എസ്.ഡി.പി.ഐ ബന്ധത്തില്‍ പ്രതിരോധത്തിലായി സി.പി.എം, കടന്നാക്രമിച്ച് കോണ്‍ഗ്രസ്
കോട്ടയം: എസ്.ഡി.പി.ഐ കൂട്ടുകെട്ടില്‍ പ്രതിരോധത്തിലായി സി.പി.എം. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ മുസ്‌ലിം ലീഗ് അധ്യക്ഷയെ അവിശ്വാസത്തിലൂടെ പുറത്താക്കിയ സി.പി.എം നിലപാട് സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് സജീവചര്‍ച്ചയാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കം നേതാക്കള്‍ മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ഉയര്‍ത്തിയാണ് സി.പി.എമ്മിനെ കടന്നാക്രമിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി പൂഞ്ഞാറില്‍ ഉണ്ടാക്കിയ ബന്ധം തുടരുന്നതാണ് നഗരസഭയിലെ അവിശ്വാസത്തിലൂടെയും പുറത്തുവന്നതെന്ന് യു.ഡി.എഫ് പ്രാദേശിക നേതൃത്വവും ആരോപിക്കുന്നു.
വിമര്‍ശനം കടുത്തതോടെ പ്രതിരോധത്തിലായ സി.പി.എം വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് സി.പി.എം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം ആരോപിച്ച് കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും കടന്നാക്രമിച്ച സി.പി.എം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതായി ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐയുമായുള്ള പരസ്യബാന്ധവം. സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചതോടെ വിശദീകരണവുമായി മന്ത്രി വി.എന്‍ വാസവന്‍ തന്നെ രംഗത്തിറങ്ങി. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയിരിക്കേ എസ്.ഡി.പി.ഐ കൂട്ടുകെട്ട് വിശദീകരിക്കാന്‍ സി.പി.എം നേതൃത്വത്തിന് പാടുപെടേണ്ടി വരും. എസ്.ഡി.പി.ഐ പിന്തുണ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ ഈരാറ്റുപേട്ട നഗരസഭയിലെ തുടര്‍നീക്കങ്ങള്‍ കരുതലോടെ മതിയെന്ന നിര്‍ദേശമാണ് താഴേത്തട്ടിലേക്ക് സി.പി.എം നേതൃത്വം നല്‍കിയിരിക്കുന്നത്. സി.പി.എം അവിശ്വാസത്തെ പിന്തുണച്ച നടപടി എസ്.ഡി.പി.ഐയിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം നല്‍കിയ പരാതി പരിഗണിക്കാതെയാണ് എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം സി.പി.എമ്മിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ വിപ്പ് ലംഘിച്ചു അവിശ്വാസത്തെ അനുകൂലിച്ച യു.ഡി.എഫ് കൗണ്‍സിലര്‍ അന്‍സല്‍ന പരീക്കുട്ടിയെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കാനുള്ള നടപടി തുടങ്ങിയതായി ഡി.സി.സി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."