ഇത് റിഷാദ് സുല്ലമി: ആദ്യം മുജാഹിദ് പ്രഭാഷകന്‍, പിന്നീട് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍, തുടര്‍ന്ന് സി.പി.എമ്മില്‍; ഒടുവിലിപ്പോള്‍ ബി.ജെ.പിയിലും
മലപ്പുറം: മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രധാന പ്രഭാഷകനായി വളര്‍ന്ന റിഷാദ് സുല്ലമി സി.പി.എം വിട്ട് സംഘ്പരിവാര്‍ ആലയത്തില്‍. കെ.എന്‍.എമ്മിന് കീഴിലുള്ള അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജില്‍നിന്ന് 'സുല്ലമി' ബിരുദം നേടുകയും തുടര്‍ന്ന് കേരളത്തിലങ്ങോളം ഇങ്ങോളം സലഫി പ്രസ്ഥാനത്തിനായി പ്രസംഗിച്ചുനടന്ന റിഷാദ് സുല്ലമി ഇടക്കാലത്ത് തട്ടിപ്പ് കേസില്‍ കുടുങ്ങി അറസ്റ്റിലായി. ജാമ്യത്തിലിറങ്ങി വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട റിഷാദിനെ പിന്നീട് കണ്ടത് സി.പി.എം വേദിയില്‍. മുസ്ലിംലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം വേദിയില്‍ വന്‍ കൈയടി വാങ്ങിയ റിഷാദ് കഴിഞ്ഞദിവസമാണ് മലപ്പുറത്തുവച്ച് നടന്ന പരിപാടിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. മലപ്പുറം കലക്ടറേറ്റ് പരിസരത്ത് ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ് റിഷാദിന് അംഗത്വം നല്‍കിയത്.
ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഹലാല്‍ ആടിനെ എത്തിച്ച് മൊത്തമായി വില്‍ക്കുന്ന പദ്ധതിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബകളില്‍ ആട് കച്ചവടത്തെ കുറിച്ച് വിശദീകരിച്ചും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുമായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 120ഓളം പേരില്‍നിന്നായി ഇയാള്‍ കോടികള്‍ പിരിച്ചെടുത്ത് തട്ടിയതായാണ് കേസ്. 5,000 രൂപ വീതമാണ് ആളുകളില്‍ നിന്നും പദ്ധതിയുടെ പേരില്‍ ഒരു ഷെയറിന് വാങ്ങിയത്. ഇത്തരത്തില്‍ എത്ര ഷെയര്‍ വേണമെങ്കിലും വാങ്ങാം. ഷെയര്‍ ഒന്നിന് 300 മുതല്‍ 500 രൂപവരെ നിക്ഷേപകര്‍ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അവസരമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. കേസില്‍ 2022 ഡിസംബറിലാണ് എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശിയായ റിഷാദ് അറസ്റ്റിലായത്.
സംഘ്പരിവാര്‍ പാളയത്തിലെത്തിയതോടെ നേരത്തെ ഇയാള്‍ സിപിഎം വേദിയിലും മുജാഹിദ് വേദികളിലും നടത്തുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."