ഉര്‍ദു ഭാഷയുടെ കേരളീയ വ്യവഹാരങ്ങള്‍
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് / ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്
1857ലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടം വൈദേശികാധിപത്യത്തിനെതിരേ ഇന്ത്യന്‍ ജനത നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ അതിപ്രധാനമാണ്. ഈ സമരത്തില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ ജീവഹാനി നേരിട്ടത് മതപണ്ഡിതരായ ഉര്‍ദു എഴുത്തുകാര്‍ക്കായിരുന്നു. ബ്രിട്ടിഷ്വിരുദ്ധ സമരപോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തെ പാകപ്പെടുത്തിയതില്‍ മുഖ്യപങ്കു വഹിച്ച ഭാഷയാണ് ഉര്‍ദു. മതജാതി ഭേദമന്യേ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും സംസാരഭാഷയായിരുന്നു അത്. മതമൈത്രി മുഖമുദ്രയാക്കി ഇന്ത്യന്‍ മണ്ണില്‍നിന്ന് പോഷണം സ്വീകരിച്ച് വികസിച്ചുവന്ന ഭാഷകൂടിയാണിത്. തനി ഇന്ത്യന്‍ ഉല്പത്തിയുള്ള ഉര്‍ദുഭാഷയെ ഹിന്ദി-ഉര്‍ദു വേര്‍തിരിവിലൂടെ നാമാവശേഷമാക്കാന്‍ ശ്രമിച്ചത് ബ്രിട്ടിഷുകാരായിരുന്നു. അതിനായി അവര്‍ കണ്ടെത്തിയ അപകടകരമായ മാര്‍ഗമായിരുന്നു, ഉര്‍ദുവിന് മതപരിവേഷം നല്‍കിക്കൊണ്ടുള്ള വ്യാഖ്യാനം. ഉര്‍ദു വിഭാവന ചെയ്ത വൈകാരികമായ ഉത്തേജനം കൈമുതലാക്കിയായിരുന്നു ഒരു ജനത ബ്രിട്ടിഷുകാരോട് പോരാടിയത്. അതിന്റെ മുന്നണിപ്പോരാളികളാകട്ടെ മതപണ്ഡിതരും. ഈ വിഷയ സംബന്ധിയായി ഒട്ടേറെ ഉര്ദുകൃതികള് പ്രകാശിതമായിട്ടുണ്ട്.
ബ്രിട്ടിഷുകാര്‍ വിതച്ച ഉര്ദുവിരുദ്ധ വിത്തുകള്‍ മുളപൊട്ടിയതോടെ അതേറ്റെടുക്കാന്‍ ദുഷ്പ്രചാരണവും അസഹിഷ്ണുതയും ആയുധമാക്കി ചിലര്‍ രംഗത്തുവന്നു. ഇന്ത്യയിലെ പലയിടങ്ങളിലും പടര്‍ന്നു പന്തലിച്ച് വളര്‍ന്ന ഉര്‍ദുവിനു കേരളത്തില്‍ വേരോട്ടം കുറവായിരുന്നു. എന്നാല്‍ ഇന്ത്യന്‍ തനിമയില്‍ ഉയര്‍ന്നുവന്ന ഭാഷ എന്ന നിലയില്‍ ഉര്‍ദുവിന് കേരളത്തില്‍ എക്കാലത്തും പൊതുസ്വീകാര്യത ഉണ്ടായിരുന്നു. ഈയൊരു പരിപ്രേക്ഷ്യത്തിലാണ് കെ. ആലിക്കുട്ടി മുസ്ലിയാരുമായി സംസാരിക്കുന്നത്
പാണ്ഡിത്യത്തിന്റെ പ്രകടഭാവമാണ് ലാളിത്യവും സൗമ്യതയും എന്ന് സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ വിശ്രുത പണ്ഡിതന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് മേധാവിയും നിരവധി മഹല്ലുകളുടെ ഖാസിയുമാണ് അദ്ദേഹം. ഉര്‍ദുഭാഷാ സാഹിത്യത്തെക്കുറിച്ചും ഇന്ത്യയിലെയും കേരളത്തിലെയും ഉര്‍ദുവിന്റെ അവസ്ഥയെ കുറിച്ചുമെല്ലാം ആലിക്കുട്ടി മുസ്ലിയാര് സംസാരിച്ചു തുടങ്ങി.
വ്യാപനം, സ്വാധീനം
‘പുരാതനകാലത്ത് ഹിന്ദു-മുസ്ലിം മൈത്രിയിലൂടെ ജന്മമെടുത്ത ഭാഷയാണ് ഉര്‍ദു. ഇന്നും ഉത്തരേന്ത്യയില്‍ മതഭേദമന്യേ സാധാരണക്കാര്‍ ഈ ഭാഷ സംസാരിക്കുന്നു. ഉര്‍ദുവിന് വിപുലമായ ഇന്ത്യന്‍ സാംസ്കാരിക മാനമാണുള്ളത്. ഭാരതീയ സംസ്കാരത്തിന്റെ അനിഷേധ്യമായ ഭാഗമാണ് ഉര്‍ദു. മുസ്ലിം സംസ്കാരവുമായി ജനിതക ബന്ധമുണ്ടെങ്കില്കൂടി ഉര്‍ദുവിനെ ഒരിക്കലും മതഭാഷയായി പരിമിതപ്പെടുത്താനാകില്ല. ഒരിക്കലും ഇതിന് മുസ്ലിംമുദ്ര ചാര്‍ത്തല്‍ ശരിയായ രീതിയുമല്ല. കേരളത്തിനു പുറത്ത് മുസ്ലിംകള് മിക്കയിടത്തും, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ മതപഠനം നടത്തുന്നത് ഉര്ദുഭാഷയിലാണ്. കേരളത്തിലാകട്ടെ അറബ് നാടുകളുമായുള്ള ചിരപുരാതന ബന്ധം കാരണം അറബിയുടെ സ്വാധീനത്തിനാണ് മേല്‍ക്കൈ ഉണ്ടായത്. അറബിയും പിന്നീട് അധിനിവേശവിരുദ്ധ നിലപാടിന്റെ കാര്‍ക്കശ്യം കാരണം അറബിമലയാളവും രൂപപ്പെട്ടതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉര്ദുസ്വാധീനം ഇവിടെ പരിമിതപ്പെട്ടു. ഉര്‍ദുഭാഷ ഉത്തരേന്ത്യന്‍ ജനങ്ങളിലും മുസ്ലിംകളിലും വേരോടിയതുപോലെ കേരളത്തില്‍ പ്രചരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി ഉറവെടുത്ത ഉര്‍ദുവിനെ കേരളം ഉള്ളുതുറന്ന് സ്വീകരിച്ചതായി കാണാന്‍ സാധിക്കും. ഇതില്‍ മതപണ്ഡിതന്മാരാണ് മുഖ്യ പങ്കുവഹിച്ചത്.
സംസാരമധ്യേ കൗതുകകരമായ ചില കാര്യങ്ങളും അദ്ദേഹം പങ്കുവച്ചു. ടിപ്പുസുല്‍ത്താന്റെ കേരളത്തിലേക്കുള്ള ആഗമനം ഇവിടെ ഉര്‍ദുഭാഷ വളരാനും പന്തലിക്കാനും സഹായകമായിട്ടുണ്ടെന്നും പല സ്ഥലനാമങ്ങളും ഉര്‍ദുവില്‍ നിന്നുണ്ടായി മലയാള ഭാഷയില്‍ ഇടം നേടിതയാണെന്നും അദ്ദേഹം പറഞ്ഞു. ‘പട്ടിക്കാട് ’ എന്ന നാമം ‘ഫത്തഹ്ഗഢ് ’ എന്ന ഉര്‍ദു നാമത്തില്‍ നിന്നുണ്ടായതെന്ന് ഉദാഹരിച്ചു. തന്റെ വീട്ടിലെ ലൈബ്രറിയിലുള്ള ഉര്‍ദു ഗ്രന്ഥശേഖരത്തെക്കുറിച്ചും ശിബ്ലി നുഅ്മാനിയുടെ ‘അല്‍ ഫാറൂഖ് ’ എന്ന പ്രശസ്ത ഗ്രന്ഥം പഴയകാലത്തു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടതിനെയും അതിന്റെ മലയാള വിവര്‍ത്തനത്തെയും കുറിച്ചെല്ലാം പറഞ്ഞുകൊണ്ട് തന്റെ ബാല്യകാല അനുഭവങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഓത്തുപള്ളികളിലും പള്ളിദര്‍സുകളിലും പഠനം നടത്തിയതും ഭാഷകള്‍ പഠിക്കാന്‍ താല്പര്യം ജനിച്ചതുമെല്ലാം അദ്ദേഹം പങ്കുവച്ചു. ഉര്‍ദുഭാഷ പഠിക്കാനും മനസിലാക്കാനും കൂടുതല്‍ അവഗാഹം നേടാനും സാധിച്ചത് കെ.പി ഉസ്മാന് സാഹിബ്, കുഞ്ഞഹസ്സന് സാഹിബ്, ഉര്‍ദു കുഞ്ഞാമു മുസ്ലിയാര് തുടങ്ങിയവരിലൂടെയാണെന്നും ജാമിഅ നൂരിയ്യയിലെ പഠനകാലം ഇതിനു നല്ലനിലയില്‍ സഹായകമായെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ജാമിഅയില്‍ പഠിക്കുന്ന കാലത്ത് കെ.പി ഉസ്മാന് സാഹിബ് ഉര്‍ദു പഠിപ്പിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചിരുന്നു. എല്ലാ ശനിയാഴ്ചകളിലെയും പഠനക്ലാസുകളിലൂടെ ഉര്‍ദുഭാഷയുടെ വ്യാപ്തിയും പ്രാധാന്യവും മനസിലാക്കിത്തന്നു. ഇന്ത്യയിലെ ഇതരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോഴെല്ലാം ഉര്‍ദുഭാഷ പഠിച്ചതിന്റെ പ്രയോജനങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരിക്കെ ഔദ്യോഗിക കത്തിടപാടുകളും മറ്റു ആശയ വിനിമയങ്ങളെല്ലാം ഉര്ദുവിലായിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു.
ജാമിഅ നൂരിയ്യ അറബിക് കോളജിലെ സനദ്ദാന സമ്മേളനങ്ങളില്‍ മുഖ്യാതിഥികളായെത്തുന്ന ഉത്തരേന്ത്യന്‍ നേതാക്കളില്‍നിന്നും പണ്ഡിതരില്‍നിന്നും മാധുര്യമൂറുന്ന ഉര്‍ദു പ്രഭാഷണങ്ങള്‍ പൊതുജനങ്ങള്‍ ആസ്വദിക്കാറുണ്ട്. ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളിലെയും വ്യത്യസ്ത പരിപാടികളില്‍നിന്നും ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. മത, സാംസ്കാരിക പ്രഭാഷണങ്ങളിലൂടെ ഉര്‍ദുഭാഷയുടെ സൗന്ദര്യവും സത്തയും അനുവാചകരിലും ശ്രോതാക്കളിലും എത്തിക്കുന്ന അനുഗ്രഹീത പ്രഭാഷകന്‍ അബ്ദുസ്സമദ് സമദാനി എം.പിയുടെ സേവനങ്ങളും സംസാരമധ്യേ ആലിക്കുട്ടി മുസ്ലിയാര് ഓര്‍ത്തെടുത്തു.
മതപാഠ്യപദ്ധതിയിലെ ഭാഷ
പ്രാഥമിക മതപഠന കേന്ദ്രങ്ങളില്‍ ഉര്‍ദു നിര്‍ബന്ധ ഭാഷയായി അംഗീകരിക്കേണ്ടിയിരിക്കുന്നു. ബിരുദതലത്തിലേക്കും ഉന്നത കലാലയങ്ങളിലേക്കും എത്തുന്നതിനു മുമ്പുതന്നെ ഉര്‍ദുഭാഷ സ്വായത്തമാക്കുന്നതാണ് കരണീയം. മതപരമായ നവജാഗരണത്തിനും ഇത് അനിവാര്യമാണെന്നാണ് അഭിപ്രായം. സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ല. ഉത്തരേന്ത്യയിലും ഉര്‍ദു മേഖലകളിലും നമ്മുടെ ചുവടുറക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഉര്‍ദു പരിജ്ഞാനക്കുറവാണ്. കേരളത്തിനു പുറത്തുള്ള സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സ്ഥാപനങ്ങള്‍ ഇക്കാലത്ത് ആശാവഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഉര്‍ദുഭാഷയുടെ പ്രാധാന്യം ഇന്ത്യയിലെ പൊതുസമൂഹം മനസിലാക്കേണ്ടതാണ്. ചരിത്രം വക്രീകരിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് ഈ ഭാഷയെ സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. കേരളത്തിനു പുറത്ത് സമസ്തയുടെ മദ്റസകളില്‍ പാഠപുസ്തകങ്ങള്‍ ഉര്‍ദു ഭാഷയിലാണ്. തെന്നിന്ത്യയില്‍ സമസ്തയുടെ നിരവധി സ്ഥാപനങ്ങളില്‍ ഉര്‍ദു പഠിപ്പിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉര്‍ദുഭാഷയുടെ ചരിത്രവും സാംസ്കാരികവുമായ പ്രാധാന്യം പരിഗണിച്ച് ഭാഷാ പ്രചരണത്തിനും പുരോഗതിക്കുമായി പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതാണ്. ഉര്‍ദു ലിപിയെ ആക്ഷേപിക്കുകയോ, ഭാഷ എന്ന നിലയില്‍ ഉര്‍ദുവിനെ മതത്തിന്റെ പേരില്‍ മുദ്ര കുത്തുകയോ ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. നൂറു ശതമാനം മതേതരമായ ഭാരതത്തിന്റെ സ്വന്തം ഭാഷയാണത്. അനേകം മുസ്ലിമിതര എഴുത്തുകാര്‍ ഉര്‍ദു സാഹിത്യത്തിനു നിസ്തുലമായ സംഭാവനകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശ്രദ്ധേയരായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ഉര്‍ദു എഴുത്തുകാര്‍ എത്രയോ ഉണ്ട്.
കേരളത്തിലും ഉര്‍ദു ഭാഷക്ക് ഇനിയുമേറെ പരിപോഷണം ലഭിക്കേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഉര്‍ദുഭാഷക്ക് ഇനിയും സാധ്യതകള്‍ നിലനില്‍ക്കുകയാണെന്നും അതിന്റെ പ്രചാരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."