തൂത്താലും പോകാത്ത ജാതിവിചാരങ്ങൾ
അയൽ സംസ്ഥാനങ്ങളിൽ അരങ്ങുതകർത്താടുന്ന ജാതിക്കോമരങ്ങൾക്കെതിരേ ധാർമികരോഷം കൊള്ളുന്ന കേരളീയ സമൂഹത്തിന്റെ പ്രകടനം അടുത്തടുത്തുണ്ടായ ചില സംഭവങ്ങളിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജാതീയതയുടേയും തീണ്ടലിന്റേയും വ്രണങ്ങൾ തൊലിപ്പുറം മാത്രമാണ് ഭേദപ്പെട്ടത്. അകത്ത് അതിന്റെ പാടുകളും വടുക്കളും ഇപ്പോഴും കനംവച്ചുതന്നെയുണ്ട്. കേരളത്തെ നോക്കി ഭ്രാന്താലയം എന്ന് പണ്ട് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ഇക്കാലത്തും അക്ഷരംപ്രതി ശരിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
നാടിനെ നടുക്കിയ നരബലിക്ക് പുറമെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കലാ സാംസ്‌കാരിക കേന്ദ്രങ്ങളിലുമൊക്ക പച്ചയായ ജാതിവിവേചനവും തിമിർത്താടുകയാണ്. സ്ഥാപനമേധാവികൾ തന്നെ ജാതിമേൽക്കോയ്മയുടെ മേലങ്കി എടുത്തണിയുമ്പോൾ കേരളം നേടി എന്നവകാശപ്പെടുന്ന നവോത്ഥാനം ഏത് സമുദ്രത്തിലാണ് മുങ്ങിപ്പോയതെന്നന്വേഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്.
കോട്ടയം കെ.ആർ നാരായണൻ നാഷണൽ വിഷ്വൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ, തൂത്താലും പോകാത്ത ജാതിവിചാരങ്ങളുടെ തിരതള്ളലുകൾ സംബന്ധിച്ചുള്ളതാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനത്തിൽ മനംമടുത്ത വിദ്യാർഥികൾ സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിലാണിപ്പോൾ. സമരം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും, പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന, പുരോഗമനചിന്താവാഹകരെന്ന് ഊറ്റം കൊള്ളുന്ന വിദ്യാർഥി സംഘടനകളോ യുവജനപ്രസ്ഥാനങ്ങളോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടിവാതിൽക്കൽ ഇതുവരെ ചെന്നിട്ടില്ല. വിവേചനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന സഹജീവികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനോ അവരുടെ സമരത്തിനൊപ്പം നിൽക്കാനോ അവർ സന്നദ്ധരായിട്ടില്ല. എൻ.ഐ.എ അറസ്റ്റ് ചെയ്ത വിദ്യാർഥി അലൻ ശുഹൈബിന് സുപ്രിംകോടതി നൽകിയ ജാമ്യം റദ്ദാക്കാൻ ഇല്ലാത്ത റാഗിങ്ങിന്റെ പേരിൽ അവർ അത്യുത്സാഹത്തോടെ രംഗത്തുണ്ടുതാനും.
സ്വീപ്പർമാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുക, ദലിത് വിദ്യാർഥികളെ അപമാനിക്കും വിധം അവർക്ക് നേരെ ജാതി അധിക്ഷേപം നടത്തുക, സീറ്റുകൾ ഒഴിവുണ്ടായിട്ടും ദലിത് വിദ്യാർഥികൾക്ക് പ്രവേശനം നൽകാതിരിക്കുക, ദലിത് സംവരണം അട്ടിമറിക്കുക, പുതിയ ബാച്ചിലെ വിദ്യാർഥികൾക്ക് സിലബസും നോട്‌സും നൽകാതെ അവരെ മാനസികമായി പീഡിപ്പിക്കുക, കാരണമില്ലാതെ വിദ്യാർഥികളെ പുറത്താക്കുക, സർക്കാരിന്റെ ഔദാര്യമാണ് നിങ്ങൾക്കുള്ളതെന്ന് പറഞ്ഞ് അപമാനിക്കുക എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഡയരക്ടർ ശങ്കർ മോഹനെതിരേ വിദ്യാർഥികൾ ഉന്നയിക്കുന്നത്.
സമരരംഗത്തുള്ള വിദ്യാർഥികളെ അനുഭാവപൂർവം കേൾക്കാനോ അവരുയർത്തുന്ന ആരോപണങ്ങൾ അന്വേഷിക്കാനോ സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിദ്യാർഥി പ്രതിനിധികളുമായും ഡയരക്ടർ ശങ്കർ മോഹനനുമായും ചർച്ച ചെയ്തുവെന്നതല്ലാതെ പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങളൊന്നും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
2014ൽ ആണ് കോട്ടയം തെക്കുംതലയിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ പേരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് തുടങ്ങുന്നത്. രാഷ്ട്രാന്തരീയ പ്രശസ്തനായ അടൂർ ഗോപാലകൃഷ്ണനാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ. മതവിവേചനത്തിനും ജാതീയതക്കുമെതിരേ ആരോടും 'വിധേയ'നാകാതെ തന്റെ മാധ്യമത്തിലൂടെ പൊരുതിയ വ്യക്തിയും കൂടിയാണ് അടൂർ. അദ്ദേഹം ചെയർമാനായ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം നടക്കുന്നു എന്ന വാർത്ത ശുഭകരമല്ല.
ജാതീയമായ അസ്പൃശ്യതകളും ഉച്ചനീചത്വവും ബാല്യം മുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയായിരുന്നു കെ.ആർ നാരായണൻ, ഇന്ത്യ കണ്ട പ്രഗത്ഭ വ്യക്തികളിൽ അദ്വിതീയനായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടുപോലും ജാതിവിവേചനങ്ങൾക്ക് മൂടുപടമില്ലാത്ത അന്നത്തെ കേരളത്തിൽ ഒരു കോളജ് അധ്യാപകന്റെ ജോലി പോലും നാരായണന് നിഷേധിക്കപ്പെട്ടത് ചരിത്രമാണ്. കേരളത്തിൽ തുടരുവാൻ വയ്യാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയത്. കെ.ആർ നാരായണനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ വിചക്ഷണർ നാരായണന്റെ ജാതി തിരക്കാതെ അക്കാദമിക് യോഗ്യത മാത്രം അന്വേഷിച്ച് അവർ മാന്യമായ നിലയിലാണ് അദ്ദേഹത്തോട് ഇടപെട്ടിരുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സ്തുത്യർഹമായ വിജയം നേടിയ കെ.ആർ നാരായണൻ നെഹ്‌റു സർക്കാരിന്റെ കാലത്ത് ഇംഗ്ലണ്ട് അടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ചു. വിശ്വപൗരന്റെ പ്രതിഛായ ഉണ്ടായിട്ടും, ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രവർത്തിച്ചിട്ടും ദലിതനെന്ന അപരവൽക്കരണം കെ.ആർ നാരായണൻ അനുഭവിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. അതിന്റെ തനിയാവർത്തനം അദ്ദേഹത്തിന്റെ സ്മരണക്കായി സ്ഥാപിക്കപ്പെട്ട സ്ഥാപനത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നത് എന്തുമാത്രം ദുഃഖകരമാണ്. മലയാളികൾ നേടി എന്നഭിമാനിക്കുന്ന പുരോഗമനചിന്ത വെറും മിഥ്യയാണെന്ന് വിളിച്ചു പറയുന്നതാണ് ഇത്തരം ആവർത്തനങ്ങൾ. ജാതീയ വിവേചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ഈ നൂറ്റാണ്ടിൽ പോലും രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പ്രചാരണ ജാഥകൾ നടത്തേണ്ടിവരുന്നു എന്നത് ലജ്ജാവഹമാണ്. നവോഥാനത്തിന്റെ ഗിരിശൃംഗങ്ങൾ താണ്ടി എന്നഭിമാനിക്കുന്ന കേരളീയ സമൂഹത്തിന്റെ സിരകളിലൂടെയാണ് ഇത്തരം യാത്രകൾ പോയ്‌ക്കൊണ്ടിരിക്കുന്നത്.
നിരവധി സാമൂഹ്യ പരിഷ്‌കർത്താക്കൾ ഉഴുതു മറിച്ചിട്ട മണ്ണിലാണ് കമ്യൂണിസ്റ്റ് പാർട്ടി വിത്തെറിഞ്ഞ് നേട്ടം കൊയ്‌തെടുത്തതും അധികാരത്തിൽ വന്നതും. ആളുകൾ ദാസ് ക്യാപിറ്റൽ വായിച്ചിട്ടല്ല. സാമൂഹ്യ പരിഷ്‌കർത്താക്കളുടെ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായ സംസ്ഥാനത്തെ ഇടത് മുന്നണി സർക്കാരിന് കോട്ടയത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്ന, ദലിതു വിദ്യാർഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതി വിവേചനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാനുള്ള ബാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."