മനം നിറയ്ക്കുന്ന മാനെ
നിസാം കെ. അബ്ദുല്ല
ഫുട്ബോൾകൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ തുനിഞ്ഞിറങ്ങിയവനാണ് സാദിയോ മാനെയെന്ന സെനഗലുകാരൻ. ഒന്നുമില്ലാത്ത തന്റെ നാടിന് അയാൾ എല്ലാം നൽകിയത് കാൽപന്തിൽ നേടിയെടുത്ത സമ്പാദ്യം കൊണ്ടായിരുന്നു. നിരവധി ആഡംബര കാറുകൾ സ്വന്തമാക്കാമെന്നിരിക്കെ തുനിഞ്ഞിറങ്ങിയത് തന്റെ ജനതയെ കൂടി കൈപ്പിടിച്ചുയുർത്തുക ലക്ഷ്യത്തിലേക്ക്. അങ്ങനെ അദ്ദേഹം ലോക കാൽപന്ത് ഭൂപടത്തിലെ ഇതിഹാസ താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായി. ലഭിക്കുന്നതിൽ ഭൂരിഭാഗവും മറ്റുള്ളവർക്ക് വേണ്ടി ചെലവഴിച്ചു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മംബലിയിൽ നിന്ന് ലോകത്തോളം വളർന്ന കളിക്കാരനായി മാനെ മാറി.
മുന്നേറ്റത്തിൽ എതിർ ഗോൾമുഖങ്ങളെ കിടുകിടാ വിറപ്പിക്കുന്നവൻ. തിരമാല കണക്കെ കാണികളുടെ കൈയടികൾ മുഴങ്ങുമ്പോൾ ഹൃദയം കൊണ്ടയാൾ തന്റെ ജനതയുടെ യാതനകളെ മായ്ച്ചു കളയുകയായിരുന്നു. കാൽപന്തിന്റെ കുമ്മായ വരക്കുള്ളിൽ മുന്നേറ്റത്തിൽ പുറത്തെടുക്കുന്ന മികവിന്റെ ആയിരം മടങ്ങ് സംതൃപ്തി നൽകിയത് അവരെ േചർത്തുപിടിക്കുന്നതിലായിരുന്നു. ഒപ്പമുള്ളവരും തന്നോളം സമ്പത്തില്ലാത്തവരും ഉള്ളതിൽ സായൂജ്യമടഞ്ഞ് ജീവിതത്തിൽ അഭിരമിക്കുമ്പോൾ അയാളിന്നും അതിൽ നിന്നെല്ലാം മാറിനടക്കുകയാണ്. അയാൾക്ക് അയാളുടേതായ ശൈലികളുണ്ട്. കളിക്കളത്തിലും പുറത്തും. പുറത്തയാൾ ഒരു നാടിന്റെ മാണിക്യമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ എല്ലാ ദുരിതങ്ങളുടെയും ആകെത്തുകയായ സെനഗലെന്ന രാജ്യത്തിന്റെ മാണിക്യം. കളിക്കളത്തിലും പുറത്തും അവർ പ്രതീക്ഷിക്കുന്നതിലും കൂടുതൽ തിരിച്ചുനൽകുന്ന വീരപുരുഷൻ. സമ്പത്ത് കൊണ്ട് ഒരാൾക്ക് എങ്ങനെയൊക്കെയാവാൻ കഴിയുമെന്ന് കാണിക്കുന്ന തുറന്ന പുസ്തകമാണയാൾ.
നാട്ടിലെ ദൈന്യതകൾക്കിടയിലും കാൽപന്തിൽ മികച്ചവനാകുക എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച മാനെ മുന്നിലുള്ള പ്രതിബദ്ധങ്ങളേയെല്ലാം വകഞ്ഞുമാറ്റി ഇന്ന് ലോകത്തിന്റ മുന്നിൽ നിൽക്കുകയാണ്.
പിന്നിട്ട ദുരിതക്കയങ്ങളിൽ നിന്ന് ആർജിച്ചെടുത്ത കരുത്തുമായാണ് മാനെ ഫ്രാൻസിലെ മെറ്റ്സ് എഫ്.സിയിലും ഓസ്ട്രിയയിലെ എഫ്.സി റെഡ്ബുൾ സ്റ്റാറ്റ്സ് ബർഗിലും അവിടുന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താംപ്ടണിനായും ലിവർപൂളിനായും ഗോൾവേട്ട നടത്തിയത്. നിലവിൽ ബയേൺമ്യൂണിച്ചിനായും തുരുതുര ഗോളുകൾ അടിച്ചുകൂട്ടുന്ന മാനെയുടെ വ്യക്തി ജീവിതത്തിലെ പരിശുദ്ധിയാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.
17 വർഷങ്ങൾക്ക് മുൻപ് സ്വപ്നങ്ങൾ ഹൃദയഭാണ്ഡത്തിൽ കെട്ടി അയാൾ വീടുവിട്ടിറങ്ങി. മികച്ച ഒരു ഫുട്ബോൾ താരമാകുക, സ്വന്തമായി വീട് പണിയുക, ഗ്രാമത്തിലെ ജനങ്ങൾക്ക് പറ്റാവുന്ന സഹായം ചെയ്യുക തുടങ്ങിയ ആഗ്രഹങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. ആദ്യം വീട്ടുകാരെ പോലും അറിയിക്കാതെ സുഹൃത്ത് നൽകിയ പണവുമായി സെനഗലിന്റെ തലസ്ഥാനാമായ ദാകറിലെത്തി. എന്നാൽ ഒരാഴ്ചക്കുള്ളിൽ അവനെ കുടുംബം തിരിച്ച് വീട്ടിലെത്തിച്ചു. കാൽപന്തിൽ അജയ്യനാവുകയെന്ന നിശ്ചയദാർഢ്യം ള്ളിലുണ്ടായിരുന്ന മാനെയെ പിന്തിരിപ്പിക്കാനാകില്ലെന്ന് ബോധ്യമായ പിതാവ് ദാകറിലേക്ക് പോകാൻ സമ്മതം നൽകിയതോടെയാണ് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന മാനെയിലേക്കുള്ള സാദിയോയുടെ തുടക്കം. കാൽപന്തിനെ അത്രയേറെ പ്രണയിച്ചിരുന്ന മാനെക്ക് ദാകറിലേക്ക് പോയി അവിടെ പരിശീലനം നടത്താനുള്ള തുക പള്ളിയിൽ മുഅദ്ദിനായിരുന്ന പിതാവാണ് നൽകിയത്. അതുപക്ഷേ എല്ലാത്തിനും തികയുമായിരുന്നില്ല. എങ്കിലും ഏറെ ദുരിതങ്ങൾക്കിടയിലും അദ്ദേഹം മകനെ അവന്റെ ലക്ഷ്യത്തിലേക്കെത്തിക്കാനുള്ള ആദ്യപടി പണിതുനൽകി. അവിടെ നിന്ന് പതിയെ പതിയെ വളർന്ന് ദേശീയ ടീമിന്റെയും ലോകത്തെ നമ്പർ വൺ ക്ലബുകളിലൊന്നായ ബയേൺ മ്യൂണികിന്റെ ഗോൾവേട്ടക്കാരനിലും ഇന്ന് എത്തിനിൽക്കുകയാണ്. ഇതാണ് ലോകമറിയുന്ന മാനെയുടെ കഥ.
എന്നാൽ പവിഴംപോൽ തിളക്കമുള്ള മനസിന്റെ കഥകൂടി ചേർന്നാലേ മാനെയെന്ന മനുഷ്യന്റെ പൂർണത കൈവരൂ. വിശപ്പടക്കാൻ പാടത്ത് പണിക്ക് പോയാണ് മാനെ വളർന്നത്. അതിനിടയിലാണ് പിതാവ് മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്നത്. ഇത് ഹൃദയത്തിൽ മുറിവായി കിടക്കുന്നുണ്ടായിരുന്നു. ഇനിയും ഒരാൾ അങ്ങനെ ലോകത്ത് നിന്ന് മാഞ്ഞുപോകരുതെന്നവൻ മനസിൽ കുറിച്ചു. അതോടെ മാനെയുടെ സ്വപ്നങ്ങളിലേക്ക് തന്റെ ജന്മഗ്രാമത്തിൽ ആശുപത്രിയെന്നത് കൂടി ചേർക്കപ്പെട്ടു. മനസിൽ നിറയെ സ്വപ്നങ്ങളുമായി പതിയെ വളർന്നു. കാൽപന്തിൽ ലോകം ഉറ്റുനോക്കുന്ന താരങ്ങളിലൊരാളായി മാറി. അപ്പോഴും കണ്ട സ്വപ്നങ്ങളെ മറന്നില്ല. അഞ്ച് ലക്ഷം യൂറോ ചെലിവിട്ട് മംബലിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി പണിതു. അതിന് മുൻപുതന്നെ കിട്ടുന്ന പണത്തിൽ നിന്ന് ഒരു വിഹിതം നാട്ടിലെ പാവങ്ങളുടെ കൈകളിലെത്തിച്ചുകൊണ്ടിരുന്നു. ആരോടും പറയാതെ ആരെയും അറിയിക്കാതെയായിരുന്നു മാനെയുടെ ഈ സൽപ്രവർത്തികളെല്ലാം. തനിക്ക് ലഭിക്കുന്ന ലക്ഷക്കണക്കിന് യൂറോ രാജ്യത്തെ പാവങ്ങൾക്കായി കൈയും കണക്കുമില്ലാതെ ചെലവഴിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. പലയിടങ്ങളിലായി ആശുപത്രികൾ, വിദ്യാലയങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, അങ്ങനെ നീണ്ടുപോകുകയാണിപ്പോഴും മാനെയുടെ ജീവിതചര്യകൾ.
ലോകമറിയാതെ മാനെ ചെയ്തുപോന്നിരുന്ന സൽപ്രവൃത്തികൾ പുറത്തെത്തുന്നത് ലിവർപൂളിൽ കളിക്കുന്ന കാലത്താണ്. ലിവർപൂളിനായി ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത മാനെയുടെ ഒരു ചിത്രം അക്കാലത്ത് വൈറലാവുന്നു. കൈയിൽ സ്ക്രീൻ പൊട്ടിയ ഒരു ഫോണുമായി നടന്നുപോകുന്നതായിരുന്നു ചിത്രം. ഇത് ഒരു വിഭാഗം വിമർശനത്തിന് ഉപയോഗിച്ചതോടെ മാനെയെക്കുറിച്ച് കൂടുതൽ അറിയാൻ ചിലർ ശ്രമിച്ചു. എന്നാൽ തനിക്കെതിരേ വന്ന അമ്പുകളൊന്നും അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. വിമർശനങ്ങളെ മുഖവിലക്ക് പോലുമെടുത്തില്ല. പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ചിലർ അദ്ദേഹത്തിൻ്റെ ജീവിതചര്യകളെ പിന്തുടർന്നു. അവർ കണ്ടെത്തിയ കാര്യങ്ങൾ ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് യൂറോ ശമ്പളം വാങ്ങുന്ന ഒരു മനുഷ്യൻ തീർത്തും സാധാരണക്കാരനായി ജീവിക്കുന്നു, ഒപ്പം തന്റെ രാജ്യത്തെ ദരിദ്രജനതക്ക് അയാൾ സാന്ത്വനമാകുന്നു. അവർക്ക് വിദ്യാഭ്യാസം നൽകുന്നു, ജീവനോപാധികൾക്ക് താങ്ങാവുന്നു. ഇതോടെ വിമർശനമുന്നയിച്ചവർ തന്നെ കൈയടിച്ചു. അപ്പോഴും ശാന്തത തുളുമ്പുന്ന മുഖവുമായി മാനെ കളിക്കളത്തിലേക്ക് ബൂട്ടുക്കെട്ടിയിറങ്ങി. അയാൾക്ക് മുന്നിലുള്ളത് ഇനിയും ചെയ്ത് തീർക്കാനുള്ള ജോലികളാണല്ലോ... ബയേൺ മ്യൂണിക്ക് മാനെയെ ലിവർപൂളിൽ നിന്ന് അഞ്ച് ബില്ല്യൺ ഡോളറിന് റാഞ്ചിപ്പറന്നപ്പോൾ ലോകം ചർച്ച ചെയ്തത് അദ്ദേഹം ചെയ്യുന്ന പ്രകാശംപരത്തുന്ന കർമങ്ങളെപ്പറ്റിയായിരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."