ന്യൂനപക്ഷ മന്ത്രാലയത്തിന് പൂട്ടുവീഴുമോ?
ഡോ. എ.ബി മൊയ്തീൻകുട്ടി
ഈവർഷം മുതൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പ് അവസാനിപ്പിക്കുകയാണെന്ന് ബന്ധപ്പെട്ട മന്ത്രി ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിനുത്തരമായി പാർലമെന്റിൽ മറുപടി നൽകിയത് കഴിഞ്ഞ ദിവസമാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ പ്രിമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ അവസാനിപ്പിച്ചുവെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധിയും ന്യൂനപക്ഷ മന്ത്രിയുമായിരുന്ന നഖ്‌വിക്ക് പകരം സ്മൃതി ഇറാനിക്ക് പ്രസ്തുത പദവി നൽകി മന്ത്രാലയത്തിനു ദയാവധം നൽകാനുള്ള ട്രയൽ റൺ നടക്കുകയാണെന്നും പ്രചാരണമുണ്ട്. കേന്ദ്ര സർക്കാരിലെ ഉത്തരവാദപ്പെട്ടവർ നിഷേധ കുറിപ്പ് ഇറക്കിയെങ്കിലും വിഷയം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
മന്ത്രിയുടെ മറുപടിയിൽ കേന്ദ്ര സർക്കാർ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ന്യൂനപക്ഷങ്ങൾക്കും അവസരമുണ്ടെന്ന് സൂചിപ്പിച്ചത് വളരെ കൃത്യതയോടെയാണ്. പുതിയ മന്ത്രാലയങ്ങളും വകുപ്പുകളും ഉണ്ടാക്കുന്നതും ലയിപ്പിക്കുന്നതും ഭരണ സൗകര്യാർഥമോ ഭരിക്കുന്നവരുടെ സൗകര്യത്തിനോ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ്. ഇന്ത്യ സ്വതന്ത്ര്യം നേടിയതു മുതൽ തുടങ്ങിയ ഒരു ഭരണപ്രക്രിയ മാത്രമാണത്. ന്യൂനപക്ഷ മന്ത്രാലയം 2006ൽ ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ അബ്ദുറഹിമാൻ ആന്തുലയുടെ കീഴിൽ നിലവിൽ വന്നതും അത്തരമൊരു തീരുമാനമനുസരിച്ചാണ്. പ്രസ്തുത തീരുമാനം അന്നേ വിമർശനവിധേയമായിരുന്നു. മുസ് ലിം പ്രീണനം എന്നതായിരുന്നു പ്രധാന ആരോപണം. സംഘ്പരിവാരിന്റെ സൈദ്ധാന്തിക എതിർപ്പും ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുമായിരുന്നു അവയിൽ പ്രധാനം.
1992ൽ ഐക്യരാഷ്ട്ര സഭ അതിന്റെ 47/135 പ്രമേയത്തിലൂടെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം പാസാക്കിയതോടെ അംഗരാഷ്ട്രങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമത്തിനായി ചില നടപടികൾ സ്വീകരിക്കേണ്ടതായി വന്നു. 1970കളിലെ വനിതാ ക്ഷേമ പ്രവർത്തനങ്ങളും സമീപകാലത്തെ LGBTQ നിയമങ്ങളും സമീപനങ്ങളും ഐക്യരാഷ്ട്ര സഭ തീരുമാനങ്ങളുടെ പ്രതിഫലനങ്ങളുടെ ഉദാഹരണങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം ദേശീയ, വംശീയ, ഭാഷ, മത, ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും പരിപോഷണവും അംഗരാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമായി മാറി. നമ്മുടെ അയൽപക്ക രാഷ്ട്രങ്ങളോടൊപ്പം ആഗോള തലത്തിൽ വിവിധ ജനാധിപത്യ രാജ്യങ്ങൾ ന്യൂനപക്ഷ ശാക്തീകരണത്തിനും സംരക്ഷണത്തിനും നടപടികൾ ആരംഭിച്ചപ്പോൾ ഇന്ത്യയും അഫർമേറ്റീവ് ആക്ഷന്റെ ഭാഗമായി മുമ്പുണ്ടായിരുന്ന നടപടികൾ ക്രമീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ന്യൂനപക്ഷങ്ങൾക്ക് ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ ചില ആനുകൂല്യങ്ങൾ ലഭിച്ചു വരുന്നുണ്ട്.
വിദ്യാഭ്യാസ, തൊഴിൽ, സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും ഉതകുന്ന ചില പദ്ധതികൾ കേന്ദ്രാവിഷ്കൃതമായിട്ടുണ്ട്. ഭരണഘടനയുടെ 29, 30 അനുച്ഛേദമനുസരിച്ച് ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നടത്തുവാനും അവകാശമുണ്ട്. ന്യൂനപക്ഷ മന്ത്രാലയം വരുന്നതിനു മുമ്പും ഈ അവകാശം നിലനിന്നിരുന്നു. ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയാലോ മറ്റൊന്നിൽ ലയിപ്പിച്ചാലോ ഈ അവകാശം ഭരണഘടനാ ഭേദഗതി വരുന്നതുവരെ നിലനിൽക്കും.
ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നടത്തി കൊണ്ടുപോകാനും അവകാശമുണ്ടെന്ന് പറഞ്ഞുവെന്നല്ലാതെ അവർ ആരെല്ലാമാണ് എന്നു വിശദീകരിക്കുകയോ എണ്ണിപ്പറയുകയോ ചെയ്തിട്ടില്ല. 1992ലെ ദേശീയന്യൂനപക്ഷ കമ്മിഷൻ ആക്റ്റ് വകുപ്പ് 2 (c) പ്രകാരമാണ് മുസ്ലിം (14. 2 ശതമാനം), കൃസ്ത്യൻ ( 2.29 ശതമാനം), സിഖ് (1.7ശതമാനം), ബുദ്ധ (0.7ശതമാനം), പാഴ്സി (0.006 ശതമാനം) വിഭാഗങ്ങളെ മതന്യൂനപക്ഷങ്ങളായി കൃത്യപ്പെടുത്തിയത്. ജൈന വിഭാഗത്തെ ഹിന്ദു മതം തന്നെയായാണ് അപ്പോഴും പരിഗണിച്ചത്. പിന്നീടാണ് ജൈനമത വിശ്വാസികളെ (0.45%) മതന്യൂനപക്ഷങ്ങളായി കണക്കാക്കിയത്. ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ നിലനിർത്തു ന്നിടത്തോളം മന്ത്രാലയം ലയിപ്പിക്കുന്നതോ പിരിച്ചുവിടുന്നതോ ഭയാശങ്ക ഉണ്ടാകേണ്ട കാര്യമല്ല. അതേസമയം ലയിപ്പിക്കുന്നതിന്റെയോ പിരിച്ചുവിടുന്നതിന്റെയോ കൃത്യമായ കാരണം അറിയാൻ ഏതൊരു പൗരനും അവകാശമുണ്ട്. അതു വിശദീകരിക്കാൻ സർക്കാരിനും ബാധ്യതയുണ്ട്.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ വിഭാഗത്തിലെ വലിയൊരു ശതമാനം ഒ.ബി.സി വിഭാഗമായതിനാൽ ന്യൂനപക്ഷ ആനുകൂല്യമില്ലെങ്കിലും അവർക്ക് ഒ.ബി.സി ആനുകൂല്യങ്ങൾ ലഭിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികൾക്ക് പട്ടിക വർഗം എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും ന്യൂനപക്ഷ മന്ത്രാലയം താഴിടുന്നതിന്റെ പേരിലോ, ന്യൂനപക്ഷ സ്കോളർഷിപ്പ് നിർത്തലാക്കിയതിന്റെ പേരിലോ ഇല്ലാതാകുന്നതല്ല. 20.2 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ പാടേ അവഗണിക്കാൻ വോട്ടു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്കാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.
ഒരുപക്ഷെ തങ്ങളുടെ അണികളെ തൃപ്തിപ്പെടുത്താൻ മന്ത്രാലയത്തിന്റെ പേരു മാറ്റിയേക്കാം. അതുമല്ലെങ്കിൽ ന്യൂനപക്ഷ പരിരക്ഷ ഒരു നിശ്ചിത ശതമാനത്തിൽ കുറവുള്ളവർക്ക് മാത്രമേ ലഭിക്കൂ എന്ന നിബന്ധന കൊണ്ടുവന്നേക്കാം എന്നു കരുതുന്നവരുമുണ്ട്. അത്തരം നീക്കങ്ങളുടെ ഭാഗമായി കോടതിയെ സമീപിക്കലും സ്വകാര്യ ബില്ല് അവതരണവും മറ്റും നടക്കുന്നുണ്ടെന്ന ഉദാഹരണങ്ങളാണ് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്. അത്തരം സാധ്യതയുള്ളപ്പോൾ മന്ത്രാലയം നിർത്തി എന്ന ചീത്തപ്പേരു വരുത്താൻ ആരെങ്കിലും ശ്രമിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായി മറുപടിയില്ല താനും.
ബഹുസ്വരതയിലും എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും വിശ്വസിക്കുന്ന ഭരണകൂടങ്ങൾക്ക് ചില വിഭാഗങ്ങളെ ഒഴിച്ചു നിർത്തിയുള്ള വികസന കാഴ്ചപ്പാടുണ്ടാകില്ല. ന്യൂനപക്ഷങ്ങളോട് അനുവർത്തിക്കുന്ന നയനിലപാടുകൾ അനുസരിച്ചാണ് സംസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത് എന്ന് മഹാത്മ ഗാന്ധി സൂചിപ്പിച്ചത് നമുക്ക് മറക്കാതിരിക്കാം.
(കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."