പതിനഞ്ചിനകം ശൗചാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം
ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഒക്‌ടോബര്‍ 15നകം നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ ശൗചാലയങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ ശൗചാലയ പ്രഖ്യാപനം നടത്തണമെന്ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കേരള പിറവി ദിനത്തില്‍ കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളില്‍ കക്കൂസ് ഇല്ലാത്ത മുഴുവന്‍ വീടുകള്‍ക്കും കക്കൂസ് നിര്‍മ്മിച്ച് നല്‍കി തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ജില്ലാതല അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുര്‍ഘട പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലെ കക്കൂസ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 15,400 രൂപ കൂടാതെ അധിക തുക നല്‍കുന്നതിന് മന്ത്രിസഭ യോഗം അനുമതി നല്‍കിതായി മന്ത്രി പറഞ്ഞു.
46 പഞ്ചായത്തുകളിലായി ദുര്‍ഘട പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടനാട്ടിലും തീര പ്രദേശങ്ങളിലും ഈ അധിക തുക ലഭ്യമാക്കും. ജില്ലയില്‍ 20.5 കോടി രൂപയാണ് ഒ.ഡി.എഫ് ആക്കാന്‍ ചെലവ് വരിക. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നോക്കി ചില ഭാഗങ്ങളില്‍ 25,000 രൂപ വരെ നല്‍കും. ജില്ലയ്ക്ക് അഞ്ചു കോടി രൂപ അധികമായി ചെലവഴിക്കാനും അനുമതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു കക്കൂസ് നിര്‍മ്മിക്കുന്നതിന് 15,400 രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഇതില്‍ 12000 രൂപ കേന്ദ്ര അവിഷ്‌കൃത പദ്ധതി വിഹിതവും 3400 രൂപ ഗ്രാമ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് വിഹിതവുമാണ്. ജില്ലയില്‍ 15,258 കക്കൂസുകള്‍ ആണ് നിര്‍മ്മിക്കാനുള്ളത്.
നാളിതുവരെ നാലു ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ ശൗചാലയമുള്ള ഒ.ഡി.എഫ് പഞ്ചായത്തുകളായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മ, ചിങ്ങോലി, കണ്ടല്ലൂര്‍, മുട്ടാര്‍ എന്നിവയാണവ. മുതുകുളം ബ്ലോക്കില്‍ നിശ്ചയിച്ചിരുന്നതിന്റെ 47 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഞ്ഞിക്കുഴി (34), വെളിയനാട് (34), ആര്യാട്(31), ഭരണിക്കാവ്(28), ഹരിപ്പാട്(27), അമ്പലപ്പുഴ (20), ചെങ്ങന്നൂര്‍ (20), പട്ടണക്കാട് (18), മാവേലിക്കര(15), ചമ്പക്കുളം(13), തൈക്കാട്ടുശ്ശേരി (5) എന്നിങ്ങനെയാണ് പൂര്‍ത്തിയായതിന്റെ ശതമാനകണക്ക്. മിക്കവാറും പഞ്ചായത്തുകളില്‍ കക്കൂസുകളുടെ നിര്‍മാണം മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ഏഴുപഞ്ചായത്തുകള്‍ ഈ മാസം 31 ന് മുമ്പ് ഒ.ഡി.എഫായി പ്രഖ്യാപിക്കും.
തൊഴിലുറപ്പു പദ്ധതിയെ കൂടുതലായി ഉപയോഗപ്പെടുത്തി പദ്ധതി വിജയത്തിലെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ എ.എം.ആരിഫ്, അഡ്വ.യു.പ്രതിഭാ ഹരി, ആര്‍.രാജേഷ്, കെ.കെ.രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ ,ജില്ലാ തലത്തിലും പഞ്ചായത്തുതലത്തിലുമുള്ള നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിന് അധിക ധനസഹായമായി 10000 രൂപ ഫിഷറീസ് വകുപ്പ് മുഖേനയും നല്‍കും. ജില്ലാ പഞ്ചായത്തും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യം കൈവരിക്കണമെന്ന് മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 10ന് മുമ്പ് മൂന്ന് യോഗങ്ങളെങ്കിലും ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."