ബ്രസീലിന്റെ തോല്‍വി, വിശ്വസിക്കാനാകാതെ ആരാധകര്‍, രണ്ടാം തവണയും സെമി കാണാതെ പടിക്കുപുറത്ത്
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇനി ബ്രസീലില്ലെന്ന സത്യം അംഗീകരിക്കാനാകാതെ ആരാധകര്‍. ക്രൊയേഷ്യയ്‌ക്കെതിരായ ബ്രസീലിന്റെ തോല്‍വിയോടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിനെതിരായ ക്രൊയേഷ്യയുടെ വിജയം.
എക്‌സ്ട്രാ ടൈമില്‍ മുന്നിലെത്തിയിട്ടും ബ്രസീല്‍ വീണു. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആറാം ലോകകിരീടമെന്ന സ്വപ്‌നം ബാക്കിയാക്കി ബ്രസീല്‍ പടിക്കു പുറത്തായി.
കഴിഞ്ഞ ലോകക്കപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയെങ്കിലും ബെല്‍ജിയത്തോട് തോറ്റാണ് പുറത്തായത്. ഇത്തവണയും ക്വാര്‍ട്ടറില്‍ പുറത്തായിരിക്കുന്നു. ലോകമെങ്ങും കളിക്കമ്പക്കാരുടെ ചര്‍ച്ച ഇതുതന്നെയാണ്. കേരളത്തിന്റെ തെരുവോരങ്ങളിലും ചായമക്കാനികളിലും സോഷ്യല്‍ മീഡിയകളിലും ഇതേ ചര്‍ച്ച പടരുന്നു.
അര്‍ജന്റീനന്‍ ഫാന്‍സും ബ്രസീല്‍ ഫാന്‍സും തമ്മിലാണ് പ്രധാന വാഗ്വോദങ്ങള്‍. ഇന്നലെ രാത്രി 12.30ന് നടന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ഫാന്‍സുകാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ ബ്രസിലില്ലാത്ത കളിയില്‍ ഇനി രസമില്ലെന്ന പക്ഷക്കാരാണ് കടുത്ത അര്‍ജന്റീനന്‍ ഫാന്‍സുകാരും. സെമിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിവരുമെന്ന പ്രതീക്ഷ പുലരാത്തതിലെ നിരാശക്കാരും കുറവല്ല.
ഇന്നു ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും മൊറോക്ക പോര്‍ച്ചുഗല്ലിന്റെയും വിധിനിര്‍ണയത്തിനു കാത്തിരിക്കുകയാണ് ലോകം. ആര് ലോകക്കപ്പില്‍ മുത്തമിടുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്.
അതേ സമയം ബ്രസീലിന്റെ തോല്‍വിക്കു പിന്നാലെ മുഖ്യ പരിശീലകന്‍ ടിറ്റെ രാജിവെച്ചതും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. ലോകകപ്പിന് ശേഷം താന്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് ടിറ്റെ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും തോല്‍വിക്കു തൊട്ടുപിന്നാലെയുള്ള രാജിയാണ് പലരെയും അമ്പരപ്പിച്ചത്.. ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'എന്റെ കാലയളവ് അവസാനിച്ചിരിക്കുന്നു. വാക്ക് പാലിക്കുന്നു, ഇനി ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല', ടിറ്റെ പറഞ്ഞു.
2016 ലാണ് ടിറ്റെ ബ്രസീലിന്റെ പരിശീലകനാകുന്നത്. ഇതിന് പിന്നാലെയാണ് 2019ല്‍ ബ്രസീല്‍ കോപ്പ അമേരിക്ക കപ്പ് നേടിയത്. 2021ല്‍ കോപ്പ ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍ക്കുകയും ചെയ്തു. ടിറ്റെയുടെ പരിശീലന കാലയളവില്‍ 81 മത്സരങ്ങളില്‍ നിന്നായി ബ്രസീല്‍ 61 വിജയങ്ങള്‍ നേടിയിരുന്നു. ഏഴ് തോല്‍വിയും 13 സമനിലകളും ടീമിനുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."