുള്ള പുസ്തകങ്ങള്‍ ഇന്റര്‍ലൈബ്രറി ലോണ്‍ വ്യവസ്ഥയില്‍ ലഭ്യമാക്കണം, സര്‍വകലാശാലകളിലെ എന്‍ജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം, സര്‍വകലാശാലകളുടെ പ്ലാനിങ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ നിയമിക്കണം, സെക്രട്ടേറിയറ്റ് സര്‍വിസില്‍ ഇല്ലാത്ത സെക്ഷന്‍ ഓഫിസര്‍, പൂള്‍ ഓഫിസര്‍ തസ്തികള്‍ നിര്‍ത്തലാക്കണം, ഒന്‍പതാം ശമ്പള കമ്മിഷന്‍ നിര്‍ത്തലാക്കിയ അനുപാത പ്രമോഷനുകള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ തുടരുന്നത് തടയണം, സര്‍വകലാശാല ഭരണത്തിന് അനുയോജ്യമായി പ്രത്യേക ഓഫിസ് മാന്വല്‍ തയാറാക്കണം, പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍വകലാശാല ചട്ടങ്ങളിലും ഭരണകാര്യങ്ങളിലും പരിശീലനം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."