നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി: എറണാകുളം സി.പി.എമ്മില്‍ കൂട്ടഅച്ചടക്ക നടപടി
എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് സി.പി.എം സ്വീകരിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി.
മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയടക്കം ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന് നല്‍കിയത്. മുതിര്‍ന്ന നേതാവ് സി.കെ മണിശങ്കര്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലടക്കം യാതൊരു ശ്രമവും നടത്തിയില്ലെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുണ്ട്.
തൃക്കാക്കരയിലെ തോല്‍വിയുടെ പേരിലാണ് വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി വിന്‍സെന്റിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്.
ജില്ലാ നേതൃത്വം മുന്നോട്ട് വെച്ച സ്ഥാനാര്‍ഥിക്കെതിരെ തൃക്കാക്കരയില്‍ വിഭാഗീയത പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി വോട്ടുകളില്‍ ഉണ്ടാക്കിയ വിള്ളലാണ് സി.എന്‍ സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ ഇടയാക്കിയത്. പിറവത്തെയും പെരുമ്പാവൂരിലെയും തോല്‍വിയില്‍ കേരള കോണ്‍ഗ്രസ് നല്കിയ പരാതി ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു അന്വേഷണ കമ്മീഷനും നേതൃത്വത്തിന് സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലെ കടുത്ത നടപടി കൊണ്ട് വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാന്‍ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."