ദുരിതകാലത്തും അതിരുവിട്ട് ആഘോഷം
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ തുറന്നുപറഞ്ഞത് ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ്. നിത്യനിദാന ചെലവുകള്‍ക്കുപോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വൈകുന്നതിനെതിരേ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കേരളത്തിന്റെ സാമ്പത്തിക നിലയുടെ ഗുരുതരാവസ്ഥ ചീഫ് സെക്രട്ടറി, നീതിപീഠത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.
സംസ്ഥാന സര്‍ക്കാരിനും കേരളീയം പരിപാടിക്കുമെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഹരജി പരിഗണിക്കുന്നതിനിടെ കോടതി നടത്തിയത്. ആഘോഷത്തിനല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കുകള്‍ വെള്ളത്തിലെ വരപോലെ നമ്മുടെ അധികാരികളുടെ മനസില്‍നിന്ന് അപ്പോള്‍തന്നെ മാഞ്ഞുപോയിരിക്കണം. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കില്‍ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാന്‍ കഴിയില്ലെന്ന കോടതി നിരീക്ഷണം സംസ്ഥാന സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്.
ഒരുവശത്ത് ആര്‍ഭാടപൂര്‍വം നടത്തിയ കേരളീയം പരിപാടിയിലെ ജനപങ്കാളിത്തത്തിലും ഈ മാസം ആരംഭിക്കുന്ന നവകേരള സദസിന്റെ ഭാഗമായുള്ള മണ്ഡലപര്യടനത്തിനുള്ള ഒരുക്കങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഊറ്റംകൊള്ളുമ്പോള്‍, മറുവശത്ത് തുച്ഛമായ പെന്‍ഷന്‍ ആനുകൂല്യങ്ങളും അവശ്യസാധനങ്ങളും നിഷേധിക്കപ്പെട്ട ദരിദ്രവിഭാഗങ്ങള്‍ തീ തിന്നുകയാണ്.
ശമ്പളവും പെന്‍ഷനും മുടങ്ങുക, അടിയന്തര സ്വഭാവമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുക, നിയമന നിരോധനം, ട്രഷറി സ്തംഭനം എന്നിവയൊക്കെ ഒരു സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതിന്റെ സൂചകങ്ങളാണ്. മുമ്പും കേരളം ഈ പ്രതിസന്ധികളിലൂടെ പോയതുമാണ്. അപ്പോഴൊക്കെ മുണ്ടുമുറുക്കിയുടുക്കാനോ മറ്റു ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താനോ അക്കാലത്തെ സര്‍ക്കാരുകള്‍ കഠിനശ്രമം നടത്തിയിട്ടുമുണ്ടായിരുന്നു.
എന്നാല്‍ കഴുത്തറ്റം കടത്തില്‍ മുങ്ങിയിട്ടും കേരളീയത്തിന്റെ പേരിലുള്ള ആഘോഷങ്ങളിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ നമ്മുടെ അധികാരികള്‍. അപ്പോഴും കാലിയായ ഖജനാവിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ധനവകുപ്പ്. ഭക്ഷ്യവകുപ്പില്‍നിന്നും വിദ്യാഭ്യാസവകുപ്പില്‍നിന്നുമുള്ള സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിത്തുറന്നു പറയുകയുണ്ടായി.
സപ്ലൈകോക്ക് നല്‍കേണ്ട പണത്തിനുവേണ്ടി മന്ത്രി ജി.ആര്‍ അനിലും സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള കാശിന് മന്ത്രി വി. ശിവന്‍കുട്ടിയും സഹികെട്ട് പൊട്ടിത്തെറിച്ചത് കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ്. സപ്ലൈകോക്കു നല്‍കാനുള്ള 1,524 കോടി രൂപയില്‍ ഒരു ഭാഗമെങ്കിലും ഉടന്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ പൊതുവിതരണമേഖല സ്തംഭിക്കുമെന്നുറപ്പാണ്.
ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഊണ് നൽകിയ വകയിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആറു കോടി രൂപയാണ് കൊടുക്കാനുള്ളത്. കേരളീയത്തിനു കൊടിയിറങ്ങിയതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ കുടുംബശ്രീ വനിതകളുടെ പ്രതിഷേധം അരങ്ങേറിയതും ഇടതു സർക്കാരിന് ഭൂഷണമല്ല.
സാമ്പത്തികവര്‍ഷം പകുതി പിന്നിട്ടതേയുള്ളുവെങ്കിലും ഇനി അധികമൊന്നും കടമെടുക്കാന്‍ ബാക്കിയില്ല. ബജറ്റില്‍ പ്രഖ്യാപിച്ച വരുമാന വളര്‍ച്ചയുടെ പകുതിപോലും കൈവരിക്കാനാവാതെ മുടന്തുകയാണ് സര്‍ക്കാര്‍. അഞ്ചു ലക്ഷത്തിനുമേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനു ട്രഷറികള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടു നാലു മാസമായി. എന്നാല്‍ അഞ്ചു ലക്ഷത്തില്‍ താഴെയുള്ള ബില്ലുകൾ പോലും ട്രഷറി ശാഖകളില്‍നിന്ന് മാറാന്‍ കഴിയുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എല്ലാ കുടിശികകളും മരവിപ്പിച്ചതുവഴി 35,000 കോടിയുടെ അധിക ബാധ്യതയും സര്‍ക്കാരിനുമേലുണ്ട്. കേന്ദ്രം കനിയുകയോ നികുതി, നികുതിയിതര വരുമാനം വര്‍ധിപ്പിക്കുകയോ ചെയ്യാതെ, നിലയില്ലാക്കടത്തില്‍നിന്ന് സര്‍ക്കാരിനു കരകയറാനാവില്ലെന്നു വ്യക്തം. നിലവിലെ സകല സാമ്പത്തിക പ്രതിസന്ധികള്‍ക്കും കാരണം കേന്ദ്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും റവന്യൂ കമ്മി ഗ്രാന്റിലെ കുറവുമൊക്കെ ഇതിനു തെളിവായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. സംസ്ഥാനത്തിന് ഗുണകരമായ നിലപാടല്ല പൊതുവേ കേന്ദ്രം സ്വീകരിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍, അതിന് അവസരം ഒരുക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചകള്‍ മറച്ചുവയ്ക്കാനാവില്ല. ബജറ്റിനുപുറത്ത്, കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ കടമായിത്തന്നെ പരിഗണിക്കേണ്ടി വരുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത് ഗൗരവത്തിലെടുക്കുന്നതിനു പകരം സി.എ.ജിയുമായി പോരിനിറങ്ങാനായിരുന്നു സര്‍ക്കാരിനു തിടുക്കം. അന്ന് സി.എ.ജി പറഞ്ഞിടത്തേക്കാണ് ഇന്ന് കാര്യങ്ങളെത്തിനില്‍ക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും എടുത്ത വായ്പ മാത്രമല്ല, പൊതുജനങ്ങളുടെ ട്രഷറി നിക്ഷേപം പോലും സര്‍ക്കാരിന്റെ കടമായാണ് കേന്ദ്രം കണക്കാക്കുന്നത്.
സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ 24,690 കോടി രൂപയാണ് സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം. അതായത്, ചെലവുകള്‍ നടത്തുന്നതിനു വരവു തികയാത്തതിനാല്‍ സര്‍ക്കാര്‍ കടമെടുക്കേണ്ടി വന്ന തുകയാണിത്രയും. കേന്ദ്ര നടപടികള്‍ കാരണം വരുമാനത്തില്‍ 57,400 കോടി രൂപയുടെ കുറവുണ്ടായെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയ്‌ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
നാലഞ്ചുമാസമായി ഇങ്ങനെ പറയുന്നതല്ലാതെ കേസ് കോടതിയില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണിത്ര മടിയും പേടിയും? ആഘോഷങ്ങളും ആർഭാടങ്ങളും അൽപ്പമെങ്കിലും കുറയ്ക്കാനും ജനങ്ങളെ പട്ടിണിക്കിടാതിരിക്കാനുമുള്ള ജാഗ്രതയാണ് പിണറായി സർക്കാരിൽനിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്
Content Highlights:Extreme celebration even in times of distress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."