ഹമാസിനെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ വായനക്കാരില്‍ നിന്ന് എതിര്‍പ്പ് ശക്തമായതിന് പിന്നാലെ പിന്‍വലിച്ച് വാഷിങ്ടണ്‍ പോസ്റ്റ്
ഹമാസിനെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ വായനക്കാരില്‍ നിന്ന് എതിര്‍പ്പ് ശക്തമായതിന് പിന്നാലെ പിന്‍വലിച്ച് വാഷിങ്ടണ്‍ പോസ്റ്റ്
വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുന്നതിനിടയിലും ഹമാസിനെ വംശീയമായി അധിക്ഷേപിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ കാര്‍ട്ടൂണ്‍. ഫലസ്തീന്‍ ജനതയെ മനുഷ്യകവചമാക്കുന്ന ഹമാസ് പോരാളിയെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിക്കുന്നത്. വായനക്കാരില്‍ നിന്നും സ്വന്തം ജീവനക്കാരില്‍ നിന്നു തന്നെയും കാര്‍ട്ടൂണിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. പിന്നാലെ കാര്‍ട്ടൂണ്‍ പിന്‍വലിക്കുകയും ചെയ്തു വാഷിങ്ടണ്‍ പോസ്റ്റ്.
ഫലസ്തീനികളെ ശരീരത്തിന് ചുറ്റും കയറില്‍ കെട്ടി 'ഇസ്‌റാഈലിന് സിവിലിയന്മാരെ ആക്രമിക്കാന്‍ എങ്ങനെ ധൈര്യം വരുന്നു' എന്ന് ചോദിക്കുന്ന ഹമാസ് വക്താവിനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഭീതിയോടെ നോക്കുന്ന സ്ത്രീയെയും നാലു കുഞ്ഞുങ്ങളെയുമാണ് അരയില്‍ കെട്ടിയതായി ചിത്രീകരിച്ചിട്ടുള്ളത്.
വിവാദ കാര്‍ട്ടൂണ്‍
നവംബര്‍ എട്ടിലെ പ്രിന്റ് എഡിഷനിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുലിസ്റ്റര്‍ ജേതാവായ മിഖായേല്‍ റാമിറസ് വരച്ചതാണ്. വിവാദമായതോടെ വാഷിങ്ടണ്‍ പോസ്റ്റ് അത് ഡിലീറ്റ് ചെയ്തു. ഒപീനിയന്‍ എഡിറ്റര്‍ ഡേവിഡ് ഷിപ്ലേ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തു. നിരായുധരായ ഇസ്‌റാഈല്‍ സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹമാസ് വക്താവിന്റെ കാരിക്കേച്ചര്‍ മാത്രമായാണ് താന്‍ കാര്‍ട്ടൂണിനെ കണ്ടതെന്ന് ഷിപ്ലേ വിശദീകരിച്ചു. എന്നാല്‍ ഗഹനമായ ചില കാര്യങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടു. അതില്‍ താന്‍ ദുഃഖിക്കുന്നുവെന്നും ഷിപ്ലേ കൂട്ടിച്ചേര്‍ത്തു.
ഇത് വംശീയതയാണെന്നായിരുന്നു വായനക്കാരുടെ പ്രതികരണം. 'ഇത് വാഷിങ്ടണ്‍ പോസ്റ്റ്. ഇത് ഫലസ്തീന്‍ വിരുദ്ധ വംശീയതയാണ്. ഇത് പ്രസിദ്ധീകരണ യോഗ്യവുമാണ്' ഫലസ്തീന്‍ അമേരിക്കന്‍ കവി റെമി കനാസി പരിഹസിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് മുന്നുപാധി ഒരുക്കുന്ന മനുഷ്യത്വവിരുദ്ധമായ വംശീയതയാണ് കാര്‍ട്ടൂണെന്ന് ബ്രിട്ടീഷ് ഇടതുപക്ഷ നേതാവ് ഓവന്‍ ജോണ്‍സ് പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റ് മിഖായേല്‍ റാമിറസ്
ഗസ്സയില്‍ ദിവസേന നാലു മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലേയും ഗസ്സയില്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണം അഴിച്ചു വിട്ടിരുന്നു. ആശുപത്രികള്‍ക്ക് നേരെയായിരുന്നു ആക്രമണം. അല്‍ശിഫ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇതുവരെ 10500ലേറെ ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 40 ശതമാനവും കുട്ടികളാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 1400 ഇസ്‌റാഈലികളാണ് കൊല്ലപ്പെട്ടത്. 242 പേര്‍ ബന്ദികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."