'യാദോം കാ സഫര്‍' ആഗോള പ്രകാശനം
ഷാര്‍ജ: ആറു പതിറ്റാണ്ടിലേറെ മലബാറിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോയ കെ.ടി.സി ബീരാനെ കുറിച്ചുള്ള ഓര്‍മ പുസ്തകം 'യാദോം കാ സഫര്‍' (ഓര്‍മകളുടെ യാത്ര) ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശിതമായി. ഷാര്‍ജ പുസ്തക മേളയിലെ ചില്‍ഡ്രന്‍സ് ആക്റ്റിവിറ്റീസ് മാനേജര്‍ സിയോണ്‍ മാജിദ് അല്‍ മാംരി പുസ്തകം ഏറ്റുവാങ്ങി.
കെ.ടി.സി ബീരാനെ പോലെയുള്ള നിരവധി പേരുടെ ദീര്‍ഘ വീക്ഷണവും അറബി, ഉര്‍ദു ഭാഷകള്‍ പ്രചരിപ്പിക്കാന്‍ കാണിച്ച ത്യാഗവും ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഇമാറാത്തി ഗവേഷകനും മാധ്യമപ്രവര്‍ത്തകനുമായ നാസര്‍ അക്‌റം അഭിപ്രായപ്പെട്ടു. 1950കളില്‍ തന്നെ അറബി, ഉര്‍ദു ഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ യത്‌നിച്ചു തുടങ്ങിയ കെ.ടി.സി ബീരാനെ പോലുള്ളവരെ മലയാളികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നാസര്‍ അക്‌റം പറഞ്ഞു. അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം സാംസ്‌കാരിക കൈമാറ്റങ്ങളിലും ഭാഷാ പര്യവേക്ഷണ മേഖലകളിലും വലിയ വിടവാണ് സൃഷ്ടിക്കുന്നതെന്നും അക്‌റം അഭിപ്രായപ്പെട്ടു. 2022 സെപ്തംബര്‍ 24നാണ് കെ.ടി.സി ബീരാന്‍ നിര്യാതനായത്.
മലബാറില്‍ നിന്നുള്ള മിക്കവര്‍ക്കും അറബി, ഉര്‍ദു ഭാഷകള്‍ അറിയാമെന്നും അത് സ്വദേശികളുമായുള്ള ആശയ വിനിമയ കൈമാറ്റത്തിന് ഏറെ വേഗം കൂട്ടിയിട്ടുണ്ടെന്നും ആഗോള പ്രകാശനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അക്‌റം വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി അബ്ദുറബ്ബ് എഡിറ്റ് ചെയ്ത പുസ്തകത്തില്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പ്രമുഖ എഴുത്തുകാരായ സി.ടി അബ്ദുറഹീം, ഒ.അബ്ദുറഹ്മാന്‍, ഹുസ്സൈന്‍ മടവൂര്‍, വി.എ കബീര്‍, ഡോ. അസ്ഹരി, ഒ.അബ്ദുല്ല, ഡോ. അജ്മല്‍ മ ുഈന്‍, കെ.പി വേലായുധന്‍ തുടങ്ങി 45 പ്രമുഖരുടെ അനുഭവ കുറിപ്പുകളുണ്ട്.
ഷാര്‍ജ പുസ്തക മേളയില്‍ നടന്ന ചടങ്ങില്‍ എഡിറ്റര്‍ കെ.ടി അബ്ദുറബ്ബ്, ഹാബിറ്റാറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഷംസുസ്സമാന്‍, ന്യൂസ് ടാഗ് ലൈവ് എഡിറ്റര്‍ അഹ്മദ് ശരീഫ്, മാധ്യമ പ്രവര്‍ത്തകന്‍ അമ്മാര്‍ കിഴുപറമ്പ്, വചനം സിദ്ദിഖ്, നജീബ് ചേന്ദമംഗലൂര്‍, ലുഖ്മാന്‍ അരീക്കോട്, ഫര്‍ഹാന്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."