അഞ്ചുവര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് എട്ടുലക്ഷം പേര്‍ക്ക്
സ്വന്തം ലേഖകന്‍
കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 8.09 ലക്ഷം പേര്‍ക്ക്. ഇതില്‍ 42 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഈ വര്‍ഷം ഇതുവരെ 68,765 തെരുവുനായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 2016 ന് ശേഷം റിപ്പോര്‍ട്ട് ചെയ്ത മൃഗങ്ങളാലുണ്ടായ മൊത്തം ആക്രമണങ്ങളുടെ 50 ശതമാനവും തെരുവുനായ ആക്രമണമാണ്.
അഞ്ചുവര്‍ഷത്തിനിടെ മൃഗങ്ങളുടെ 16,95,664 ആക്രമങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1,46,523 പേര്‍ക്കാണ് തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. എറണാകുളത്ത് 76,300 പേര്‍ക്ക് കടിയേറ്റപ്പോള്‍ നാലുമരണങ്ങളും ഉണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം എറണാകുളം ജില്ലയില്‍ 17,400 പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടി തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ണതോതില്‍ നടപ്പിലാക്കാത്തതാണ് നായ്ക്കള്‍ പെറ്റുപെരുകാന്‍ കാരണം. പല തദ്ദേശ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവിടുന്നത്. നേരത്തെ വന്ധ്യംകരണം കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കോര്‍പറേഷനുകള്‍ അവരെ ഒഴിവാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."