കരിപ്പൂര്‍ വിമാനത്താവളം: വില 562 കോടി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: മലബാറിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ആകാശവീഥി ഒരുക്കിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രസര്‍ക്കാര്‍ പാട്ടത്തിന് നല്‍കുക 562 കോടി രൂപയ്ക്ക്.
2023 മുതലാണ് 50 വര്‍ഷത്തേക്ക് പാട്ടത്തിന് കോഴിക്കോട് വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നീതി ആയോഗാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കരിപ്പൂരിനേക്കാള്‍ വരുമാനംകുറഞ്ഞ തൃച്ചി വിമാനത്താവളം 700 കോടിക്ക് നല്‍കുമ്പോഴാണ് കരിപ്പൂരിന് 562 കോടി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
100 മുതല്‍ 120 കോടിവരെ വരുമാനമുള്ള ഇന്ത്യയിലെ മുന്‍നിര വിമാനത്താവളമാണ് കരിപ്പൂര്‍. 377 ഏക്കര്‍ ഭൂമി, 120 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ ടെര്‍മിനല്‍, പഴയ ടെര്‍മിനല്‍ തുടങ്ങി വിമാനത്താവളത്തിന്റേതായ മുഴുവന്‍ വസ്തുക്കളും ഉള്‍പ്പെടുത്തിയാണ് വില കണക്കാക്കിയിരിക്കുന്നത്.
ഇതില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കിട്ടുന്ന തുക ലേലത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.
തിരുവനന്തപുരം വിമാനത്താവളത്തിന് 400 കോടി രൂപയാണ് അദാനിയില്‍നിന്ന് ഈടാക്കിയിരുന്നത്.
കരിപ്പൂര്‍ വിമാനത്താവളം ഏറ്റെടുക്കുന്ന ഓപറേറ്റര്‍മാര്‍ക്ക് വന്‍ ലാഭക്കൊയ്ത്തിനാണ് കേന്ദ്രം അവസരമൊരുക്കുന്നത്.
വിമാനങ്ങളുടെ ലാന്റിങ്, പാര്‍ക്കിങ് തുടങ്ങിയവയില്‍ നിന്നും വിമാനത്താവളത്തിന് അകത്തും പുറത്തുമായുള്ള സ്ഥാപനങ്ങള്‍, കാര്‍ പാര്‍ക്കിങ് തുടങ്ങിയ മേഖലകളില്‍ നിന്നും വലിയ ലാഭമായിരിക്കും സ്വകാര്യമേഖലയ്ക്കുണ്ടാകുക.
നേരത്തെ സ്വകാര്യവല്‍ക്കരിച്ച ഹൈദ്രാബാദ്, മുംബൈ, ഡല്‍ഹി, ബംഗളൂരു വിമാനത്താവളങ്ങളില്‍ ഉയര്‍ന്ന സേവന ഫീസുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് ഇതുവരെ പരിഹരിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."