ആശ്വാസം, ഇ- പോസ് മെഷിന്‍ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾ പ്രവർത്തിക്കും
ആശ്വാസം, ഇ- പോസ് മെഷിന്‍ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾ പ്രവർത്തിക്കും
തിരുവനന്തപുരം: ഇ- പോസ് മെഷിന്‍ തകരാറിനെ തുടർന്ന് നിർത്തിവെച്ച റേഷൻ കടയിലെ സാധന വിതരണം ഇന്ന് പുനരാരംഭിക്കും. മെഷിനിൽ ഉണ്ടായിരുന്ന തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരെ വലക്കുന്നതിനിടെ റേഷൻ കടകൾ കൂടി പണിമുടക്കിയത് ജനങ്ങൾക്ക് തിരിച്ചടിയിലായിരുന്നു.
റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ സെന്ററിലെ എയുഎ സെര്‍വറിലായിരുന്നു തകരാർ കണ്ടെത്തിയത്. ഇതേതുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്.
പല ആളുകളും റേഷൻ കടയിൽ എത്തി സാധനങ്ങൾ ലഭിക്കാതെ തിരിച്ചു പോകേണ്ടി വന്നു. പ്രശ്‌നം കണ്ടതിനെ തുടർന്ന് ശേഷം ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കി. അതേസമയം, ഇ- പോസ് മെഷിനിൽ തകരാർ സംസ്ഥാനത്ത് ഇടയ്ക്കിടെ ഉണ്ടാകുന്നത് സാധാരണക്കാരെയും റേഷൻ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റേഷൻ കടയിലെത്തി മടങ്ങേണ്ടി വരുന്ന സാഹചര്യം തുടർസംഭവമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."