നെല്‍വയല്‍ നികത്തല്‍: നടപടി വേണമെന്ന് ജില്ലാ വികസനസമിതി
കൊല്ലം: ജില്ലയില്‍ അനധികൃത മണ്ണെടുപ്പും നെല്‍വയല്‍ നികത്തലും സംബന്ധിച്ചുള്ള പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യമുയര്‍ന്നു. റവന്യൂ, പൊലിസ്, ജിയോളജി, കൃഷി വകുപ്പുകളുടെ സംയുക്ത ഇടപെടല്‍ ഊര്‍ജിതമാക്കുമെന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം വയല്‍ നികത്തുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ മിത്ര. റ്റി അറിയിച്ചു. നിലംനികത്തല്‍ സംബന്ധിച്ചുള്ള പരാതികളില്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ എല്‍. ആര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എം.എല്‍.എ മാരായ മുല്ലക്കര രത്‌നാകരന്‍, എം. നൗഷാദ്, ജി. എസ് ജയലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ എന്നിവരാണ് ഇതു സംബന്ധിച്ച വിവിധ വിഷയങ്ങള്‍ വികസനസമിതിയില്‍ ഉയര്‍ത്തിയത്.
തങ്കശ്ശേരി പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാണെന്നും ഈ വിഷയം ജല അതോറിറ്റി അടിയന്തര പ്രധാന്യത്തോടെ പരിഹരിക്കണമെന്നും എം. മുകേഷ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. മുടങ്ങിക്കിടന്ന അഷ്ടമുടി- തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് മുകേഷ് എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ച് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കല്ലുവാതുക്കല്‍ പഞ്ചായത്തിനെയും പുനലൂര്‍ മുനിസിപ്പാലിറ്റിയെയും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഉന്നതതല യോഗം വിളിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും ചിറ്റുമല ചിറ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും ചക്കുവള്ളി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പെട്ടെന്ന് പരിഹാരം കാണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ഭാഗത്ത് തുടര്‍ച്ചയായ ടാങ്കര്‍ ലോറി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ നടപടികള്‍ക്കായി 66 ലക്ഷം രൂപയുടെ പദ്ധതി ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചതായി പി.ഡബ്ല്യൂ.ഡി ദേശീയപാതാ വിഭാഗം അധികൃതര്‍ ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. ദേശീയ പാതയുടെ വശങ്ങള്‍ മണ്ണിട്ട് നികത്തി ചരിവ് മാറ്റുന്ന നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് എന്‍ വിജയന്‍പിള്ള എം.എല്‍.എ ആവശ്യപ്പെട്ടു.
ഓണക്കാലമടുത്തതിനാല്‍ പഴം പച്ചക്കറികള്‍ പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധകാണിക്കണമെന്നും അത്തില്‍ ചെമ്മാന്‍മുക്ക് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടിന്തരമായി പൂര്‍ത്തിയാക്കണമെന്ന് കെ എസ് റ്റി പി അധികൃതരോട് ജനപ്രതിനിധികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."