വിദ്യാര്‍ഥിനിയുടെ മരണം അധ്യാപകനെതിരേ പോക്‌സോ കേസെടുത്തു
കാസര്‍കോട്: മേല്‍പറമ്പിലെ സഫ ഫാത്തിമ മരിച്ച സംഭവത്തില്‍ അധ്യാപകനെതിരേ പോക്‌സോ, ഐ.ടി ആക്ട് വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് കേസെടുത്തു. മേല്‍പ്പറമ്പ് ദേളിയിലെ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായിരുന്ന സഫ ഫാത്തിമ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാനെ (26) കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. സഫയുടെ അധ്യാപകന്‍ അല്ലാതിരുന്നിട്ടും ഇയാള്‍ സഫ ഫാത്തിമ ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഉപയോഗിച്ചിരുന്ന മാതാവിന്റെ ഫോണ്‍ വഴി ചില സന്ദേശങ്ങള്‍ അയച്ചതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് പിതാവ് മന്‍സൂര്‍ തങ്ങളും കുടുംബവും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് പോക്‌സോ, ഐ.ടി ആക്ട് വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. സഫ ഉപയോഗിച്ചിരുന്ന ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു പരിശോധനയ്ക്ക് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സഫയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് വിവരം.
കുട്ടി മരിച്ചതിനു പിന്നാലെ ഒളിവില്‍ പോയ ഉസ്മാനെ കണ്ടെത്താന്‍ പൊലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. മുള്ളേരിയ ആദൂരിലുള്ള ഇയാളുടെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. സഫയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റവാളിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."