പാലാ ബിഷപ്പിന്റെ പ്രസ്താവന സ്വന്തം കുഴി തോണ്ടുന്നത്: ഡോ. യൂഹന്നോന്‍ മാര്‍ മിലിത്തിയോസ്
തൃശൂര്‍: സമൂഹത്തിന്റെ സ്വസ്ഥതയെ നശിപ്പിക്കുന്ന വിധം തെറ്റായ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപൊലിത്ത ഡോ. യൂഹന്നോന്‍ മാര്‍ മിലിത്തിയോസ്. സ്വന്തം കുഴി തോണ്ടുന്ന പ്രസ്താവനയാണ് ബിഷപ്പിന്റേതെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഹാദ് എന്ന അറബി വാക്കിനെ പോലും തെറ്റായി വ്യാഖ്യാനിച്ചാണ് 'നാര്‍ക്കോട്ടിക് ജിഹാദ്' എന്ന പ്രസ്താവന ബിഷപ്പ് നടത്തിയത്. ഇത് ബോധപൂര്‍വമായ ലക്ഷ്യത്തോടെയുള്ളതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കണമെന്ന് അടിസ്ഥാന പ്രമാണത്തിലൂടെ പ്രഖ്യാപിച്ച സംഘപരിവാറിനെ സഹായിക്കാനെ ബിഷപ്പിന്റെ പ്രസ്താവന കൊണ്ട് കഴിയൂ. വടക്കേ ഇന്ത്യയില്‍ നടന്നത് പോലെയുള്ള സവര്‍ണ ഹിന്ദുത്വത്തിന്റെ അപ്രമാദിത്വം കേരളത്തില്‍ അസാധ്യമാണ്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലുള്‍പ്പടെ അക്കാര്യം ബോധ്യമായിട്ടുണ്ട്. ഇവിടേയുള്ള സമുദായങ്ങളെ ഭിന്നിപ്പിച്ച് ഏതെങ്കിലും വിധത്തിലുള്ള മുന്നേറ്റം നടത്താന്‍ കഴിയുമൊ എന്നാണ് അവര്‍ നോക്കുന്നത്. സംഘപരിവാറിന്റെ ഈ അന്വേഷണത്തെ ത്വരിതപ്പെടുത്തുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന. തളയ്ക്കാനുള്ള ചങ്ങലയുമായി ആന തന്നെ പോകുന്ന ചിത്രമാണ് പ്രസ്താവന കേട്ടപ്പോള്‍ തനിക്ക് തോന്നിയത്. ഇപ്പോള്‍ പിന്തുണക്കുന്നവര്‍ അക്രമം നടപ്പാക്കി ഇല്ലാതാക്കാനും ശ്രമിക്കുമെന്ന് ഇത്തരം പ്രസ്താവന നടത്തുന്നവര്‍ തിരിച്ചറിയണം. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ടവര്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് മുക്തി നേടണം.
നിലവിലുള്ള പ്രശ്നങ്ങള്‍ എല്ലാ മത-സമുദായ-രാഷ്ട്രീയ നേതാക്കളും ചര്‍ച്ച ചെയ്ത് പരിഹരിക്കണം. നാടിനെ മത തീവ്രതയുടേയും വൈരാഗ്യത്തിന്റേയും നാടാക്കി മാറ്റരുത് എന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."