മമതയ്‌ക്കെതിരേ പതിനെട്ടടവും പയറ്റി ബി.ജെ.പി
കൊല്‍ക്കത്ത: 30ന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ എല്ലാ അടവുകളും പുറത്തെടുത്ത് ബി.ജെ.പി. ഭവാനിപൂരില്‍നിന്നു ജനവിധിതേടുന്ന മമതയ്‌ക്കെതിരേ പുതിയ നീക്കങ്ങളുമായി ബി.ജെ.പി രംഗത്തെത്തി. കഴിഞ്ഞദിവസം മമത സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ അഞ്ചു പൊലിസ് കേസുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമാണ് പുതിയ ആവശ്യം. എന്നാല്‍, ഈ ആരോപണം തള്ളി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രിയങ്ക തിബ്രെവാളിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാണ് മമതയ്‌ക്കെതിരേ റിട്ടേണിങ് ഓഫിസര്‍ക്കു പരാതി നല്‍കിയത്. ബി.ജെ.പി ഭരിക്കുന്ന അസമിലെ അഞ്ചു പൊലിസ് സ്റ്റേഷനുകളില്‍ മമതയ്‌ക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചില്ലെന്നുമാണ് പരാതി.
കേസുകളുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ സഹിതമാണ് പരാതി. എന്നാല്‍, മമതാ ബനര്‍ജിയുടെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ നാമനിര്‍ദേശപത്രികയില്‍ ചേര്‍ക്കേണ്ടതുള്ളൂവെന്നാണ് ഇതിനു തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി. അസമിലെ പൗരത്വ രജിസ്റ്ററിനെതിരേയടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ മമത നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് ഈ കേസുകള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിലുള്ള പരാതികള്‍ ബി.ജെ.പി ഉയര്‍ത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയെങ്കിലം നന്ദിഗ്രാമില്‍ മത്സരിച്ചിരുന്ന മമതാ ബാനര്‍ജി പരാജയപ്പെട്ടിരുന്നു. അവര്‍ക്കു ബംഗാളില്‍ മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്.
മമതയ്‌ക്കെതിരേ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബി.ജെ.പി വളരെ ബുദ്ധിമുട്ടിയിരുന്നു. കൂടാതെ, കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണയും മമതയ്ക്കുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."