ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം വിവാദമാകുന്നു
നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണം വിവാദമാകുന്നു.സി.പി.എം ഭരണത്തിലുള്ള ചെങ്ങമാനാട് സര്‍വീസ് സഹകരണ ബാങ്ക് വഴിയാണ് പെന്‍ഷന്‍ വിതരണം നടക്കുന്നത്. പെന്‍ഷന്‍ വിതരണം സി.പി.എം രാഷ്ട്രീയ വത്കരിക്കുന്നുവെന്നാരോപിച്ച് സി.പി.എം ഒഴികെയുള്ള ജനപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ശനിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അതത് വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരെ ഉപയോഗപ്പെടുത്തി പെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ചെങ്ങമനാട് പഞ്ചായത്തില്‍ പദ്ധതി സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം ജനപ്രതിനിധികള്‍, സി.പി.എം പ്രവര്‍ത്തകര്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയാണ് പെന്‍ഷന്‍ വിതരണം ചെയ്തതെന്നാണ് മറ്റ് കക്ഷികളിലെ ജനപ്രതിനിധികളുടെ ആരോപണം. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ അജണ്ടകള്‍ ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പായി ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ സി.പി.എം രാഷ്ട്രീയ ഇടപെടല്‍ കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരി ഉന്നയിക്കുകയായിരുന്നു. എന്നാല്‍ പ്രസിഡന്റിനോ മറ്റ് അംഗങ്ങള്‍ക്കോ വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. അതോടെ മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും, ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ടു.
സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയും സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ വല്‍കരണത്തിനെതിരെ ശക്തമായ പ്രതിഷേധ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ കക്ഷികളിലെ നേതാക്കള്‍ അറിയിച്ചു. അതേ സമയം സദുദ്ദേശത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷന്‍ വിതരണം പദ്ധതി സങ്കുചിത രാഷ്ട്രീയം കലര്‍ത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആസൂത്രിത നീക്കമാണ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് ആരോപിച്ചു. ഓണത്തിന് മുമ്പ് അര്‍ഹരായവര്‍ക്ക് നേരിട്ട് പെന്‍ഷനെത്തിക്കുന്നതിന് സര്‍ക്കാരാണ് സഹകരണ ബാങ്കുകള്‍ക്ക് ഫണ്ട് നല്‍കുകയും ഉത്തരവാദിത്തം നല്‍കുകയും ചെയ്തിരിക്കുന്നത്.
അതില്‍ പഞ്ചായത്ത് യാതൊരു ഇടപെടലും നടത്തിയിട്ടില്ല. വിതരണോദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."