പ്രിയങ്കരം
രാജീവ് ഗാന്ധിക്കു ശേഷം കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരു പിന്‍ഗാമിയെ തേടിയപ്പോഴെല്ലാം കോണ്‍ഗ്രസുകാരുടെ മനസിലേക്ക് കടന്നുവന്നത് പ്രിയങ്കയാണ്. ശ്രീപെരുമ്പത്തൂരില്‍ പിതാവിന്റെ ഛിന്നഭിന്നമായ ശരീരം തുന്നിക്കൂട്ടി മനുഷ്യരൂപത്തിലാക്കുമ്പോള്‍ പ്രിയങ്കക്ക് പ്രായം 19 തികഞ്ഞിരുന്നില്ല. ഇതിനും ഏഴു വര്‍ഷം മുമ്പായിരുന്നല്ലോ മുത്തശ്ശിയുടെ രക്തസാക്ഷ്യം. 1999ല്‍ അമേത്തിയില്‍
മാതാവ് സോണിയ ജനവിധി തേടിയപ്പോള്‍ കൂടെയെത്തിയ പ്രിയങ്കയെ അന്നാട്ടുകാര്‍ക്ക് വേഗം തിരിച്ചറിയാനായി. അവരുടെ പ്രിയപ്പെട്ട ഇന്ദിരാജിയെ ഓര്‍മിപ്പിക്കുന്ന ചുവടുകള്‍. 2022ല്‍ ബി.ജെ.പിയെ അവരുടെ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി നദ്ദയുടെ നാട്ടില്‍ അടിയറ പറയിക്കുമ്പോള്‍ നാട് വീണ്ടും ഓര്‍ത്തെടുക്കുന്നു, ഇന്ദിരാജിയുടെ മുഖം, വസ്ത്രധാരണ രീതി, ജനസഞ്ചയത്തോട് സംസാരിക്കുന്നതിലെ വൈഭവം. രാഹുല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനോട് അൽപം പുറം തിരിഞ്ഞ് പാര്‍ട്ടിയെ താഴെ തട്ടില്‍ പുനരജ്ജീവിപ്പിക്കുന്ന ജോഡോ യാത്രയില്‍ മുഴുകിയപ്പോള്‍ മഞ്ഞുമലകളുടെ നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ കൊടി ഉയര്‍ത്തിയിരിക്കുകയാണ് പ്രിയങ്ക. അനൈക്യത്തിന് വിരാമമിട്ട് കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിച്ചു നിര്‍ത്തി ഹിന്ദി മേഖലയില്‍ പാര്‍ട്ടിക്ക് വേരറ്റിട്ടില്ലെന്ന ഒരു പ്രഖ്യാപനം.
രാജീവിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷപദവിയും പ്രധാനമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന് സോണിയയോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ച സോണിയയും കുടുംബവും രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. 1996ലെ തോല്‍വിയും പ്രധാന നേതാക്കളുടെ വെല്ലുവിളികളും പാര്‍ട്ടിയെ ഉലച്ചപ്പോഴാണ് 1997ല്‍ സോണിയ കോണ്‍ഗ്രസിലേക്ക് വരുന്നത്. മാസങ്ങള്‍ക്കകം പ്രസിഡന്റായും ചുമതലയേറ്റു. അന്ന് രാഹുലിന് 27ഉം പ്രിയങ്കക്ക് 25ഉം ആയിരുന്നു പ്രായം. മക്കളിലൊരാള്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് സമ്മര്‍ദം ചെലുത്തിയ നേതാക്കളുടെ മനസില്‍ പ്രിയങ്കയായിരുന്നെങ്കിലും വന്നത് രാഹുലാണ്. മാതാവിനേയും സഹോദരനെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച് പ്രിയങ്ക സൗമ്യ സാന്നിധ്യമായി തുടര്‍ന്നു.
പ്രിയങ്കയുടെ രംഗപ്രവേശത്തെ ഭയന്നതു കൊണ്ടുകൂടിയാകണം, ബിസിനസുകാരൻ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരേ ആരോപണങ്ങളും കേസുകളും ഉയര്‍ത്തുന്നതില്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍ ശ്രദ്ധിച്ചു. ഇന്നത്തെ ആപ് നേതാവ് അരവിന്ദ് കെജ്‌റിവാളാണ് വാദ്രക്കെതിരേ ഭൂമിയിടപാടില്‍ ആദ്യത്തെ ആരോപണമുന്നയിച്ചത്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ എന്‍ഫോഴ്‌സ്‌മെന്റും മറ്റു ഏജന്‍സികളും വാദ്രയെ ഇടക്കിടെ വിളിച്ചുവരുത്തുകയും കേസുകള്‍ നിരത്തുകയും ചെയ്യുന്നു. എപ്പോള്‍ പ്രിയങ്ക തങ്ങളുടെ താൽപര്യത്തിന് ഭീഷണിയായിത്തീരുന്നോ അന്ന് ഈ കേസുകളില്‍ വാദ്രയെയും പ്രിയങ്കയെയും പൂട്ടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.
2019ല്‍ ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും മികച്ച വോട്ടിങ് ശതമാനം കരസ്ഥമാക്കിയത് ഗുജറാത്തിലോ യു.പിയിലോ അല്ല, ഹിമാചല്‍ പ്രദേശിലാണ്. 69.1 ശതമാനം. ജെ.പി നദ്ദയുടെ തട്ടകത്തില്‍ നരേന്ദ്ര മോദി പങ്കെടുത്തത് അഞ്ചു റാലികളില്‍. അമിത്ഷാ 11 റാലികളിലും നദ്ദ 20 റാലികളിലും പങ്കെടുത്തപ്പോള്‍ പ്രിയങ്ക റാലികളില്‍ അഞ്ചെണ്ണത്തിലേ പങ്കെടുത്തൂവെങ്കിലും സാധാരണ ജനതയുടെ ഹൃദയം തൊട്ടു സംസാരിച്ചു. ഏക സിവില്‍കോഡിലേക്കും വിഭാഗീയതയിലേക്കും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബി.ജെ.പിയുടെ പരിശ്രമത്തെ വിലക്കയറ്റത്തെയും പെന്‍ഷനെയും ഓര്‍മിപ്പിച്ച് പ്രതിരോധിച്ചു. ഹിമാചലില്‍ സ്വന്തം വീടുള്ള പ്രിയങ്ക വോട്ടെണ്ണുമ്പോഴും ഷിംലയില്‍ ഉണ്ടായി. തൂക്കു സഭയാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങളെ ബി.ജെ.പിയുടെ കഴുകന്‍മാര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തി. വോട്ടെടുപ്പിന്റെ നാലു ദിവസം മുമ്പ് 17 പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ സ്വന്തം ക്യാമ്പിലെത്തിച്ച് മനോവീര്യം കെടുത്താന്‍ നോക്കിയ ബി.ജെ.പിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാം.
ഒന്നുറപ്പാണ്, 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം പ്രിയങ്കക്കായിരിക്കും. രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ ജാഥകള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ ബി.ജെ.പിയുടെ പ്രതിരോധം പഴയ കേസുകള്‍ തന്നെയാവും. വര്‍ഗീയ ധ്രുവീകരണ അജണ്ടകളുമായി മുന്നോട്ടു പോകുന്ന ബി.ജെ.പിയെ തളയ്ക്കാന്‍ മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുക മാത്രമാണ് പോം വഴിയെന്നും സ്ത്രീകളെ ഉണര്‍ത്തുകയാണ് അതിലേക്കുള്ള വലിയ പാതയെന്നും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞപോലെ തോന്നുന്നു. ഹിജാബിനെ കുറിച്ച് പ്രിയങ്കയുടെ ട്വീറ്റില്‍ അവരുടെ മനോഭാവം വ്യക്തമാണ്. ബിക്കിനിയാവട്ടെ ഹിജാബാവട്ടെ സ്ത്രീകള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ് എന്നായിരുന്നു ട്വീറ്റ്. രാഷ്ട്രീയത്തിലേക്ക് എപ്പോള്‍ എന്നു ചോദിച്ചുകൊണ്ടിരുന്നവരോട് പൊതു ജന സേവനത്തിന് രാഷ്ട്രീയം തന്നെ വേണമെന്നില്ല എന്നും പറഞ്ഞുവയ്ക്കുകയുമുണ്ടായി.
പക്ഷെ ഇനി പ്രിയങ്കക്ക് പിറകോട്ട് പോകാനാവില്ല. കാലം വന്നു മുട്ടി വിളിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ഈസ്റ്റ് യു.പിയുടെ ചുമതല നല്‍കുകയും ചെയ്തതാണ്. പിന്നീട് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയും ചെയ്തു. പൂര്‍ണ പരാജയമായിരുന്നു ഫലം. മനശ്ശാസ്ത്രത്തില്‍ ബിരുദവും ബുദ്ധ ദര്‍ശനത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള പ്രിയങ്കക്ക് വഴിയേറെയുണ്ട് താണ്ടാന്‍. ഇന്ത്യയുടെ നെറുകിലാണ് ഹിമാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."