HOME
DETAILS

സൂഫി പാരമ്പര്യം

  
backup
November 11 2023 | 19:11 PM

sufi-tradition

ഡോ. മുനവ്വര്‍ ഹാനിഹ്

വിവിധ സംസ്‌കൃതികളും ഭാവുകത്വങ്ങളും ആശകളും പേറിവന്ന ഒരുപാട് മനുഷ്യരെയും അവരുടെ പക്കലുണ്ടായിരുന്ന വസ്തുവകകളെയും കൈയുംനീട്ടി സ്വീകരിച്ച നാടാണ് കോഴിക്കോട്. ആതിഥേയത്വത്തിന്റെ വാതിലുകള്‍ അടച്ചുവയ്ക്കാന്‍ കോഴിക്കോട് ഇഷ്ടപ്പെട്ടില്ല. എല്ലാറ്റിനെയും സ്വാഗതം ചെയ്യുന്നതില്‍ മാത്രമായിരുന്നില്ല ഈ നഗരം ശ്രദ്ധചെലുത്തിയത്. സ്വദേശ-വിദേശ വ്യത്യാസങ്ങളില്ലാതെ വളരാനുള്ള സഹായസഹകരണങ്ങളും കോഴിക്കോടും അതിന്റെ ഭരണാധികാരികളും നല്‍കിപ്പോന്നു. കേരളത്തില്‍ തന്നെ അറബികളുമായി ഏറ്റവും മികച്ച കച്ചവടബന്ധം സൂക്ഷിച്ചിരുന്നത് കോഴിക്കോട്ടെ തുറമുഖമായിരുന്നുവെന്നത് അനിഷേധ്യമാണ്. ആ അറബികളിലൂടെ ഇസ്‌ലാം എന്ന മതം കേരളത്തിലേക്ക് വന്നപ്പോഴും കോഴിക്കോടും ഇവിടുത്തെ നീതിമാനായ ഭരണാധികാരിയും ഇസ്‌ലാമിനു വളരാന്‍ വേണ്ടുന്ന വെള്ളവും വളവും നല്‍കി.


ഇസ്‌ലാമിന്റെ ലാവണ്യമേറിയ മുഖമായ സൂഫിസം എന്ന ആത്മീയധാരയും ഇതോടൊപ്പം കോഴിക്കോടിന്റെ മണ്ണില്‍ തഴച്ചുവളരുകയും ഇവിടെ നിന്ന് കേരളത്തിന്റെ നാനാതുറകളിലേക്കും ഇവിടം കടന്ന്, മറ്റു മണ്ണുകളിലേക്കും വളര്‍ന്നു. കോഴിക്കോടിന്റെ സൂഫീപാരമ്പര്യം എന്നത് ഏറെ വിശാലമായൊരു പഠനമേഖലയാണ്. ചരിത്രവും സംസ്‌കാരവും സാഹിത്യവും വ്യക്തികളും സ്മാരകങ്ങളുമെല്ലാം ഇടകലര്‍ന്നിരിക്കുന്ന ഏറെ കനപ്പെട്ട പഠനമേഖല. സുദീര്‍ഘമായ ഗവേഷണവിഷയമാണെന്നിരിക്കെ തന്നെ കോഴിക്കോടിന്റെ സുപ്രധാനമെന്നു കരുതുന്ന സൂഫീപാരമ്പര്യത്തെയും അതില്‍ നിന്നുടലെടുത്ത സൂഫീസാഹിത്യത്തെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണിവിടെ.


കോഴിക്കോടിന്റെ നഗരപ്രാന്തത്തിലുള്ള തെക്കെപ്പുറം പ്രദേശം ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നൊരിടമാണ്. നിരവധി പുരാതന തറവാടു വീടുകളും ആചാരങ്ങളും വ്യത്യസ്ത സംസ്‌കാരവുമായി വേറിട്ടുനില്‍ക്കുന്ന സ്ഥലം. നിരവധി സൂഫികളുടെ കര്‍മമണ്ഡലമായിരുന്നു ഈ പ്രദേശമെന്ന് പറയപ്പെടുന്നു. അതിന്റെ തെളിവുകള്‍ ഇന്നും അവശേഷിക്കുന്നുമുണ്ട്. പള്ളിവളപ്പുകളിലും നടവഴികളിലുമെല്ലാം പേരറിയാത്ത പല മഹാന്മാരുടെയും ഖബറുകള്‍ കാണാം. ജാറങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരും വന്നില്ലെങ്കിലും വല്ലപ്പോഴുമൊക്കെ ചന്ദനത്തിരി പുകയുന്നതു കാണാം. പേരോ ഊരോ അറിയാത്ത നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ച മഹാന്മാരുടെ ഖബറുകള്‍ ഇന്നും ബഹുമാനത്തോടെ സൂക്ഷിച്ചു പോരുന്നുണ്ടിവിടെ. കുറ്റിച്ചിറ കുളത്തിനടുത്ത്, മുച്ചുന്തി പള്ളിയുടെ അടുത്ത്, ഇടിയങ്ങരയിലെ ലീഗ് ഓഫിസിലേക്കു കയറുന്ന വഴിയില്‍... അങ്ങനെയങ്ങനെ നിരവധി പേരറിയാത്ത സൂഫികള്‍ ഈ മണ്ണിലുറങ്ങുന്നു. ഇവര്‍ക്കൊപ്പം തന്നെ, ഏറെ പ്രസിദ്ധമായ അപ്പവാണിഭ നേര്‍ച്ച നടക്കുന്ന ശൈഖ് പള്ളിയും കോഴിക്കോടിനു തൊട്ടടുത്തുള്ള തെക്കെപ്പുറത്തു തന്നെയാണ്. തെക്കെപ്പുറത്തെ ചില തറവാടുവീടുകള്‍ക്കുമുണ്ട് സൂഫികളുടെ കഥ പറയാന്‍. സൂപ്പിക്കാവീട് എന്ന തറവാടിന് ആ പേരു വന്നതിനു പിന്നിലാണ് സൂഫി സന്ദര്‍ശനങ്ങളുടെ ചരിത്രമുള്ളത്.


പണ്ടുകാലത്ത് നിരവധി സൂഫികള്‍ ഈ പ്രദേശത്തു വരുമ്പോള്‍ അവര്‍ക്കു വേണ്ട ഭക്ഷണതാമസ സൗകര്യം ഒരുക്കിയതു കൊണ്ടാണത്രേ ഈ തറവാടിനു ഇങ്ങനെ പേരുവന്നത്. സൂഫികള്‍ക്കായി ഇപ്പോഴും ഒരു സ്ഥലം ആ തറവാട്ടില്‍ ഒഴിച്ചിടാറുണ്ടെന്നും ഒരു തെക്കെപ്പുറത്തുകാരന്‍ പറഞ്ഞതോര്‍ക്കുന്നു. ഇതു കാലങ്ങള്‍ക്കു മുമ്പു കഴിഞ്ഞതെങ്കിലും സൂപ്പിക്കാവീട് ഇപ്പോഴുമുണ്ട്. മറ്റൊരു സമീപകാല സൂഫിചരിത്രമുള്ളൊരു വീടുണ്ട് കുണ്ടുങ്ങലിലേക്ക് പോകുംവഴി പടന്നപള്ളിക്കടുത്ത്. സി.എം വലിയുല്ലാഹി വന്നു താമസിച്ചിരുന്ന വീട്. ആ വീടിന്റെ മുകള്‍നിലയിലായിരുന്നു അദ്ദേഹത്തിൻ്റെ താമസം. അദ്ദേഹത്തെ കാണാന്‍ ആളുകള്‍ വരിനില്‍ക്കുകയും ആ വരി ഇടിയങ്ങരയോളം നീണ്ടുപോകുമായിരുന്നു എന്നും പറയപ്പെടുന്നു. ഈയടുത്ത കാലം വരെയും ആ വീട്ടില്‍ സ്ഥിരമായി മൗലിദ് സദസുകളും മറ്റും സംഘടിപ്പിച്ചു പോന്നിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മുറിയില്‍നിന്ന് പെരുമാറ്റത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും പറയപ്പെടുന്നുണ്ട്. തെക്കെപ്പുറത്തുനിന്ന് മാറി കടല്‍ത്തീരത്തൂടെ വടക്കോട്ടു പോയാലാണ് വരക്കല്‍ ബീച്ച്. നിരവധി പേര്‍ നിത്യേന പുണ്യദര്‍ശനത്തിനായി എത്തുന്ന വരക്കല്‍ മഖാം കടലിനോടടുത്ത് സ്ഥിതിചെയ്യുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്ഥാപകനും സൂഫിയും മഹാപണ്ഡിതനുമായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍ പെടുന്ന സൂഫിയും പണ്ഡിതനുമായ ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരാണ് പിന്നീട് സമസ്തയുടെ പുനരുദ്ധാരകനായിത്തീര്‍ന്നത്. മാനവമൈത്രിയെ കുറിച്ച് ശംസുല്‍ ഉലമ സംസാരിക്കുന്നത് കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള മാനാഞ്ചിറയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.


അദ്ദേഹം പറയുന്നു: 'ഈ സ്ഥലത്ത് ശുദ്ധജലമുണ്ടെന്ന് സയ്യിദ് ജിഫ്‌രി തങ്ങളവര്‍കള്‍ പറഞ്ഞു. അതിനു വരുന്ന ചെലവുകള്‍ ഞാന്‍ വഹിക്കാമെന്ന് ടിപ്പുസുല്‍ത്താനും ഏറ്റു. അതിനുവേണ്ട സ്ഥലം സാമൂതിരി മാനവിക്രമന്‍ തമ്പുരാന്‍ നല്‍കി. അതിനു നാമകരണം മാനാഞ്ചിറ എന്നു പേരും കൊടുത്തു...' ഇതാണ് സൗഹാർദം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹത്തിന്റെ ഖബറും വരക്കല്‍ മഖാമിൽ തന്നെയാണുള്ളത്. കോഴിക്കോടിന്റെ ആത്മീയചൈതന്യത്തിനു മാറ്റുകൂട്ടുന്ന രണ്ട് പണ്ഡിതജ്യോതിസ്സുകളാണിവരെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഇത്തരത്തില്‍ നിരവധി പ്രശസ്തരും അപ്രശസ്തരുമായ സൂഫികളുടെ മഖ്ബറകള്‍ കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലായുണ്ട്. കോഴിക്കോടിന്റെ സൂഫീപാരമ്പര്യത്തിനു ഇതിലും മികച്ച തെളിവന്വേഷിക്കേണ്ടതില്ല എന്നു തന്നെ പറയാം.


സൂഫിസം എന്ന ആത്മീയധാര സാംസ്‌കാരികതയുടെ അവിഭാജ്യഘടകമായതിനു പിന്നില്‍ അതു നല്‍കിയ സാഹിത്യസംഭാവനകള്‍ ഏറെ പ്രധാനമാണ്. അറബിയിലും അറബിമലയാളത്തിലുമായി നിരവധി ആത്മീയ, സൂഫീകൃതികള്‍ കോഴിക്കോടിന്റെ മണ്ണില്‍ നിന്നുണ്ടായിട്ടുണ്ട്. സൂഫികളാല്‍ എഴുതപ്പെട്ടതോ അല്ലെങ്കില്‍ സൂഫീവിജ്ഞാനം പരിചയപ്പെടുത്തുന്നതോ ആയ കൃതികളെല്ലാം തന്നെ സൂഫീകൃതികളായി കണക്കാക്കാവുന്നതാണ്. സൂഫീസാഹിത്യം, അല്ലെങ്കില്‍ അറബിമലയാളത്തിലെ സാഹിത്യത്തെ കുറിച്ചു പറയുമ്പോള്‍, ആദ്യം ഓർമവരുന്നത്, അല്ലെങ്കില്‍ നമ്മുടെ സാഹിത്യചരിത്രത്തില്‍ തന്നെ കണ്ടെടുത്ത ഏറ്റവും പഴക്കം ചെന്ന കൃതിയാണ് മുഹ്‌യിദ്ദീന്‍ മാല. മഹാനായ സൂഫി ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ അപദാനമായ മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ് കോഴിക്കോട്ടെ ഖാസി മുഹമ്മദാണ്. മലയാളസാഹിത്യത്തിന്റെ ചരിത്രത്തില്‍ പോലും അനേകമായ ചരിത്രാന്വേഷണങ്ങള്‍ക്കും സാംസ്‌കാരിക പഠനങ്ങള്‍ക്കും അടിസ്ഥാനമായ ഈ കൃതി ഒരു സൂഫീകൃതിയാണിത്. മുഹ്‌യിദ്ദീന്‍ മാല പാരായണം ഇന്നു വിരളമായി തീര്‍ന്നെങ്കിലും അനേകം തലമുറകളായി കേരളമുസ്‌ലിംകളുടെ ആത്മീയ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഈ കൃതി. അതും കോഴിക്കോടിന്റെ ആത്മീയ-സാഹിത്യഭൂമികയില്‍ നിന്ന് ഉടലെടുത്തതുമാണെന്നത് ഈ നാടിന്റെ മാറ്റു വര്‍ധിപ്പിക്കുന്നു. അറബിമലയാളത്തില്‍ മുഹ്‌യിദ്ദീന്‍ മാലക്കു മുമ്പും ശേഷവും കൃതികളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കണ്ടുകിട്ടിയതില്‍ കാലഗണനാപ്രകാരം മുഹ്‌യിദ്ദീന്‍ മാലയാണ് ഏറ്റവും പഴക്കം ചെന്നത്.


കോഴിക്കോടെ ഖാസിപരമ്പരയില്‍ നിന്നുള്ള സാഹിത്യസംഭാവനകള്‍ മുഹ്‌യിദ്ദീന്‍ മാലയോടെ അവസാനിച്ചെന്നു കരുതരുത്. കോഴിക്കോട്ടെ ഖാസി പരമ്പരയ്ക്കു മതപ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക്ബ്‌നുദിനാറും സംഘവുമായി ഇഴയടുപ്പമുള്ളതും കോഴിക്കോടിന്റെ പൗരാണിക ആത്മീയചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. മതപ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക് ബ്നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ ആദ്യത്തെ പള്ളി സ്ഥാപിച്ചു പ്രബോധനം നടത്തി. പിന്നീട് അവരെത്തിയത് കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ കോഴിക്കോടുള്ള ചാലിയത്തേക്കാണ്. മാലിക് ബ്നു ദിനാറിന്റെ സഹോദരപുത്രന്‍ മാലിക്ബ്‌നു ഹബീബ് ചാലിയത്ത് പള്ളി നിർമിക്കുകയും പൗത്രന്‍ മുഹമ്മദ്ബ്‌നു മാലികില്‍ മദനിയ്യെ ഖാസിയായി നിയമിക്കുകയും ചെയ്തു. ഇദ്ദേഹത്തില്‍ നിന്നാണ് കോഴിക്കോട്ടെ ഖാസി പരമ്പരയുടെ ആരംഭം. ചാലിയത്തെ പുഴക്കര പള്ളി പിന്നീട് പോര്‍ച്ചുഗീസ് ആക്രമണത്തില്‍ നശിപ്പിക്കപ്പെടുകയും ഖാസി പരമ്പരയെ കുറിച്ചുള്ള നിരവധി രേഖകള്‍ നഷ്ടമാകുകയും ചെയ്തു. പള്ളിയുടെ ഉരുപ്പടികള്‍ ഉപയോഗിച്ചാണ് ചാലിയം കോട്ട പണിതത് എന്നും പറയപ്പെടുന്നു. പിന്നീട് സാമൂതിരി രാജാവിന്റെ സൈനികരുടെ കൂടെ സൂഫികളായ ഖാസി മുഹമ്മദ്, ശൈഖ് മാമുക്കോയ എന്നിവരും ചേര്‍ന്ന് പോര്‍ച്ചുഗീസ് കോട്ട അക്രമിക്കുകയും കോട്ടയുടെ ഉരുപ്പടികള്‍ ഉപയോഗിച്ച് ചാലിയത്തെ പുഴക്കര പള്ളിയും മിഷ്‌കാല്‍ പള്ളിയും പുനരുദ്ധാരണം നടത്തി. എന്നാലും ഖാസി പരമ്പരയെ കുറിച്ചും അവരില്‍ നിന്നുമുണ്ടായ പല സുപ്രധാന രേഖകളും പള്ളിയാക്രമണത്തില്‍ നഷ്ടമായി. ഒരുപക്ഷേ, പള്ളിയിലെ രേഖകള്‍ പലതും നശിപ്പിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ കോഴിക്കോടിന്റെയും കേരളത്തിന്റെ തന്നെയും സൂഫീസാഹിത്യ സഞ്ചയത്തിലേക്ക് ഒട്ടനവധി മഹത്കൃതികള്‍ ലഭിക്കുമായിരുന്നു. പിന്നീട് ഖാസിമാരുടെ പ്രധാനകേന്ദ്രം കുറ്റിച്ചിറ പള്ളിയായി മാറി. ഖാസി മുഹമ്മദ് അടക്കമുള്ള മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നതും കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിക്കു സമീപമാണ്.


കോഴിക്കോട്ടെ ഈ ഖാസി പരമ്പരയില്‍ നിന്നുമായി അനേകം സാഹിത്യസംഭാവനകളുണ്ടായിട്ടുണ്ട്. ഖാസി മുഹമ്മദ് മാത്രം ഇരുപത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ രചിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫത്ഹുല്‍ മുബീന്‍, മഖാസ്വിദുന്നികാഹ്, ഇലാകം അയ്യുഹല്‍ ഇഖ്‌വാന്‍, മുദ്ഹില്ലുല്‍ ജിനാല്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഇദ്ദേഹത്തിന്റെ ഇലാകം അയ്യുഹല്‍ ഇഖ്‌വാന്‍ എന്ന കവിത ഖാസി അബൂബക്കര്‍ കുഞ്ഞി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും തടിഉറുദി മാല എന്നതിനു പേരു നല്‍കുകയും ചെയ്തു. അബൂബക്കര്‍ കുഞ്ഞുഖാസി പതിനേഴോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നസ്വീഹത്തുല്‍ ഇഖ്‌വാന്‍, മദാരിജുല്‍ തന്‍വീറുല്‍ ഫുആദ്, ശറഹ് വിത്‌രിയ്യഃ എന്നിവയാണ് പ്രധാന കൃതികള്‍. ഇതു കൂടാതെ, അഖീദ മാല, ശാദുലിമാല എന്നിവയും ഖാസി അബൂബക്കര്‍ കുഞ്ഞിയുടേതാണ്. അറബിയിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം ഒരു നിമിഷകവിയായിരുന്നത്രേ. ഖാസി റമ്മസ്സാനു ശാലിയാത്തിയുടെ ഉംദതുല്‍ അസ്ഹാബ്, ഖാസി മുഹമ്മദ് രണ്ടാമന്റെ ഫത്ഹുല്ലാഹില്‍ ഖുദൂസ് എന്നിവയും ഖാസി പരമ്പരയില്‍ നിന്നുണ്ടായ പ്രധാനകൃതികളാണ്. ഖാസി അബൂബക്കര്‍ ശാലിയാത്തി ബനാത്ത് സുആദ്, ബുര്‍ദ എന്നിവക്ക് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ആദരണീയനായ അറബി പണ്ഡിതനായിരുന്നു. കൂടാതെ, ഖുര്‍ആന്റെ മലയാള പരിഭാഷയും അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കോഴിക്കോടിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ ആത്മീയവിശ്വാസത്തിനു ദിശാബോധം നല്‍കുന്ന സാഹിത്യങ്ങള്‍ സംഭാവന ചെയ്യുന്നതിലും കോഴിക്കോട്ടെ ഖാസിമാര്‍ പരിശ്രമിച്ചു എന്നത് ഇതില്‍നിന്നു വ്യക്തമാണ്.


അറബിമലയാള ഭാഷയിലേക്കും അതുവഴി മലയാള സാഹിത്യത്തിനും വലിയ സംഭാവനകള്‍ കോഴിക്കോട്ടു നിന്നുണ്ടായിട്ടുണ്ട്. നിലവിലെ അക്കാദമിക ഗവേഷണങ്ങള്‍ പ്രകാരം അറബിമലയാളത്തില്‍ കാലഗണന പ്രകാരം കണ്ടുകിട്ടിയതില്‍ വച്ച് പഴക്കമുള്ള രണ്ടാമത്തെ കൃതി കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മദ്ഹായാണ് ഒ. ആബു സാഹിബിനെ പോലുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മുഹ്‌യിദ്ദീന്‍ മാലക്കും കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കൃതിക്കും തമ്മില്‍ ഏകദേശം 146 വര്‍ഷത്തെ ഇടവേളയുണ്ട്. അത്രയും കാലം അറബിമലയാളത്തില്‍ സാഹിത്യങ്ങളൊന്നും ഉണ്ടായില്ലെന്ന് വിശ്വസിക്കാനാവില്ല. പകരം, അവ നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു.


തലശ്ശേരി സ്വദേശി, പൊന്നാനിയില്‍ ശിക്ഷണം സ്വീകരിച്ച കുഞ്ഞായിന്‍ മുസ്‌ലിയാരെന്ന പണ്ഡിതന്റെ കർമമണ്ഡലം കോഴിക്കോടായിരുന്നു. സാമൂതിരിയുടെ കൊട്ടാരം വിദൂഷകനായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. ഇങ്ങനെ നിരവധി സൂഫീ പണ്ഡിതരും സൂഫീകൃതികളും സംഭാവന ചെയ്ത ഭൂമികയാണ് കോഴിക്കോടിന്റേത്. അതിനു സഹായകമായത് ഇവിടുത്തെ സമൂഹവും സംസ്‌കാരവും ഭരണാധികാരികളുമാണെന്നതില്‍ സംശയമില്ല. ആത്മീയതയും സാഹിത്യവും വാണിജ്യവും നാഗരികതയുമെല്ലാം സമ്മേളിക്കുന്ന ഒരു അതിശയഭൂമികയായതിനാല്‍ തന്നെയാവണം യുനെസ്‌കോയുടെ സാഹിത്യനഗരി എന്ന പദവി കോഴിക്കോടിനെ തേടിയെത്തിയത്. കാരണം, ഏതെങ്കിലും ഒരുതരം സാഹിത്യമല്ല നമുക്കിവിടെ നിന്ന് കണ്ടെടുക്കാനാവുക. ചരിത്രാതീതകാലം മുതല്‍ വന്നവരും പോയവരും നിലനിന്നവരുടെയെല്ലാം ചരിത്ര-സാംസ്‌കാരിക അവശേഷിപ്പുകളെ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് ഇവിടുത്തെ സാഹിത്യം. ഈ സാഹിത്യങ്ങളൊന്നും സാഹിത്യത്തിനു വേണ്ടി മാത്രം ഉണ്ടായതല്ലെന്നും അതിനു ശക്തമായ ചരിത്ര-സാംസ്‌കാരിക പശ്ചാത്തലങ്ങളുണ്ടായിരുന്നുവെന്നും ബോധ്യപ്പെടുത്തുന്നതാണ് കോഴിക്കോടിന്റെ സൂഫീപാരമ്പര്യവും അതിന്റ ഭാഗമായുണ്ടായ സാഹിത്യങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago