വിദ്യാഭ്യാസം പ്രായോഗികമാവണം
ഡോ.അബേഷ് രഘുവരൻ
മുമ്പെങ്ങും ഇല്ലാത്തതരത്തിൽ വിദ്യാഭ്യാസമേഖലയിലെ കുതിപ്പും കിതപ്പും ദേശീയതലത്തിൽ തന്നെ ചർച്ചയാവുമ്പോഴാണ് ഇന്ന് ദേശീയ വിദ്യാഭ്യാസദിനം ആഘോഷിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും ഉയർച്ചയുടെ ഏറ്റവും ഉദാത്തമായ ഘടകമായി ആ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ എടുത്തുകാണിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് നാം എവിടെയാണ് നിൽക്കുന്നതെന്ന കാര്യം ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കരിക്കുലത്തിൽ വിവാദപരമായ മാറ്റങ്ങൾ സർക്കാർ തലത്തിൽ കൊണ്ടുവരുന്ന ഈ അവസരത്തിൽ സ്വാതന്ത്ര്യാനന്തരംനാം ആർജിച്ച വിദ്യാഭ്യാസ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കൂടുതൽ ഉയർച്ചയിലേക്ക് എത്തിക്കുന്നതിനും കൂടെയുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. വിദ്യാഭ്യാസത്തെ കൂടുതൽ ക്രിയാത്മകമായി മാറ്റേണ്ട ഉത്തരവാദിത്വം നാമോരുത്തരും ഏറ്റെടുക്കണമെന്ന ചിന്തയാണ് ഈ ദേശീയ വിദ്യാഭ്യാസദിനത്തിൽ പങ്കുവയ്ക്കാനുള്ളത്.
സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മവാർഷികമാണ് ദേശീയ വിദ്യാഭ്യാസദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളായ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (AICTE), യൂനിവേഴ്‌സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ (UGC), രാജ്യത്തെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയായ ഐ.ഐ.ടി ഖരഗ്‌പൂർ എന്നിവ തുടക്കമിട്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. അവിടുന്നിങ്ങോട്ട് ഇന്ത്യയിൽ ഒരു വിദ്യാഭ്യാസവിപ്ലവം തന്നെ സംഭവിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ശ്രമഫലമായി ശാസ്ത്ര വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നമുക്ക് ശക്തമായ ഒരു അടിത്തറയുണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ വിദ്യാഭ്യാസമേഖല വലിയ ഭീഷണികൾ നേരിടുകയാണ്. കുട്ടികൾ എന്ത് പഠിക്കണമെന്നത് വിവേകമുള്ള വിദ്യാഭ്യാസവിചക്ഷണന്മാരും ദീർഘവീക്ഷണമുള്ള ഭരണാധികാരികളും അധ്യാപകരുമൊക്കെ ചേർന്ന് തീരുമാനിക്കുന്ന അവസ്ഥയിൽനിന്ന് നാം ഏറെ പിന്നോക്കം പോയിരിക്കുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള കരിക്കുലത്തിന് രൂപം കൊടുത്തുകൊണ്ടും ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ മാതൃകയാക്കിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടും ആയിരിക്കണം വിദ്യാഭ്യാസമേഖലയുടെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്.
പ്രാദേശികമായുള്ള പ്രത്യേകതകൾ പരിഗണിക്കുകയും തൊഴിൽസാധ്യതകൾക്ക് പ്രാധാന്യം കൊടുക്കുകയും വേണം. എന്നാൽ വിദ്യാഭ്യാസരംഗം അടുത്തിടെ ചർച്ചകളിൽ നിറഞ്ഞത് ചരിത്രത്തെ വെട്ടിമാറ്റിയുള്ള പരിഷ്‌കാരങ്ങൾക്കും സംസ്ഥാനങ്ങളുടെ താൽപര്യങ്ങളെ കണക്കിലെടുക്കാതെയുള്ള കേന്ദ്രസർക്കാരിന്റെ ചില നടപടികളിലൂടെയുമായിരുന്നു. അത്തരം മാറ്റങ്ങൾ എങ്ങനെയാണ് വിദ്യാഭ്യാസമേഖലയെ ബാധിക്കുകയെന്ന് പൊതുസമൂഹത്തിൽനിന്ന് ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്.
ക്ലാസ് മുറികളിലെ അറിവു സമ്പാദനം എന്ന പാരമ്പരാഗത സമ്പ്രദായത്തിൽനിന്ന് പുറത്തുകടക്കുവാനും ചുറ്റിലുമുള്ള ഓരോ വസ്തുവിൽനിന്നുപോലും അറിവുനേടാൻ കഴിയുമെന്ന തിരിച്ചറിവിലേക്കു കൂടി ഒരു ചുരുങ്ങിയ വിഭാഗമെങ്കിലും മാറിയിട്ടുണ്ട് എന്നതാണ് ഇതിനിടയിലും പ്രതീക്ഷ നൽകുന്ന കാര്യം. ഏതൊരാളും വിദ്യാഭ്യാസം ആരംഭിക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ ജന്മമെടുക്കുമ്പോൾ മുതലാണ്. അമ്മയുടെ അനക്കത്തിൽ നിന്നും ശബ്ദത്തിൽ നിന്നും ഒക്കെ കുഞ്ഞുങ്ങൾ വിദ്യ അഭ്യസിക്കുകയാണ്. പ്രകൃതിയാണ് ആദ്യകാലങ്ങളിൽ അവന്റെ/അവളുടെ അറിവുസമ്പാദനത്തിന്റെ സ്രോതസെങ്കിൽ പിന്നീട് ചുറ്റുമുള്ളവർ, കൂട്ടുകാർ എന്നിങ്ങനെ ഒട്ടനവധി ആളുകളും വസ്‌തുക്കളും അവർക്ക് എന്തെങ്കിലുമൊക്കെ അറിവുകൾ പകർന്നുകൊടുക്കുന്നുണ്ട്.
അതിനുശേഷം ക്ലാസ് മുറികളിൽ എത്തുമ്പോൾ അവരുടെ വിദ്യാഭ്യാസം പുസ്തകങ്ങളിലേക്ക് ഒതുങ്ങുന്നു. എല്ലാ അർഥത്തിലും വ്യത്യസ്തരായ കുട്ടികൾക്ക് ഒരേപോലെയുള്ള പുസ്തകങ്ങളിലെ പാഠങ്ങൾ അവരുടെ വ്യത്യസ്തമായ നൈപുണ്യത്തെ ഒരർഥത്തിൽ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും പ്രാഥമികമായ അറിവുകൾ നേടാൻ അതവരെ സഹായിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല.
ഈയവസരത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനൊപ്പം ഉന്നതവിദ്യാഭ്യാസമേഖലയെയും പരാമർശിക്കാതെ പോകാനാവില്ല. നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖല വലിയ പ്രതീക്ഷയൊന്നുമല്ല സമൂഹത്തിന് നൽകുന്നത്. വിവരസാങ്കേതിക വിദ്യയുടെയും ഇന്റർനെറ്റിന്റെയും പ്രചാരത്തോടെ വിദ്യാഭ്യാസം ആഗോളതലത്തിലേക്ക് ഉയർന്നിട്ടുണ്ട്. വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായാണ് ഉയർന്നിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നമുക്കിവിടെ നൽകാൻ കഴിയുന്നുണ്ടെങ്കിലും കുട്ടികളെ അത്രകണ്ട് ആകർഷിക്കുവാൻ കഴിയുന്നില്ല. ഒപ്പം രാജ്യത്തു വിദേശ സർവകലാശാലകൾക്ക് ക്യാംപസ് തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകിക്കഴിഞ്ഞിട്ടുമുണ്ട്.
കുട്ടികൾക്ക് ലോകനിലവാരമുള്ള വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭിക്കുമെന്ന് പ്രത്യക്ഷത്തിൽ അത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, വിദേശ സർവകലാശാലകൾ ക്യാംപസ് തുടങ്ങുന്നതോടെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ കുറെയേറെ പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല. വിദേശ സർവകലാശാലകളുടെ ക്യാംപസ് വിദേശ സർവകലാശാലകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയുമോന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ കാരണം കേവലം പഠനത്തിനുവേണ്ടി മാത്രമല്ല വിദേശങ്ങളിലേക്ക് വിദ്യാർഥികൾ ചേക്കേറുന്നത്. അതിനൊപ്പം വിദേശജോലിയും സ്ഥിരതാമസവും കൂടി ലക്ഷ്യമിട്ടാണ്. പഠനത്തിനൊപ്പം തൊഴിൽകൂടി ചെയ്യുന്നതിലൂടെ പണം സമ്പാദിക്കുവാൻ വിദേശ രാജ്യങ്ങളിൽ അവസരമുണ്ട്. അത് വലിയ ആകർഷണമാണ്.
ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും വിദ്യാഭ്യാസമേഖലയെ ഏതുതരത്തിലാണ് ബാധിക്കുന്നതെന്ന പഠനങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഒരുവശത്തു വിദ്യാഭ്യാസം സ്വയം പര്യാപ്തമാകുവാൻ ഇന്റർനെറ്റ് ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ മറുവശത്തു തെറ്റും ശരിയും തിരിച്ചറിയാനാവാതെ പോകുന്ന അവസ്ഥയും ഇന്റർനെറ്റ് വിദ്യാഭ്യാസം സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ഇത് ഏറെ സ്വാധീനിച്ചിട്ടുണ്ട്. കുട്ടികൾക്കൊപ്പം തന്നെ രക്ഷാകർത്താക്കളും സാമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലേക്ക് കൂടുതലായി മാറിയെന്ന പഠനങ്ങൾ ആശങ്കാജനകമാണ്. കേരളത്തിലെ മൊബൈൽ സാക്ഷരതയും ഏതാണ്ട് നൂറുശതമാനമായിരിക്കുകയാണ്. ഇത്തരത്തിൽ രക്ഷാകർത്താക്കളും ഇന്റർനെറ്റിന്റെ സ്വീകാര്യതയിലേക്ക് മാറുന്നതോടെ വീടുകളിൽ ചില ഒറ്റപ്പെട്ട തുരുത്തുകൾ രൂപംകൊള്ളുന്നു.
സ്‌കൂളുകളിൽ ഒറ്റപ്പെട്ടുകഴിഞ്ഞ കുട്ടികൾക്ക് വീടുകളിലും ആശ്രയം ഇല്ലാതെവരുമ്പോൾ അവരുടെ ശ്രദ്ധയും ഇടപെടലുകളും വീടിനുപുറത്തേക്ക് വ്യാപിക്കുന്നു. ഇത് അവരെ കുഴപ്പങ്ങളിൽ ചെന്നെത്തിക്കുന്നു.
വിദ്യാഭ്യാസം വലിയ അർഥതലങ്ങളുള്ള വാക്കും പ്രയോഗത്തിൽ എല്ലാ അറിവുകളെയും ഉൾക്കൊള്ളുന്നതുമാണ്. പ്രായോഗികമായ വിദ്യാഭ്യാസത്തിൽ ഊന്നിയാണ് വികസിതരാജ്യങ്ങൾ മിക്കവയും പുരോഗതിയുടെ പടികൾ കയറുന്നത്. സാമൂഹികവും ശാസ്ത്രീയവുമായ അറിവുസമ്പാദനത്തിന് കൂടുതൽ പ്രായോഗികമായ വിദ്യാഭ്യാസരീതികൾ അവലംബിക്കേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ കാലം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളൂ.
അറിവും തിരിച്ചറിവും എന്നീ രണ്ടു വാക്കുകളുടെ അർഥതലങ്ങൾ ജീവിതത്തിന്റെ പ്രായോഗികതലത്തിൽ മനസിലാക്കുവാനും ജീവിതത്തിൽ അവ പകർത്തുവാനും വിദ്യാഭ്യാസം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. ഈ വിദ്യാഭ്യാസദിനം അതിലേക്കുള്ള ചിന്തകൾക്ക് തുടക്കമിടാനുള്ള അവസരമായി നമുക്ക് കണക്കാക്കാം.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."