കോസ്‌മോസ് സ്‌പോര്‍ട്‌സ് അക്കാദമി 3-ാം ശാഖ മുസഫയില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും
പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും
ദുബായ്: മികച്ച സ്‌പോര്‍ട്‌സ് പരിശീലന സൗകര്യം വാഗ്ദാനം ചെയ്ത് കോസ്‌മോസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ മൂന്നാമത്തെ ശാഖ ശനിയാഴ്ച അബുദാബി മുസഫയില്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് 4ന് പത്മശ്രീ എം.എ യൂസഫലിയാണ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹ്മദ്, യുവ നടി നൂറിന്‍ ഷെരീഫ്, നടനും തിരക്കഥാകൃത്തുമായ ഫഹീം സഫര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ-ചെയര്‍മാന്‍ എ.കെ ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ വിവിധ കായിക ഇനങ്ങളില്‍ മികച്ച പരിശീലനമാണ് അക്കാദമിയില്‍ നല്‍കുക. കായിക രംഗത്തെ ആധുനിക സൗകര്യ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇന്‍ഡോര്‍ പരിശീലന ഗ്രൗണ്ടുകള്‍, മികച്ച സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, വിദഗ്ധ പരിശീലകര്‍ എന്നിവയ്‌ക്കൊപ്പം കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും കായിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സമഗ്രമായ ഒരു വേദി തന്നെ കോസ്‌മോസ് സ്‌പോര്‍ട്‌സ് വാഗ്ദാനം ചെയ്യുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ഇവിടെ പരിശീലിക്കാമെന്ന് ഡയറക്ടര്‍ എ.കെ ജാസിം പറഞ്ഞു.
ഇന്ത്യയിലെ മികച്ച മള്‍ട്ടി ബ്രാന്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ഷോറൂം ശൃംഖലയാണ് കോസ്‌മോസ് സ്‌പോര്‍ട്‌സ്. ഇന്ത്യയില്‍
12 സ്ഥാപനമുള്ള ഇവര്‍ക്ക് യുഎഇയില്‍ രണ്ട് സ്‌പോര്‍ട്‌സ് ഷോറൂമുകളാണുള്ളത്. ഇതിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് അക്കാദമി നിലവില്‍ കറാമയിലും അല്‍ ബര്‍ഷയിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും ജേതാക്കള്‍ക്ക് 10,000 ദിര്‍ഹമും രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹമും സമ്മാനമായി നല്‍കുമെന്ന് എ.കെ ഫൈസല്‍ പറഞ്ഞു. ഉദ്ഘാടന ദിവസം യുഎഇയിലെ പ്രമുഖരായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ക്രിക്കറ്റ് മത്സരം ഉണ്ടായിരിക്കും. വിജയികള്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. സാലി കുഞ്ഞു, കീര്‍ത്തി, പാരാഗ്, ശ്യാം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."